ഓസ്ലോ (നോർവെ): നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്നാനന്ദ. ഓസ്ലോയിൽ നടന്ന ടൂർണമെന്റിന്റെ അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയാണ് ഇരുപതുകാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 18 പോയിന്റുകൾ നേടിയാണ് പ്രഗ്‌നാനന്ദ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

To advertise here,

2013-ൽ ഈ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോ നേടാൻ കഴിയാത്ത കിരീടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്.

ടൂർണമെന്റിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസൺ, ഗുകേഷ് എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു പ്രഗ്നാനന്ദയുടെ മുന്നേറ്റം. ടൂർണമെന്റിന്റെ പകുതി ഘട്ടത്തിൽ ചില തിരിച്ചടികൾ നേരിട്ടെങ്കിലും, പിന്നീട് ഉജ്ജ്വലമായ പ്രകടനത്തിലൂടെ പ്രഗ്നാനന്ദ പോയന്റ് പട്ടികയിൽ മുന്നിലെത്തുകയായിരുന്നു. അലിറെസ ഫിറൂജ, കാൾസൺ, ഡി. ഗുകേഷ് എന്നിവർക്കെതിരേ നേടിയ വിജയങ്ങളാണ് നിർണായകമായത്.

ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസണെ ഒരു ടൂർണമെന്റിൽ തന്നെ രണ്ട് തവണ ക്ലാസിക്കൽ ചെസ്സിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും പ്രഗ്നാനന്ദ മാറി. ഇതിനുമുമ്പ് ഇതിഹാസ താരം വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. കൂടാതെ, 2026-ൽ ക്ലാസിക്കൽ ഗെയിമുകളിൽ കാൾസണെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരം കൂടിയാണ് പ്രഗ്‌നാനന്ദ.

ലോക ചാമ്പ്യൻ ഡി. ഗുകേഷ്, മാഗ്‌നസ് കാൾസൺ, അലിറെസ ഫിറൂജ, വെസ്ലി സോ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ടൂർണമെന്റുകളിലൊന്നിലാണ് പ്രഗ്നാനന്ദ ജേതാവായിരിക്കുന്നത്.

ഒമ്പതാം റൗണ്ടിൽ ഗുകേഷിനെതിരെ നേടിയ വിജയം പ്രഗ്‌നാനന്ദയെ കിരീടത്തിന് തൊട്ടടുത്തെത്തിച്ചു. അവസാന റൗണ്ടിൽ വെസ്ലി സോയും അലിറെസ ഫിറൂജയും കിരീടത്തിനായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും, വിൻസെന്റ് കീമറെ തോൽപ്പിച്ചതോടെ പ്രഗ്‌നാനന്ദ കിരീടം ഉറപ്പിക്കുകയായിരുന്നു.

17 പോയിന്റുകൾ നേടിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ രണ്ടാം സ്ഥാനത്തെത്തി. അലിറെസ ഫിറൂജ (15.5 പോയിന്റ്) മൂന്നാം സ്ഥാനവും, മാഗ്‌നസ് കാൾസൺ (13 പോയിന്റ്) അഞ്ചാം സ്ഥാനവും നേടി. ഡി. ഗുകേഷിന് ഈ ടൂർണമെന്റിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.