തിരുവനന്തപുരം: ‘ഭാവി പ്രവചിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെസ് ബോർഡിൽ അത് സൃഷ്ടിക്കുക എന്നതാണ്’- വിഖ്യാത ചെസ് താരവും ലോക മുൻ ചാമ്പ്യനുമായ ഗാരി കാസ്പറോവിന്റെ വാക്കുകളാണിത്. ലോക ചെസിൽ രാജ്യത്തിന്റെ ഭാവി സൃഷിക്കുന്നതിൽ തനിക്കും പങ്കുണ്ടെന്ന് തുടർച്ചയായി തെളിയിക്കുകയാണ് പതിനൊന്നുകാരി ദിവി ബിജേഷ്.

To advertise here,

ജോർജിയയിലെ ബത്തൂമിയിൽ ജൂണിൽ നടന്ന ഫിഡെ വേൾഡ് കെഡറ്റ് കപ്പിൽ അണ്ടർ 12 പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യനായതാണ് ദിവിയുടെ ഒടുവിലത്തെ നേട്ടം. പാങ്ങപ്പാറയിൽ താമസിക്കുന്ന ബിജേഷിന്റെയും ഐ.ടി. ജീവനക്കാരിയായ പ്രഭയുടെയും മകളാണ്. കഴക്കൂട്ടം അലൻഫെൽഡ്മാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളംപേരോട് മത്സരിച്ചായിരുന്നു ദിവിയുടെ ഇത്തവണത്തെ നേട്ടം. അണ്ടർ പത്ത് വിഭാഗത്തിൽ ചാമ്പ്യനായിരിക്കേയാണ് അണ്ടർ 12-ൽ മാറ്റുരച്ചത്. തുടർച്ചയായി രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടുന്നതിനുള്ള അപൂർവതയും ദിവിയെ തേടിയെത്തി. സ്‌കൂൾസമയം ക്രമീകരിച്ചാണ് മത്സരങ്ങൾക്ക് ഒരുങ്ങുന്നത്. അന്തർദേശീയ തലത്തിൽ ഇതുവരെ 13 സ്വർണമടക്കം 24 മെഡലുകളാണ് ദിവി നേടിയത്. കോമൺവെൽത്ത്, വെസ്‌റ്റേൺ ഏഷ്യ, ഏഷ്യ യൂത്ത് ചാമ്പ്യൻഷിപ്പുകളിലായിരുന്നു നേട്ടം. ദേശീയതലത്തിൽ രണ്ടു സ്വർണം, മൂന്നു വെള്ളി എന്നിവയടക്കം ഏഴ് മെഡലുകൾ നേടി. രണ്ടാം ക്ലാസ് മുതലാണ് ദിവി ചെസ് കളിച്ചുതുടങ്ങിയത്. അന്തർദേശീയ ചെസ് മത്സരങ്ങളുടെ നിയന്ത്രണ അതോറിറ്റിയായ ഫിഡെയുടെ ലോക റാങ്കിങ്ങിലും മുൻനിരയിൽ ദിവിയുണ്ട്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ കാൻഡിഡേറ്റ് മാസ്റ്ററാണ്. മാസ്റ്റേഴ്‌സ് ചെസ് അക്കാദമിയിലെ ശ്രീജിത്ത് ആണ് പരിശീലകൻ. ചെസ് താരമായ ചേട്ടൻ ദേവ്‌നാഥിൽനിന്നാണ് ചെസിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.

രാജ്യാന്തരതലത്തിൽ തുടർച്ചയായി നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും സ്‌പോൺസർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ദിവി അനുഭവിക്കുന്നുണ്ട്. ഐ.ടി. ജീവനക്കാരനായിരുന്ന അച്ഛൻ ബിജേഷ് ഇപ്പോൾ ജോലി ഉപേക്ഷിച്ച് പൂർണസമയം ദിവിയുടെ മത്സരങ്ങൾക്കായി കൂടെനിൽക്കുകയാണ്. മത്സരത്തിനായുള്ള മിക്ക യാത്രകൾക്കും വൻ തുകയാണ്‌ ചെലവാകുന്നത്. ലോകജേതാവായതിൽ ദിവിയെ അഭിനന്ദിച്ച് കത്തെഴുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം നേരിട്ടുകണ്ടും അഭിനന്ദിച്ചിരുന്നു. കായികമന്ത്രി ഒ.വി. െജനീഷും ദിവിയെ ഫോണിൽ ബന്ധപ്പെട്ട് സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനംചെയ്തു. സർക്കാർ ഉൾപ്പെടെ ഇടപെട്ട് സ്‌പോൺസറെ കണ്ടെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ദിവി.