ന്യൂഡൽഹി: 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിലേക്ക് 36,441 കോടി രൂപയുടെ സംയോജിത വിഹിതത്തോടെ വിപുലീകരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള വർധിപ്പിച്ച ധനസഹായ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ കായിക വികസന പദ്ധതിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുൻ ഖേലോ ഇന്ത്യ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പദ്ധതിയുടെ ധനവിഹിതം ഏകദേശം എട്ടിരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്.
ഖേലോ ഭാരത് നയം, ദേശീയ വിദ്യാഭ്യാസ നയം എന്നിവയുടെ ലക്ഷ്യങ്ങളോട് യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം,ശാരീരിക ക്ഷമത, സാങ്കേതികവിദ്യ തുടങ്ങി ഉയർന്ന നിലവാരത്തിലുള്ള പരിശീലനം എന്നിവയെ കായികരംഗവുമായി സമന്വയിപ്പിക്കുന്നതിനൊപ്പം, 2030 കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യയുടെ ഒളിമ്പിക്-പാരാലിമ്പിക്‌സ് ആതിഥേയത്വ ലക്ഷ്യത്തിനും ദീർഘകാല അടിത്തറയൊരുക്കുന്നതാണ് പദ്ധതി.
പ്രതിഭകളെ കണ്ടെത്തൽ മുതൽ ശാസ്ത്രീയ പരിശീലനവും അന്താരാഷ്ട്ര മത്സരങ്ങൾ, ഒളിമ്പിക്‌സ് തയ്യാറെടുപ്പ് എന്നിങ്ങനെ ഓരോ ഘട്ടത്തിലും യുവ കായികതാരങ്ങൾക്ക് സമഗ്രമായ പിന്തുണ ഉറപ്പാക്കും. നാഷണൽ സെന്റേഴ്സ് ഓഫ് എക്സലൻസ്, ഖേലോ ഇന്ത്യ സെന്റേഴ്സ് ഓഫ് എക്സലൻസ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ട്രെയിനിംഗ് സെന്ററുകൾ, ഖേലോ ഇന്ത്യ അക്രഡിറ്റഡ് അക്കാദമികൾ, ഖേലോ ഇന്ത്യ സെന്ററുകൾ, സായുധ സേനയുടെ യൂത്ത് സ്പോർട്സ് കമ്പനികൾ എന്നിവ ഉൾപ്പെടുന്ന ഏകീകൃത ദേശീയ കായിക ശൃംഖലയാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുന്നത്. രാജ്യത്തുടനീളം ലോകോത്തര പരിശീലനവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാകും.
സ്കൂൾ കായികരംഗം ശക്തിപ്പെടുത്തുന്നതിനായി ഖേലോ ഇന്ത്യ ഫീഡർ സ്കൂളുകൾ, ഖേലോ ഇന്ത്യ ഉത്കൃഷ്ട വിദ്യാലയങ്ങൾ എന്നീ രണ്ട് പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും കായികവും സമന്വയിപ്പിച്ച്, പ്രതിഭകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
നിലവിലുള്ള ഖേലോ ഇന്ത്യ അത്‌ലറ്റ് പദ്ധതിയോടൊപ്പം എമർജിംഗ് ഖേലോ ഇന്ത്യ അത്‌ലറ്റ്സ് എന്ന പുതിയ വിഭാഗം രൂപീകരിക്കുന്നതാണ് പദ്ധതിയിലെ പ്രധാന പരിഷ്‌കാരം. ആയിരക്കണക്കിന് യുവതാരങ്ങൾക്ക് വിദഗ്ധ പരിശീലനം, ശാസ്ത്രീയ പിന്തുണ, ദീർഘകാല മാർഗനിർദ്ദേശം എന്നിവ ലഭ്യമാകും. ടാലന്റ് ഐഡന്റിഫിക്കേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റികൾ, സോണൽ കമ്മിറ്റികൾ, ടാലന്റ് സ്കൗട്ടുകൾ, ഹൈ പെർഫോർമൻസ് ഡയറക്ടർമാർ, ഹൈ പെർഫോർമൻസ് മാനേജർമാർ എന്നിവർ ഉൾപ്പെടുന്ന സംവിധാനത്തിലൂടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രതിഭകളെ കണ്ടെത്തുകയും തുടർച്ചയായി വിലയിരുത്തുകയും ചെയ്യും.
സ്കൂൾ, സർവകലാശാല, തുടങ്ങി മേഖലാതലങ്ങളിൽ, കായിക ഇനാടിസ്ഥാനത്തിലുള്ള ലീഗുകൾ, ദേശീയ ചാമ്പ്യൻഷിപ്പുകൾ എന്നിവയ്ക്ക് പിന്തുണ നൽകി യുവതാരങ്ങൾക്ക് തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒരുക്കും. വനിതാ കായികതാരങ്ങൾ , പാരാ അത്‌ലറ്റുകൾ, തദ്ദേശീയ കായിക ഇനങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. ദേശീയ ഗെയിംസിന്റെയും ഇന്ത്യയിൽ നടക്കുന്ന പ്രധാന അന്താരാഷ്ട്ര കായികമത്സരങ്ങളുടെയും നടത്തിപ്പിനും പദ്ധതി പിന്തുണ നൽകും.
Content Highlights: Allocation of ₹36,441 crore for the period 2026-27 to 2030-31., Eight-fold increase in funding compared to the previous version
Published: 02 Aug 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented