മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിൽ യു.പി. വിഭാഗത്തിൽ 86 ശതമാനം സ്കൂളുകളിലും ഹൈസ്കൂൾ വിഭാഗത്തിൽ 45 ശതമാനത്തിലും കായികാധ്യാപകരില്ല. ആകെയുള്ളത് 1,800-ൽ താഴെ കായികാധ്യാപകർ മാത്രം.
എയ്ഡഡ്, ഗവൺമെന്റ് മേഖലകളിലായി 30 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്നിടത്താണിത്. കായിക പരിശീലനത്തിന് പുറമേ ‘ആരോഗ്യ കായികവിദ്യാഭ്യാസം’എന്ന വിഷയം പഠിപ്പിക്കാനുമുണ്ട്. അതിൽ പരീക്ഷകളും നടത്തണം. അത്‌ലറ്റിക്സ്, ഗെയിംസ്, കായികമേളകൾ എന്നിവയുടെ നടത്തിപ്പ് ചുമതലയും ഇവർക്കാണ്.
ഹൈസ്കൂളുകളിൽ അഞ്ച് ഡിവിഷനുകൾക്ക് ഒന്ന് എന്ന രീതിയിലാണ് കായികാധ്യാപകനിയമനം. ഹയർസെക്കൻഡറി വിഭാഗത്തിൽ പിരിയഡ് ഉണ്ടെങ്കിലും ഈ വിഭാഗം അധ്യാപകരില്ല. മറ്റു അധ്യാപക തസ്തികകൾ കാലാനുസൃതമായി പരിഷ്കരിക്കുമ്പോഴും കാലങ്ങളായി കായികാധ്യാപകരുടെ നിയമനം നടക്കാതെപോകുന്നു. നിലവിലുള്ള തസ്തികകൾ നിലനിർത്താൻ മാത്രമാണ് നടപടികൾ ഉണ്ടാകുന്നത്. മിക്ക ജില്ലകളിലും യു.പി. വിഭാഗത്തിൽ ആകെ പത്തിൽത്താഴെ അധ്യാപകരേയുള്ളൂ. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓരോ അധ്യാപക തസ്തികയേ യു.പി.യിലുള്ളൂ.
തുല്യവേതനമില്ല എന്ന വിവേചനവും കായികാധ്യാപകർ നേരിടുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ജോലിചെയ്യുമ്പോഴും ഇവർക്ക് പ്രൈമറി അധ്യാപകരുടെ ശമ്പളമേ ലഭിക്കൂ.
കായികാധ്യാപകരാകാൻ ആയിരത്തിലധികം വിദ്യാർഥികളാണ് ഓരോ വർഷവും ബി.പി.എഡ്., എം.പി.എഡ്. പോലുള്ള കോഴ്‌സുകൾ പഠിച്ചിറങ്ങുന്നത്.
എൽ.പി. തൊട്ട് ഹയർസെക്കൻഡറി വരെ കായികപഠനം ഉറപ്പാക്കുക, സ്ഥിരനിയമനത്തിന്റെ ചട്ടങ്ങൾ പരിഷ്കരിക്കുക, തുല്യവേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. യു.ഡി.എഫ്. സർക്കാർ കഴിഞ്ഞമാസം ഈ വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി, അക്കാദമിക് അഡീഷണൽ ഡയറക്ടർ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്.
Content Highlights: Despite over 30 lakh students enrolled across Kerala, a staggering 86 percent of UP schools and 45 percent of high schools lack physical education teachers, leaving fewer than 1,800 teachers statewide to manage physical health education and sports activities.
Published: 23 Jul 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented