മാലിന്യങ്ങൾ നിറഞ്ഞ നദിയെ രണ്ട് കെകൾ കൊണ്ട് വീണ്ടെടുക്കാനാകുമോ? അങ്ങനെ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട് ഒരു നദിക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ് 21-കാരനായ ബിട്ടു തബാഹി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ അജ്‌നാർ നദിയാണ് ബിട്ടു എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി വൃത്തിയാക്കിയെടുത്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ബിട്ടു നിമിഷനേരത്തിനുള്ളിൽ ഹീറോയായി മാറി. ഒരു ഡച്ച് സംഘടനയിൽ നിന്നുള്ള വമ്പൻ ജോലി വാഗ്ദ്ധാനവും ബിട്ടുവിനെ തേടിയെത്തി.

To advertise here,

ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സണും ബിട്ടുവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ നീണ്ടൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. മറ്റുള്ളവർ തുടങ്ങുന്നതിനായി കാത്തിരിക്കാതെ സ്വന്തമായി മുന്നോട്ടുവന്ന് സ്വയം ഏറ്റെടുക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ യാഥാർഥ്യമാകുന്നതെന്ന് പീറ്റേഴ്‌സൺ കുറിച്ചു.

'ഞാൻ ഇന്ന് രാവിലെ ഈ കഥ വായിച്ചു. അത് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങൾ, ഭായ്! 21-ാം വയസ്സിൽ ബിട്ടു തബാഹി കയ്യുറകളോ ബൂട്ടുകളോ ഇല്ലാതെ, നീന്താൻ പോലും അറിയാതെ മലിനമായ ഒരു നദിയിലേക്ക് ഇറങ്ങി അത് ശുചീകരിക്കാൻ തുടങ്ങി. മധ്യപ്രദേശിലെ ബിയോറയിലെ ഒരു അമ്പലത്തിന് സമീപമുള്ള അജ്‌നാർ നദി, പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും കാരണം ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. 2026 ജനുവരി 26-ന് അദ്ദേഹം അത് ശുചീകരിക്കാൻ തുടങ്ങി. പൂജാ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റാനും ടൂളുകളും ഡസ്റ്റ്ബിനുകളും വാങ്ങാൻ സുഹൃത്തുക്കളിൽ നിന്ന് പണം ശേഖരിക്കാനും അദ്ദേഹം തയ്യാറായി. ഈ പ്രയത്‌നത്തിന് അദ്ദേഹത്തിന് ഏകദേശം 30,000 രൂപ ചെലവഴിക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ കൈകളിൽ അണുബാധയുമുണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനം സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകളിലേക്കെത്തി. ചിലർ ഇത് ലൈക്കുകൾക്ക് വേണ്ടി മാത്രമാണെന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തി. ബിട്ടുവിന്റെ കുടുംബപ്പേര് 'തബാഹി' (വിനാശം) എന്നാണ്. ഇന്ന് അദ്ദേഹം മറ്റൊന്നുകൂടി നശിപ്പിക്കാൻ ശ്രമിക്കുകയാണ്: ജലമലിനീകരണം. മാറ്റം ആരംഭിക്കുന്നത് മറ്റൊരാൾ തുടങ്ങുന്നതിനായി ഒരാൾ കാത്തുനിൽക്കുന്നത് അവസാനിപ്പിക്കുമ്പോഴാണ്. ഇതൊരു വീരോചിതമായ പ്രവൃത്തിയാണ്! അന്താരാഷ്ട്ര അംഗീകാരം അർഹിക്കുന്നു!' പീറ്റേഴ്‌സൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആരാണ് ബിട്ടു തബാഹി?

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയോറയിൽ നിന്നുള്ള ബിഎസ്‌സി വിദ്യാർഥിയും പരിസ്ഥിതി പ്രവർത്തകനുമാണ് 'ബിട്ടു തബാഹി' (യഥാർത്ഥ പേര് സുരേന്ദ്ര സിംഗ് ചൗധരി). അജ്‌നാർ നദിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപം അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും പായലും ചെളിയും കണ്ട് മനംമടുത്ത ബിട്ടു ഔദ്യോഗിക നടപടികൾക്കായി കാത്തിരിക്കാതെ നദി ശുദ്ധീകരിക്കാൻ തുടങ്ങി. റിപ്പബ്ലിക് ദിനമായ ജനുവരി 26-നാണ് അദ്ദേഹം തന്റെ ശുചീകരണ യജ്ഞം ആരംഭിച്ചത്.

തുടക്കത്തിൽ കുറച്ച് സുഹൃത്തുക്കളോടൊപ്പമാണ് തുടങ്ങിയതെങ്കിലും, ഈ സംരംഭം പെട്ടെന്ന് തന്നെ വലിയൊരു ഒറ്റയാൾ ദൗത്യമായി മാറി. അടിസ്ഥാനപരമായ ഉപകരണങ്ങൾ ഉപയോഗിച്ചും കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും നീന്താൻ പോലും അറിയാതെയും അദ്ദേഹം നദിയിൽ നിന്ന് ടൺ കണക്കിന് മാലിന്യങ്ങൾ സ്വന്തമായി നീക്കം ചെയ്തു. നദി പുനരുജ്ജീവിപ്പിക്കുന്നതിനായി ശുചീകരണ സാമഗ്രികൾ ഒരുക്കാൻ അദ്ദേഹം തന്റെ സ്വന്തം പണമാണ് ചെലവഴിച്ചത്.

'ദി ഓഷ്യൻ ക്ലീനപ്പ്' (The Ocean Cleanup) എന്ന സംഘടനയുടെ സ്ഥാപകനും സിഇഒയുമായ ബോയാൻ സ്ലാറ്റ്, ബിട്ടുവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് എക്‌സിൽ വന്ന ഒരു പോസ്റ്റ് കാണുകയും തന്റെ സംഘടനയിൽ ജോലി ചെയ്യാൻ അദ്ദേഹത്തിന് അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു.