തിരുവനന്തപുരം: ഏഴു വര്‍ഷം മുമ്പാണ്...പഞ്ചാബിലെ അമൃത്‌സറില്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് നടക്കുന്നു. 2018 എന്ന ആ വര്‍ഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കരാട്ടെ ആദ്യമായി ഉള്‍പ്പെടുത്തി. 'സീനിയര്‍' എന്ന ഒറ്റവിഭാഗം മാത്രം. പെണ്‍കുട്ടികളില്‍ 32 കിലോയില്‍ താഴെയുള്ള വിഭാഗത്തില്‍ സംസ്ഥാനതല സ്വര്‍ണം നേടിയത് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ ബിവിയുപിഎസ്സിലെ ആറാം ക്ലാസ്സുകാരി ഫിദ ഹാജത്ത് ആയിരുന്നു. അമൃത്‌സറില്‍ കരാട്ടെകളത്തില്‍ ഇറങ്ങിയ ഫിദ ഞെട്ടി, എതിരാളി ഒരു പ്ലസ്ടുക്കാരി....19 വയസ്സിന് താഴെയുള്ള വിഭാഗത്തിലെ 32 കിലോക്കാരിയായിരുന്നു അത്. അന്ന് ഫിദയ്ക്ക് വെങ്കലമേ കിട്ടിയുള്ളു. ദേശീയ സ്‌കൂള്‍ ഗെയിംസിലെ കേരളത്തിന്റെ ആദ്യ കരട്ടെ മെഡലായിരുന്നു അത്. അതിന് ശേഷവും ഫിദ മത്സരിച്ചു ദേശീയതലത്തില്‍ വീണ്ടുമൊരു വെങ്കലവും വെള്ളിയും നേടി. ഫിദയുടെ സ്‌കൂള്‍ പഠനം കഴിഞ്ഞ് ബിരുദ വിദ്യാര്‍ഥിയായി...പക്ഷെ അന്നത്തെ കരാട്ടെയിലെ പ്രശ്‌നം ഇന്നും അതുപോലെ തന്നെ...ഇവിടെ എല്ലാവരും 'സീനിയര്‍ മോസ്റ്റ്' ആണ്.

To advertise here,

 

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ജര്‍മന്‍ പന്തലിനുള്ളില്‍ കരാട്ടെ മത്സരങ്ങള്‍ നടക്കുന്നിടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും കുട്ടികള്‍ക്ക് എതിരാളികളായി കിട്ടുന്നത് ചേട്ടന്‍മാരേയും ചേച്ചിമാരേയുമാണ്. മാര്‍ഷല്‍ ആര്‍ട്‌സില്‍ ഏറ്റവും അധികം കുട്ടികള്‍ മത്സരിക്കാനുള്ളതും കരാട്ടെയിലാണ്. 390 പേരോളമാണ് സീനിയറിലെ വിവിധ ശരീരഭാര വിഭാഗങ്ങളില്‍ മത്സരിക്കുന്നത്. എന്നാല്‍ ദേശീയ സ്‌കൂള്‍ ഗെയിംസിലെ സ്ഥിതി ഇതല്ല. അവിടെ അണ്ടര്‍14, അണ്ടര്‍17, അണ്ടര്‍19 എന്നീ വിഭാഗങ്ങളുണ്ട്. കേരളത്തില്‍ അണ്ടര്‍19 മാത്രമേയുള്ളു എന്നതിനാല്‍ പ്രായം നന്നേ കുറവാണെങ്കിലും ദേശീയതലത്തില്‍ അണ്ടര്‍14,17 വിഭാഗങ്ങളില്‍ മത്സരിക്കാനാകില്ല.

 

സീനിയര്‍ എന്ന ഒറ്റവിഭാഗത്തില്‍ മാത്രം പെണ്‍കുട്ടികള്‍ക്ക് 32, 36, 40, 44, 48, 56, 60, 62, 64, 68, എന്നിങ്ങനയുള്ള കിലോഗ്രാം ഭാരത്തിന് താഴെയും 68 കിലോഗ്രാമിന് മുകളിലുമായി 11 ഇനങ്ങളുണ്ട്. ആണ്‍കുട്ടികള്‍ക്ക് 35, 40, 45, 50, 54, 58, 62, 66, 70, 74, 78, 82 എന്നിങ്ങനയുള്ള കിലോഗ്രാം ഭാരത്തിന് താഴെയും 82 കിലോഗ്രാമിന് മുകളിലുമായി 13 ഇനങ്ങളുണ്ട്. ഇങ്ങനെ ഇരുവിഭാഗങ്ങളിലുമായി 24 ഒന്നാം സ്ഥാനക്കാരാണ് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുക. അണ്ട14, 17 വിഭാഗങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണം 72 ആയേനെ. ഇതിന് പുറമേ സംസ്ഥാനതലത്തില്‍ കരാട്ടെയിലൂടെ ഗ്രേസ് മാര്‍ക്ക് കിട്ടുന്ന കുട്ടികളുടെ എണ്ണവും കൂടിയേനെ. ഒറ്റവിഭാഗം മാത്രമായതിനാല്‍ കഴിവുള്ള നിരവധി കുട്ടികളുടെ അവസരമാണ് ഇല്ലാതാകുന്നത്. പൊതുവിദ്യാഭ്യവകുപ്പിന് മുന്നില്‍ ഈ പ്രശ്‌നമുണ്ടെങ്കിലും ആ കരാട്ടെ ഫയല്‍ ഒരു 'കിക്കു' പോലും കിട്ടാതെ ഉറക്കത്തിലാണ്.