ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനം പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് ഹിമാൻഷു ധില്ലൻ. 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനലിൽ ചൈനയുടെ ഷെങ് ലിഹാവോ 233.0 പോയന്റോടെ സ്വർണം നേടിയപ്പോൾ, 231.0 പോയന്റ് നേടിയാണ് ഹിമാൻഷു വെള്ളി മെഡൽ കഴുത്തിലണിഞ്ഞത്. ഫൈനലിലെ അവസാന ഷോട്ടിൽ ഇരു താരങ്ങളും 10.6 പോയിന്റ് വീതം നേടിയിരുന്നു.
തന്റെ കന്നി ഏഷ്യൻ ഗെയിംസിനിറങ്ങിയ ഹിമാൻഷു തികഞ്ഞ ശാന്തതയോടെയും ആത്മനിയന്ത്രണത്തോടെയുമാണ് ഫൈനലിൽ മത്സരിച്ചത്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ നേടിയ 10.9 പോയിന്റാണ് ഹിമാൻഷുവിനെ മത്സരത്തിൽ നിലനിർത്തിയത്. 22 ഷോട്ടുകൾക്ക് ശേഷം സഹതാരം രുദ്രാങ്ക്ഷ് പാട്ടീൽ പുറത്തായതോടെ ഹിമാൻഷു മെഡൽ ഉറപ്പിച്ചു. പിന്നീട് പോരാട്ടം സ്വർണ മെഡലിനായായിരുന്നു. വിട്ടുകൊടുക്കാൻ ഷെങ് ലിഹാവോ തയ്യാറായിരുന്നില്ല. അതോടെ വാശിയേറിയ പോരാട്ടമാണ് പിന്നീട് ഷൂട്ടിങ് റേഞ്ചിൽ കണ്ടത്.
ഇതിനു മുമ്പ് നടന്ന 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഹിമാൻഷു വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ക്വാളിഫിക്കേഷനിൽ ഹിമാൻഷു 630.0 പോയിന്റും, രുദ്രാങ്ക്ഷ് പാട്ടീൽ 631.8 പോയിന്റും, പാർഥ് മാനെ 628.3 പോയിന്റും നേടി ആകെ 1890.1 പോയിന്റോടെയാണ് ഇന്ത്യൻ സംഘം രണ്ടാമതെത്തിയത്.
ഹരിയാണയിലെ ജിന്ദ് സ്വദേശിയായ ഹിമാൻഷു ധില്ലന്റെ കായിക യാത്ര അൽപം വേറിട്ടതായിരുന്നു. ഹിമാൻഷു ആദ്യമായി തിരഞ്ഞെടുത്ത കായിക ഇനം ഷൂട്ടിങ്ങായിരുന്നില്ല, മറിച്ച് ഗുസ്തിയായിരുന്നു. ഒളിമ്പ്യനായ അമ്മാവൻ ഹർദീപ് സിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിമാൻഷു ഗോദയിലേക്കെത്തിയത്. എന്നാൽ ഗുസ്തി പരിശീലനം വളരെ കഠിനമായതിനാൽ അത് തനിക്ക് ചേർന്നതല്ലെന്ന് തിരിച്ചറിഞ്ഞ ഹിമാൻഷു പിന്നീട് പരിശീലനം അവസാനിപ്പിക്കുകയായിരുന്നു.
പഠനത്തിൽ ഒട്ടും തന്നെ താത്പര്യമില്ലായിരുന്നു ഹിമാൻഷുവിന്. എന്നാൽ കഠിനാധ്വാനം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ കർഷകനായ പിതാവ് അവനെ വയലിൽ കൊണ്ടുപോയി ജോലികൾ ചെയ്യിപ്പിച്ചു. ഈ അനുഭവം പഠനത്തോടുള്ള താത്പര്യം വർധിപ്പിച്ചില്ലെങ്കിലും ഭാവിയുടെ കാര്യം ചിന്തിക്കാൻ ഇത് ഹിമാൻഷുവിനെ പ്രേരിപ്പിച്ചു.
തുടർന്നാണ് വീടിന് അടുത്തുള്ള ഷൂട്ടിങ് റേഞ്ചിലേക്ക് വലിയ പദ്ധതികളൊന്നുമില്ലാതെയാണ് ഹിമാൻഷു നടന്നു കയറിയത്. പിന്നീട് വന്ന കോവിഡ്-19 ലോക്ക്ഡൗൺ കാലഘട്ടം പൂർണമായും ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.
ജൂനിയർ തലത്തിൽ ഇതിനോടകം നിരവധി നേട്ടങ്ങൾ ഹിമാൻഷു സ്വന്തമാക്കിയിട്ടുണ്ട്. 2025-ൽ ന്യൂഡൽഹിയിൽ നടന്ന രാജ്യാന്തര ഷൂട്ടിങ് സ്‌പോർട്ട് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) ജൂനിയർ ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിലും മിക്‌സഡ് ടീം ഇനത്തിലും സ്വർണവും, സുഹ്ലിൽ നടന്ന മത്സരത്തിൽ വെങ്കലവും നേടി.
പിന്നീട് 2026-ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ റൈഫിൾ/പിസ്റ്റൾ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിലും മിക്‌സഡ് ടീം ജൂനിയർ ഇനത്തിലും സ്വർണം നേടി. മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലാണ് സീനിയർ തലത്തിൽ ഹിമാൻഷു അരങ്ങേറ്റം കുറിക്കുന്നത്. ക്വാളിഫിക്കേഷനിൽ 635.7 പോയിന്റോടെ ഒമ്പതാം സ്ഥാനത്തെത്താൻ സാധിച്ചു.
അവിടെ നിന്നും ഇപ്പോൾ ഏഷ്യൻ ഗെയിംസിലും താരം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.
Content Highlights: Himanshu Dhillon secured silver in the men's 10m air rifle individual and team events at the Asian Games., He scored 231.0 points in the individual final, closely trailing China's Sheng Lihao., Transitioned from wrestling to shooting due to family inspiration and rigorous training conditions., Achieved significant success in ISSF Junior World Cups and Asian championships prior to the Asian Games.
Published: 21 Sept 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented