ബെംഗളൂരു: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങിയ നാല് ആരാധകര്‍ അറസ്റ്റില്‍. ബെംഗളൂരു ചിന്നസ്വാമി ഗ്രൗണ്ടില്‍ പ്രവേശിച്ച് വിരാട് കോലിക്കൊപ്പം ഇവര്‍ സെല്‍ഫിയെടുത്തിരുന്നു. ഈ നാലു പേരേയും അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും കബ്ബണ്‍ പാര്‍ക്ക് പോലീസ് വ്യക്തമാക്കി. 

To advertise here,

നാലു ആരാധകരില്‍ ഒരാള്‍ കലബുറഗി സ്വദേശിയാണ്. മറ്റു മൂന്നു പേരും ബെംഗളൂരു സ്വദേശികളാണെന്നും പോലീസ് പറയുന്നു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഗ്രൗണ്ടില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനില്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റു ചെയ്യുമ്പോഴാണ് ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയത്.

ആ സമയത്ത് മുഹമ്മദ് ഷമിയുടെ പന്തുകൊണ്ട കുശാല്‍ മെന്‍ഡിസിനെ ടീം ഡോക്ടര്‍മാര്‍ പരിശോധിക്കുകയായിരുന്നു. ആ ഇടവേളയില്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ഇവര്‍ അമ്പയര്‍മാരും കളിക്കാരും നോക്കിനില്‍ക്കെ വിരാട് കോലിയുടെ അടുത്തെത്തി. ഒരാള്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണെടുത്ത് കോലിയുടെ അനുവാദത്തോടെ സെല്‍ഫിയുമെടുത്തു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ ഓടിച്ചിട്ട് പിടികൂടി ബലം പ്രയോഗിച്ച് ഗ്രൗണ്ടിന് പുറത്തേക്കു കൊണ്ടുപോയി. ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.