
ഗോളിലെ ലങ്കയായിരുന്നില്ല, കൊളംബോയിലേത്. ഫോളോ-ഓൺ ചെയ്യപ്പെട്ടിട്ടും അസാമാന്യ പോരാട്ടവീര്യത്തോടെ ലങ്ക കളിച്ചു. അത് തകർക്കാൻ ഇന്ത്യയുടെ പേരുകേട്ട ബൗളിങ്ങിനായില്ല. വിജയത്തോളം പോന്ന സമനിലയോടെ ലങ്ക മടങ്ങുമ്പോൾ തിരിച്ചടി ഇന്ത്യക്കാണ്. പരമ്പര നേടിയ സന്തോഷമല്ല, മറിച്ച് ജയിക്കാനാവാത്തതിന്റെ നിരാശയാണ് ഗില്ലിനും സംഘത്തിനും. പരമ്പര തൂത്തുവാരാനാവാതെ വന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റു.
മാത്രമല്ല, മത്സരത്തിൽ ലങ്കയെ ഫോളോ-ഓണിനയച്ച ഇന്ത്യയുടെ തീരുമാനവും വിമർശിക്കപ്പെടുകയാണ്. ഫോളോ-ഓണിനയക്കാതെ ഇന്ത്യ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങണമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ആ വിമർശനങ്ങൾക്ക് പക്ഷേ ഗില്ലിന് കൃത്യമായ മറുപടിയുണ്ട്.
"ഫോളോ-ഓൺ തിരിച്ചടിച്ചെന്ന് ഞാൻ പറയില്ല. നാലാം ദിവസമോ അഞ്ചാം ദിവസമോ മോശം കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണ്ടിരുന്നു. ഞങ്ങൾ ആ റിസ്ക് എടുക്കാൻ ആഗ്രഹിച്ചു."- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഗിൽ ഇങ്ങനെ പറഞ്ഞുവെക്കുന്നു.
"ഞങ്ങൾ നാലാം ദിവസം വീണ്ടും ബാറ്റ് ചെയ്ത് 200 റൺസെടുത്ത് അവർക്ക് 400 റൺസിന് അടുത്തുള്ള ലക്ഷ്യം നൽകണമായിരുന്നോ? അതോ ഞങ്ങൾ അവരെ ഫോളോ-ഓണിന് അയക്കണമായിരുന്നോ? ഞങ്ങളുടെ തീരുമാനം ഇതായിരുന്നു. ഞങ്ങൾ ഫോളോ-ഓൺ നൽകിയില്ലായിരുന്നെങ്കിൽ, മഴ പെയ്തിരുന്നെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ ഫോളോ-ഓൺ നടപ്പാക്കാത്തത് എന്ന് നിങ്ങൾ ചോദിക്കുമായിരുന്നു. ആ സാഹചര്യത്തിൽ സാധ്യമായ ഏറ്റവും മികച്ച തീരുമാനം എടുക്കേണ്ടതുണ്ട്. അതിനാൽ, ഫോളോ-ഓൺ തിരിച്ചടിച്ചെന്ന് ഞാൻ കരുതുന്നില്ല. ലങ്കയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നു."-ഗിൽ തുറന്നുപറഞ്ഞു
ലങ്കയുടെ ഒന്നാമിന്നിങ്സ് 290 റൺസിന് അവസാനിച്ചതോടെ ഇന്ത്യയ്ക്ക് 213 റൺസ് ലീഡ് ലഭിച്ചിരുന്നു. ഇതോടെയാണ് ലങ്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തീരുമാനിച്ചത്. എന്നാൽ, രണ്ടാമിന്നിങ്സിൽ ലങ്കൻ ബാറ്റർമാർ ചെറുത്തുനിന്നതോടെ പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻ മോഹം പൊലിഞ്ഞു. ഒന്നാമിന്നിങ്സിൽ സെഞ്ചുറി നേടി ലങ്കൻ ഇന്നിങ്സിന് കരുത്തായ സോണൽ രണ്ടാമിന്നിങ്സിൽ 133 റൺസോടെ പുറത്താവാതെ നിന്നതോടെയാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയേറ്റത്. പസിന്ദു സൂര്യഭണ്ഡാര, കമിന്ദു മെൻഡിസ്, കേശാര നുവാന്ത, കമിൽ മിഷാര എന്നിവരും പൊരുതി. മെൻഡിസും സൂര്യഭണ്ഡാരയും മൂന്നാം വിക്കറ്റിൽ 115 റൺസും ദിനുഷയും നുവാന്തയും ഏഴാം വിക്കറ്റിൽ 112 റൺസും കൂട്ടിച്ചേർത്താണ് ലങ്കയെ കരകയറ്റിയത്.
പരമ്പര തൂത്തുവാരി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ മുന്നേറാമെന്നായിരുന്നു ഗില്ലിന്റെയും സംഘത്തിന്റെയും പദ്ധതി. എന്നാൽ, രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. പോയന്റ് ശതമാനത്തിൽ ഇടിവും സംഭവിച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനെ മറികടക്കാൻ ഇന്ത്യക്കായിട്ടില്ല. ലങ്ക ആറാം സ്ഥാനത്തും തുടരുന്നു.
11 മത്സരങ്ങളിൽ നിന്ന് ജയവും നാല് തോൽവിയും രണ്ട് സമനിലയുമടക്കം 68 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ 51.52 ആണ് പോയന്റ് ശതമാനം. നേരത്തേയുണ്ടായിരുന്ന പോയന്റ് ശതമാനം 53.33 ആയിരുന്നു. ലങ്കൻ ടെസ്റ്റ് സമനിലയായതോടെ പോയന്റ് ശതമാനത്തിൽ ഇടിവുണ്ടായി. ബംഗ്ലാദേശാണ് പട്ടികയിൽ നാലാമത്. ഓസീസിനെതിരായ ടെസ്റ്റ് തോൽവിയോടെ പോയന്റ് ശതമാനം 55.56 ലേക്ക് കൂപ്പുകുത്തി. ന്യൂസീലൻഡ് മൂന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. കിവീസിന് 72.22 പോയന്റ് ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് 75 പോയന്റ് ശതമാനവുമുണ്ട്. പട്ടികയിൽ തലപ്പത്ത് ഓസ്ട്രേലിയ തന്നെയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി 80 പോയന്റ് ശതമാനമുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരങ്ങൾ അതിനിർണായകമാണ്. ഏഴ് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ന്യൂസീലൻഡിൽ രണ്ടും ഓസ്ട്രേലിയക്കെതിരേ നാട്ടിൽ അഞ്ച് ടെസ്റ്റും. എല്ലാ മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാം. വിജയങ്ങളുടെ എണ്ണം കുറയും തോറും ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേൽക്കും. മാത്രമല്ല, മറ്റ് മത്സരഫലങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ട്. ഗില്ലും സംഘവും അദ്ഭുതങ്ങൾ കാണിക്കുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
Content Highlights: Colombo Test ended in a draw after a resilient fightback by Sri Lanka., Indian captain Shubman Gill defended the decision to enforce the follow-on., The draw reduced India's points percentage, keeping them fifth in the WTC standings
Published: 29 Aug 2026, 11:55 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented