കൊളംബോ: ശ്രീലങ്കയ്ക്കെതിരായ കൊളംബോ ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും സംഘത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയെപ്പോലൊരു കരുത്തുറ്റ വ്യക്തിത്വത്തിന്റെ അഭാവം ഇന്ത്യൻ നിരയിൽ പ്രകടമായിരുന്നുവെന്ന് കൈഫ് അഭിപ്രായപ്പെട്ടു. കോലിയുടെ കളിക്കളത്തിലെ ഊർജസ്വലത ഫലം ഇന്ത്യയ്ക്ക് അനുകൂലമാക്കുമായിരുന്നുവെന്നും കൈഫ് അഭിപ്രായപ്പെട്ടു.

To advertise here,

ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിച്ചതിന് ശേഷവും രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കൻ ടീം ഡിക്ലറേഷന് തീരുമാനിക്കും മുമ്പ് തന്നെ ഇന്ത്യൻ കളിക്കാരുടെ പോരാട്ടവീര്യം ചോർന്നുപോയിരുന്നുവെന്നും കൈഫ് പറഞ്ഞു. വിക്കറ്റ് വീഴ്ത്താനാകാതെ തളർന്ന താരങ്ങളുടെ ശരീരഭാഷ കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഇതിനകം തന്നെ ഉറപ്പിച്ച മട്ടിലായിരുന്നു. സോണൽ ദിനുഷയുടെ സെഞ്ചുറിയുടെയും വാലറ്റത്തിന്റെ ശക്തമായ പ്രതിരോധത്തിന്റെയും കരുത്തിലാണ് ശ്രീലങ്ക മത്സരം സമനിലയിലാക്കിയത്.

ഈ സമനില ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ഇന്ത്യയുടെ പോയിന്റ് ശതമാനം 51.53 ആയി കുറഞ്ഞു. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

അഞ്ചാം ദിനം കളി ആരംഭിക്കുമ്പോൾ മത്സരം പൂർണമായി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. ലങ്കയ്ക്ക് നാലു വിക്കറ്റുകൾ മാത്രം ബാക്കിനിൽക്കെ വെറും 16 റൺസിന്റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ദിനുഷയുടെ സെഞ്ചുറിയും വാലറ്റത്തിന്റെ ചെറുത്തുനിൽപ്പും അവരുടെ ലീഡ് 176 റൺസിൽ എത്തിച്ചു.

''ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. ഇത് വളരെ ദൈർഘ്യമേറിയ മത്സരമാണ്. നിരന്തരം ബൗൾ ചെയ്യേണ്ടി വരും. വിരാട് കോലി കളിച്ചിരുന്നെങ്കിൽ അദ്ദേഹം നിരന്തരം സംസാരിക്കുകയും ടീമംഗങ്ങളെ ഉണർത്തി നിർത്തുകയും ചെയ്യുമായിരുന്നു,'' - കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പന്ത് ടേൺ ചെയ്യുന്നുണ്ടല്ലോ, അതുകൊണ്ട് വിക്കറ്റ് തനിയെ വീണുകൊള്ളും എന്ന തരത്തിൽ കാര്യങ്ങളെ ഇന്ത്യ നിസ്സാരമായി കണ്ടുവെന്നും കൈഫ് കുറ്റപ്പെടുത്തി. ഇന്ത്യ സ്വയം അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഊർജ്ജസ്വലത കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോലി ഉണ്ടായിരുന്നെങ്കിൽ സർഫറാസ് ഖാൻ, യശസ്വി ജയ്സ്വാൾ തുടങ്ങിയ യുവതാരങ്ങൾക്ക് നിരന്തരം പ്രോത്സാഹനങ്ങൾ നൽകുമായിരുന്നുവെന്നും എതിർ താരങ്ങളുമായി കൊമ്പുകോർക്കുമായിരുന്നു എന്നും കുമാരയുമായുള്ള ഇന്ത്യയുടെ ഏറ്റുമുട്ടലുകളെ പരാമർശിച്ചുകൊണ്ട് കൈഫ് ഓർമിപ്പിച്ചു.

ഇന്ത്യയെ 68 മത്സരങ്ങളിൽ നയിച്ച് റെക്കോർഡ് 40 വിജയങ്ങൾ സമ്മാനിച്ച വിരാട് കോലി കഴിഞ്ഞ വർഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.