ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്.സി.എ.) പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഈ വിഷയത്തില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. 

To advertise here,

ചോദ്യംചെയ്യലിനായി അസ്ഹറുദ്ദീനോട് വ്യാഴാഴ്ച ഓഫീസില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എച്ച്.സി.എ.യില്‍ 20 കോടി രൂപയുടെ ക്രിമിനല്‍ ദുരുപയോഗം നടന്നതായി കണ്ടെത്തി തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇ.ഡി. ഏറ്റെടുത്തത്.

2019-ലാണ് അസ്ഹറുദ്ദീന്‍ എച്ച്.സി.എ. പ്രസിഡന്റാവുന്നത്. 2023 വരെ അദ്ദേഹം സ്ഥാനത്ത് തുടര്‍ന്നു.  61-കാരനായ 
അദ്ദേഹം മുന്‍ പാര്‍ലമെന്റ് അംഗംകൂടിയാണ്.  1985 മുതല്‍ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 15,593 റണ്‍സ് നേടി. ഇതില്‍ 79 അര്‍ധ സെഞ്ചുറികളും 29 സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് പിന്നീട് ആജീവനാന്ത വിലക്ക് വീണതോടെ അസ്ഹറുദ്ദീന്റെ കരിയര്‍ അപ്രതീക്ഷിതമായി അവസാനിച്ചു. 2009-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.