കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് എസെക്‌സ് താരം റോബിൻ ദാസിനെതിരെ ബലാത്സംഗ കുറ്റം. 2024-ലാണ് കേസിനാസ്ദപദമായ സംഭവം നടന്നത്. കഴിഞ്ഞ വർഷം റോബിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. 24-കാരനായ റോബിൻ വലങ്കയ്യൻ ബാറ്ററാണ്. എസെക്‌സിനായി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 29 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

To advertise here,

ഈ വർഷം ജൂലൈയിലാണ് ടീമിനായി അവസാനമായി കളിച്ചത്. അന്ന് 29 റൺസ് നേടിയിരുന്നു. അതിനുശേഷമാണ് കുറ്റം ചുമത്തപ്പെട്ടത്. ഒക്ടോബർ ഒമ്പതിന് ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ ഹാജരാകാൻ കളിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2024 മാർച്ച് 30-ന് ബ്രിക്‌സ്ടണിൽ ഒരു സ്ത്രീ പീഡനത്തിനിരയായെന്ന പരാതിയെ തുടർന്ന് 2025 ഓഗസ്റ്റ് 27-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവത്തിന്റെ തുടർച്ചയായാണ് ഈ കുറ്റപത്രമെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

തങ്ങളുടെ കളിക്കാരിലൊരാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്ന് എസെക്‌സ് സ്ഥിരീകരിച്ചു. പ്രസ്താവനയിൽ അവർ പേര് പരാമർശിച്ചിട്ടില്ല. 'ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പുറത്ത് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട്, നിലവിൽ ക്ലബ്ബുമായി കരാറിലുള്ള പ്ലേയിംഗ് സ്റ്റാഫിലെ ഒരു അംഗം അടുത്തിടെ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് എസെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ് സ്ഥിരീകരിക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ക്ലബ്ബ് നിയമപരമായ എല്ലാ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും തുടർന്നും പാലിക്കുന്നതായിരിക്കും. നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ, ഈ ഘട്ടത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകാൻ ക്ലബ്ബിന് കഴിയില്ല'-എസെക്‌സ് ക്ലബ്ബ് പ്രസ്താവനയിൽ പറയുന്നു.

നേരത്തേയും ക്രിക്കറ്റ് താരങ്ങൾ ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുൻ വോർസെസ്റ്റർഷെയർ താരം അലക്‌സ് ഹെപ്ബർന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. നേപ്പാൾ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചെയിന് 2023-ൽ എട്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് അപ്പീലിൽ അദ്ദേഹത്തെ വെറുതെ വിട്ടു. ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പൊറൽ, മുൻ ശ്രീലങ്കൻ താരം ധനുഷ്‌ക ഗുണതിലക, മുൻ ബംഗ്ലാദേശ് പേസർ റുബെൽ ഹൊസൈൻ എന്നിവരാണ് ഈ പട്ടികയിലെ മറ്റു ചില പേരുകൾ. പൊറലിനെതിരെയുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്.