മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ആവശ്യമായ ചികിത്സാ സഹായവും സാമ്പത്തിക പിന്തുണയും ഉറപ്പുനൽകി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മുംബൈയിലെ ഔദ്യോഗിക വസതിയായ 'നന്ദൻവനിൽ' വെച്ച് കാംബ്ലിയും കുടുംബവും ഷിൻഡെയെ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

To advertise here,

കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ഷിൻഡെ ഇക്കാര്യങ്ങൾ അറിയിച്ചത്. കാംബ്ലിയും കുടുംബവും ആശംസകൾ നേരാനാണ് എത്തിയതെന്നും സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണയും ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി. 'വിനോദ് കാംബ്ലിയുടെ തലച്ചോറിൽ രക്തക്കട്ട രൂപപ്പെട്ടിട്ടുണ്ട്; ഇത് ആവർത്തിച്ചുള്ള പക്ഷാഘാതത്തിന് കാരണമായേക്കാം. ഇതിന്റെ ഫലമായി അദ്ദേഹത്തിന് ഓർമ്മക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്. ഈ അസുഖത്തെ നേരിടാൻ ദീർഘകാല ചികിത്സ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു,' ഷിൻഡെ എക്‌സിൽ കുറിച്ചു.

താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ കാംബ്ലിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. 'താനെ ജൂപ്പിറ്റർ ആശുപത്രിയിൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സയും ലഭിക്കുമെന്നും പൂർണമായി സുഖം പ്രാപിക്കുമെന്നും ഞാൻ കുടുംബത്തിന് ഉറപ്പുനൽകി,' ഷിൻഡെ കൂട്ടിച്ചേർത്തു.

നിലവിലെ ആരോഗ്യപ്രശ്‌നങ്ങൾ കാംബ്ലിയുടെ രണ്ട് മക്കളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ അവരുടെ വിദ്യാഭ്യാസ ഉത്തരവാദിത്തം ശിവസേന ഏറ്റെടുക്കുമെന്ന് ഷിൻഡെ അറിയിച്ചു. 'അവരുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാകില്ല' എന്ന് പാർട്ടി ഉറപ്പാക്കുമെന്നും, പ്രയാസമേറിയ ഈ ഘട്ടത്തിൽ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാംബ്ലിക്കൊപ്പം ഭാര്യ ആൻഡ്രിയ ഹെവിറ്റ്, മക്കളായ ജീസസ് കാംബ്ലി, ജോഹന്ന കാംബ്ലി എന്നിവരും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പിച്ച് ക്യൂറേറ്റർ നദീം മേമനുമുണ്ടായിരുന്നു.

54-കാരനായ മുൻ ഇന്ത്യൻ ബാറ്റർ സമീപവർഷങ്ങളിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്. ഇന്ത്യയ്ക്കായി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിന മത്സരങ്ങളും കളിച്ച കാംബ്ലി യഥാക്രമം 1,084-ഉം 2,477-ഉം റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ നാല് സെഞ്ചുറികളും ഏകദിനത്തിൽ രണ്ട് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. കാംബ്ലിയുടെ ആരോഗ്യസ്ഥിതി മുൻപും വലിയ ശ്രദ്ധ നേടിയിരുന്നു; മുൻ സഹതാരങ്ങളും അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.