കാസര്‍കോട്/കരിവെള്ളൂര്‍: 'സന്തോഷം വാക്കുകളിലൊതുക്കാന്‍ കഴിയില്ല. കബഡിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചതിലുള്ള അംഗീകാരമാണിത്. 21 വര്‍ഷത്തിനുശേഷമാണ് തെക്കേ ഇന്ത്യയിലേക്ക് കബഡിക്ക് ദ്രോണാചാര്യ അവാര്‍ഡ് എത്തുന്നത്. കേരളത്തില്‍ ആദ്യമായും.'' ദ്രോണാചാര്യ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തില്‍ ഇന്ത്യന്‍ കബഡി ടീം പരിശീലകന്‍ കരിവെള്ളൂരിലെ ഇ. ഭാസ്‌കരന്‍ പറഞ്ഞു.
കാസര്‍കോട് കൊടക്കാട് സ്വദേശിയായ ഭാസ്‌കരന്‍ ഇപ്പോള്‍ കരിവെള്ളൂര്‍ നിടുവപ്പുറത്താണ് താമസം. ഇക്കുറി ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. 2009-ല്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകനായ ഭാസ്‌കരന്‍ ആ വര്‍ഷം വിയറ്റ്നാമില്‍ നടന്ന ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷടീമിനെ ചാമ്പ്യന്‍മാരാക്കിയാണ് ഈ മേഖലയിലെ ജൈത്രയാത്ര തുടങ്ങിയത്. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു.
നാലുവര്‍ഷത്തിനുശേഷം മറ്റൊരു സ്വര്‍ണം നേടുമ്പോള്‍ വനിതാ ടീം പരിശീലകനായിരുന്നു. 2022 ജൂണില്‍ ബുസാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ടീമിനെ സ്വര്‍ണമണിയിച്ചു.
2014 മുതല്‍ തുടര്‍ച്ചയായി പ്രൊ കബഡിയില്‍ അഞ്ചു സീസണില്‍ 'യു മുംബൈ' ടീമിനെ പരിശീലിപ്പിച്ചു. ഒരു തവണ ചാമ്പ്യന്‍മാരും രണ്ടുതവണ രണ്ടാം സ്ഥാനക്കാരുമാക്കി. 2016 മുതല്‍ 2018 വരെ 'തമിഴ് തലൈവാസ്' ടീം പരിശീലകനായി. ഇന്ത്യന്‍ ആര്‍മിയുടെയും സര്‍വീസസിന്റെയും മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ താരം കൂടിയായ ഭാസ്‌കരന്‍ ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് സുബേദാര്‍ മേജര്‍ ഓണററി ക്യാപ്റ്റനായാണ് വിരമിച്ചത്. നിലവില്‍ സായ് ബെംഗളൂരുവില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചും കബഡി വിഭാഗം മേധാവിയുമാണ്.
ഭാര്യ: അജിതാ ഭാസ്‌കരന്‍. മക്കള്‍: അഭിജിത്ത് ഭാസ്‌കര്‍, അഞ്ജു ഭാസ്‌കര്‍. മരുമക്കള്‍: അക്ഷയ (മൂന്നുപേരും ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നു), നവീന്‍ (മേജര്‍, ഇന്ത്യന്‍ ആര്‍മി).
''ഈ പുരസ്‌കാരം, കബഡിയില്‍ ഇതുവരെയുള്ള യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. കബഡിയുമായുള്ള ബന്ധം 45 വര്‍ഷംമുമ്പ് തുടങ്ങിയതാണ്. 32 വര്‍ഷമായി പരിശീലനരംഗത്തുണ്ട്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. എല്ലാവര്‍ക്കും നന്ദി.'' - ഇ. ഭാസ്‌കരന്‍ (ദ്രോണാചാര്യ ജേതാവ്)
Content Highlights: Dronacharya for Kabaddi coach Bhaskaran
Published: 21 Dec 2023, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented