ചെന്നൈ: എക്കാലവും പ്രതിഭാധാരാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നിര. പ്രത്യേകിച്ചും 2000-ന് ശേഷമുള്ള കാലം. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ് എന്നിവരെല്ലാം നിറഞ്ഞുനിന്നിരുന്ന കാലം. ഇക്കാരണത്താൽ തന്നെ ആഭ്യന്തര ക്രിക്കറ്റിലെ കഴിവുള്ള ഒട്ടേറെ താരങ്ങൾക്ക് സീനിയർ ടീമിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും സാധിച്ചിരുന്നില്ല.

To advertise here,

അത്തരത്തിലുള്ള ഒരു താരത്തെയും അദ്ദേഹത്തിന്റെ കഴിവിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി. തമിഴ്നാട് രഞ്ജി ടീമിന്റെ വിശ്വസ്തനായിരുന്നു സുബ്രമണ്യം ബദ്രിനാഥിനെ കുറിച്ചാണ് ബാലാജി വാചാലനായത്. പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ടീമിൽ അധികം അവസരങ്ങൾ ലഭിക്കാത്ത താരമാണ് ബദ്രിനാഥ്. ഇന്ത്യൻ താരം ആർ. അശ്വിന്റെ യൂട്യൂബ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേടാൻ പോകുന്ന റൺസ് പോലും പ്രവചിച്ച് ക്രീസിലേക്ക് പോകുന്ന താരമായിരുന്നു ബദ്രിനാഥെന്ന് തമിഴ്നാട് ടീമിൽ അദ്ദേഹത്തിന്റെ സഹതാരം കൂടിയായിരുന്ന ബാലാജി പറഞ്ഞു.

ബാറ്റിങ്ങിനിറങ്ങും മുമ്പ് താൻ സെഞ്ചുറിയടിക്കുമെന്ന് പറയുന്ന താരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ച ബാലാജി 2005-ൽ താൻ ഇത്തരത്തിൽ ഒരാളെ കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ബൗളർമാരെ കളിപ്പിക്കാനുള്ള ശേഷി പോലും ബദ്രിനാഥിനുണ്ടായിരുന്നുവെന്നും ബാലാജി പറഞ്ഞു. കളിയുടെ ഒരു ഘട്ടത്തിൽ മികച്ച സ്പിന്നർമാർ ബൗൾ ചെയ്തിരുന്ന സമയത്ത് പോലും ഒരു മണിക്കൂറിനകം താൻ സെഞ്ചുറി തികയ്ക്കുമെന്ന് ബദ്രി പറയാറുണ്ട്. ഒരു സെഷനിൽ ഒരു പ്രത്യേക ബൗളർക്കെതിരേ എത്ര റൺസ് അടിച്ചെടുക്കുമെന്നു പോലും ബദ്രി പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കൽ നിർജലീകരണം കാരണം ആശുപത്രിയിലായ ബദ്രി ആംബുലൻസിൽ ഡ്രിപ്പുമായി ഗ്രൗണ്ടിലെത്തി സെഞ്ചുറിയുമായി ടീമിനെ രക്ഷിച്ചതിനെ കുറിച്ചും ബാലാജി പറഞ്ഞു. അന്ന് ഇടയ്ക്കുവെച്ച് ബദ്രി ക്രീസ് വിട്ട ശേഷം ടീം ബാറ്റിങ് തകർച്ച നേരിട്ടു. ഇതോടെ ആംബുലൻസിൽ ഡ്രിപ്പുമായി ഗ്രൗണ്ടിലെത്തിയ ബദ്രി സെഞ്ചുറിയുമായി ടീമിനെ രക്ഷിച്ചു. ഇക്കാര്യങ്ങളൊന്നും ആർക്കും അറിയില്ലെന്നും ബാലാജി പറഞ്ഞു.

സാങ്കേതികമായി വളരെ മികവുള്ള ബാറ്റ്സ്മാനായിരുന്നു ബദ്രിയെന്നും ബാലാജി പറഞ്ഞു. ഒരിക്കലും എളുപ്പത്തിൽ സ്വന്തം വിക്കറ്റ് അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. അതോടൊപ്പം മറ്റൊരു ബദ്രി കൂടിയുണ്ടായിരുന്നു. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ ഒരു സെഷനിൽ തന്നെ സെഞ്ചുറിയടിച്ച് ബദ്രി അത് കാണിച്ചു തന്നിട്ടുണ്ടെന്നും ബാലാജി പറഞ്ഞു.

തമിഴ്നാടിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ 54.49 ശരാശരിയിൽ 10,245 റൺസ് അദ്ദേഹം നേടിയിട്ടുള്ള താരമാണ് ബദ്രിനാഥ്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായും കളിച്ച താരം അവർക്കൊപ്പം കിരീട നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.

എന്നാൽ ഇന്ത്യയ്ക്കായി വെറും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഏഴ് ഏകദിനവും ഒരു ട്വന്റി 20 മത്സരവും മാത്രമേ താരത്തിന് കളിക്കാൻ കഴിഞ്ഞുള്ളൂ.

Content Highlights: Balaji lavishes praise on former India batsman Subramaniam Badrinath