കൊച്ചി: ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ലോങ് ജമ്പ് പിറ്റിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് മലയാളി താരം ആൻസി സോജൻ. ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിൽ 22 വർഷക്കാലം ഇളകാതിരുന്ന അഞ്ജു ബോബി ജോർജിന്റെ റെക്കോഡാണ് ആൻസി തിരുത്തിയെഴുതിയത്. 65-ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആൻസിയുടെ നേട്ടം. 2004-ലെ ആതൻസ് ഒളിമ്പിക്‌സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്ററെന്ന റെക്കോഡ് ദൂരം 6.88 മീറ്ററാക്കിയാണ് ആൻസി തിരുത്തിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 6.85 മീറ്റർ ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യൻ വനിതയെന്ന നേട്ടവും ആൻസി സ്വന്തമാക്കി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ്യതാ മാർക്കും താരം പിന്നിട്ടു. തന്റെ കരിയറിനെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും മാതൃഭൂമിഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് ആൻസി.

To advertise here,

ഒരിക്കലും റെക്കോഡായിരുന്നില്ല ലക്ഷ്യം

അത്‌ലറ്റിക്‌സിലേക്ക് വരുന്ന കാലത്ത് ഞങ്ങളുടെ എല്ലാം ഐക്കണായിരുന്നു അഞ്ജു മാഡം (അഞ്ജു ബോബി ജോർജ്). കുട്ടിക്കാലത്ത് വിവിധ മാഗസിനുകളിലൂടെയാണ് അവരെക്കുറിച്ച് ആദ്യം അറിയുന്നത്. ചേച്ചിയുടെ അനുഭവങ്ങളും കഠിനമായ പരിശീലന രീതികളെക്കുറിച്ചുമെല്ലാം ചെറുപ്പത്തിൽ ഇത്തരത്തിൽ വായിച്ചത് ഓർമയിലുണ്ട്. ലോങ് ജമ്പിലേക്ക് വന്ന് കുറേക്കാലം കഴിഞ്ഞാണ് അവരുടെ റെക്കോഡ് നേട്ടത്തെക്കുറിച്ചും മറ്റും അറിയുന്നത്. സ്‌കൂൾ സമയത്ത് മീറ്റുകളിൽവെച്ച് മാഡത്തെ കണ്ടിട്ടുണ്ട്. കാണുമ്പോൾ നമുക്ക് തന്നെ അഭിമാനം തോന്നുമായിരുന്നു. പിന്നീട് വിമാനയാത്രകളിൽ പലപ്പോഴും അടുത്തിരുന്ന് യാത്ര ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മാഡത്തിന്റെ അനുഭവങ്ങളും മറ്റും നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാൽ, മീറ്റിൽ പങ്കെടുക്കുമ്പോൾ മത്സരിക്കാറുള്ളത് ഒരിക്കലും റെക്കോഡുകൾക്ക് വേണ്ടിയല്ല.

കഠിനാധ്വാനത്തിന്റെ ഫലമാണ് ആ ദൂരം

ഞാൻ ചെയ്ത കഠിനാധ്വാനമാണ് ഇത്രയും ദൂരം ചാടാൻ കാരണം. ഭുവനേശ്വറിലേത് വലിയൊരു ചാട്ടമായിരുന്നു. ആരും തന്നെ റെക്കോഡ് മറികടക്കുമെന്ന് കരുതിയിരുന്നില്ല. 6.90 മീറ്ററായിരുന്നു ചാടുമ്പോൾ ലക്ഷ്യം. ആ ചാട്ടത്തിനു ശേഷം ഭയങ്കര സന്തോഷമായിരുന്നു. റെക്കോഡ് ദൂരം ജസ്റ്റ് മറികടന്നിരിക്കുമെന്ന് മാത്രമേ എല്ലാവരും കരുതിയിരുന്നുള്ളൂ. കാരണം അതൊരു വലിയ ജമ്പായിരുന്നല്ലോ. എന്നാൽ, ദൂരം അളന്നതോടെ എല്ലാവരും ഞെട്ടി. ഏഴ് മീറ്റർ ചാടുക എന്നത് എന്റെ വലിയൊരു ലക്ഷ്യമാണ്. അതിനു വേണ്ടിയുള്ള കഠിനശ്രമത്തിലാണ്. പടിപടിയായി മാത്രമേ നമ്മൾ അവിടെ എത്തുകയുള്ളൂ.

ഒരുപാട് തഴയപ്പെട്ടിട്ടുണ്ട്

ഒരുപാട് സ്ഥലങ്ങളിൽ ഞാൻ തഴയപ്പെട്ടിട്ടുണ്ട്. പലരും എന്നെ വിലകുറച്ചു കണ്ടിട്ടുണ്ട്. ഇപ്പോഴുള്ള വനിതാ ലോങ് ജമ്പർമാരിൽ മൂന്നാമതായി ഒക്കെയെ എന്നെ പലരും പരിഗണിച്ചിരുന്നുള്ളൂ. പലരും എനിക്ക് വലിയ പ്രാധാന്യമൊന്നും തന്നിരുന്നില്ല. ഇനിയെങ്കിലും അർഹിക്കുന്ന അംഗീകാരവും പരിഗണനയും എനിക്ക് കിട്ടുമെന്ന് കരുതുന്നു. പലതും ത്യജിച്ചാണ് ഞാൻ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. എന്റെ ഫിസിക്കാണെങ്കിലും മറ്റ് കാര്യങ്ങളുമെല്ലാം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിലേക്ക് ഞാൻ മാറ്റിയെടുത്തിട്ടുള്ളത്. ഞാൻ കഷ്ടപ്പെട്ട് നേടിയതാണ് ആ ദൂരം. പല കാര്യങ്ങളും സാക്രിഫൈസ് ചെയ്ത് സ്വന്തമാക്കിയിട്ടുള്ളതാണ് ഈ നേട്ടം.

എന്റെ വിജയം ആഗ്രഹിക്കാത്ത ഒരുപാട് പേരുണ്ട്

ഈ ഇനത്തിൽ മത്സരിക്കുന്ന മറ്റു പല പ്രധാന താരങ്ങൾക്ക് കൊടുക്കുന്ന പ്രധാന്യം എനിക്ക് ലഭിക്കാത്തതായി തോന്നിയിട്ടുണ്ട്. എന്റെ വിജയം ആഗ്രഹിക്കാത്ത ഒരുപാട് പേരുണ്ടെന്നും എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടുണ്ട്. കാരണം എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെല്ലാം ഒരുപാട് നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. ജയിച്ചാലും തന്നെ ചോദിക്കും അപ്പോൾ മറ്റേ കുട്ടി മത്സരിച്ചില്ലേ, ആ കുട്ടിക്കല്ലേ ഫസ്റ്റ് എന്നൊക്കെ. ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് ഞാൻ ഇത്തരത്തിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ശൈലി സിങ് ആ സമയത്ത് 6.76 മീറ്റർ ചാടി കത്തിനിൽക്കുന്ന സമയമാണ്. എന്നാൽ ഏഷ്യൻ ഗെയിംസിൽ എനിക്കാണ് മെഡൽ ലഭിച്ചത്. ശൈലിക്ക് മെഡലില്ലായിരുന്നു. അപ്പോൾ ആരോ പറയുന്നത് കേട്ടു നമ്മൾ പ്രതീക്ഷിച്ചയാൾക്ക് മെഡൽ ലഭിച്ചില്ല. എന്നാൽ അപ്രതീക്ഷിതമായി ഒരു മെഡൽ ലഭിച്ചു എന്ന്. ഞാൻ ഇങ്ങനെ ചിന്തിച്ചു, ഞാനും അതുപോലെ കഷ്ടപ്പെടുന്ന ഒരാളല്ലേ, എന്തുകൊണ്ട് എന്നെ പരിഗണിക്കുന്നില്ല എന്ന്. അന്ന് ഞാൻ എന്റെ പേഴ്‌സണൽ ബെസ്റ്റ് ചെയ്തിട്ടാണ് മെഡൽ വന്നത്. ഈ അടുത്ത് 6.75 ചാടിയ ശേഷവും ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു.

പരിശീലനവും ഭക്ഷണക്രമവും

രാവിലെ എനിക്ക് 7.30-നാണ് പരിശീലനം തുടങ്ങുക. അപ്പോൾ 6.45 ആകുമ്പോഴൊക്കെ എഴുന്നേൽക്കും. 10 മണിയോടെയാണ് ഗ്രൗണ്ടിലെ പരിശീലനം അവസാനിക്കുക. പ്രഭാത ഭക്ഷണം അതിനു ശേഷമാണ്. ആഴ്ചയിൽ രണ്ടു ദിവസം ജിം സെഷൻ ഉണ്ടാകാറുണ്ട്. ആ സമയത്ത് ബ്രേക്ക്ഫാസ്റ്റിന് ശേഷമാണ് ജിമ്മിൽ പോകാറ്. ചൊവ്വയും വെള്ളിയുമാണ് ജമ്പ് സെഷൻ ഉണ്ടാകാറ്. ആ ദിവസങ്ങളിൽ രാവിലെ വിശ്രമം ആയിരിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രണ്ടു നേരം പരിശീലനുമുണ്ടാകും. തിങ്കൾ രാവിലെ സ്പീഡ് ട്രെയിനിങ്, വ്യാഴാഴ്ച ഹഡിൽ മൊബിലിറ്റി, ആ ദിവസം വൈകുന്നേരങ്ങളിൽ കാലിന്റെ കരുത്ത് വർധിപ്പിക്കാനുള്ള വ്യായാമങ്ങളിലേർപ്പെടും. ജമ്പ് സെഷനുകൾ വൈകീട്ട് നാലിന് തുടങ്ങി ഏഴു മണിവരെ നീളും. ചില ദിവസങ്ങളിൽ നേരം വൈകാറുണ്ട്.

എന്നും രാവിലെ ഞാൻ നാല് മുട്ടയുടെ വെള്ള കഴിക്കും. പിന്നെ പഴങ്ങൾ. കാർബോഹൈഡ്രേറ്റ് വളരെ കുറവാണ് കഴിക്കാറ്. പ്രോട്ടീനാണ് മുൻഗണന. എനിക്ക് ചില ഹോർമോൺ പ്രശ്‌നങ്ങളുണ്ട്. അതിനാൽ തന്നെ ഡോക്ടർ കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ചോറ് എറ്റവും കുറച്ചേ കഴിക്കാൻ പാടുള്ളൂ. അതും ബ്രൗൺ റൈസാണ് കഴിക്കാറ്. ഹോർമോൺ പ്രശ്‌നം ഉള്ളതിനാൽ തന്നെ പെട്ടെന്ന് ഭാരംവെയ്ക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഡയറ്റ് ഇത്രയും കർശനമാക്കിയത്. ട്രെയിനിങ് ദിവസങ്ങളിൽ മാത്രമാണ് കാർബോഹൈഡ്രേറ്റ് കഴിക്കാറ്, മറ്റ് ദിവസങ്ങളിൽ പൂർണമായും ഒഴിവാക്കും.

ഇനിയും മെച്ചപ്പെടാനുള്ള മേഖലകൾ

എന്റെ ജമ്പിൽ മെച്ചപ്പെടുത്താൻ ഇനിയും കുറേ കാര്യങ്ങളുണ്ട്. സ്പീഡ് ഇനിയും മെച്ചപ്പെടുത്താനുണ്ട്. ഏഴ് മീറ്റർ കടക്കണമെങ്കിൽ സ്പീഡിൽ കാര്യമായ മാറ്റം ആവശ്യമാണ്. ജമ്പിൽ ടേക്ക് ഓഫ് കഴിഞ്ഞിട്ടുള്ള പോസ്ചറിൽ മാറ്റം വരുത്താനുണ്ട്. ഇപ്പോൾ ചാടുമ്പോൾ ശരീരത്തിന് ചെറിയ ഒരു വളവ് ഉണ്ടാകുന്നുണ്ട്. അത് പടിപടിയായി മാത്രമേ മെച്ചപ്പെടുത്താൻ പറ്റൂ.

അന്താരാഷ്ട്ര അത്‌ലറ്റാക്കിയത് അനൂപ് ജോസഫ്

സ്പ്രിന്ററായിട്ടാണ് ഞാൻ കരിയർ തുടങ്ങുന്നത്. സ്‌കൂൾ ടൈമിൽ 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ് എന്നീ ഇനങ്ങളിലാണ് മത്സരിച്ചിരുന്നത്. എല്ലാ ഇനത്തിലും മെഡലും ഉണ്ടായിരുന്നു. സ്‌കൂൾ ടൈമിലുണ്ടായിരുന്ന കോച്ച് സനോജാണ് പിന്നീട് ലോങ് ജമ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞത്. അദ്ദേഹം പരിശീലിപ്പിക്കുന്ന സമയത്ത് 6.36 വരെ ഞാൻ ചാടിയിരുന്നു. കോച്ച് സനോജിന്റെ കൂടെ അസിസ്റ്റന്റ് കോച്ചായിരുന്ന ഒരു അനന്ത് മോഹനുണ്ടായിരുന്നു. ഇവർ രണ്ടു പേരും എന്നെ സ്പ്രിന്റും ലോങ് ജമ്പും പരിശീലിപ്പിച്ചിട്ടുണ്ട്. പിന്നീട് 2021-ൽ ദേശീയ ക്യാമ്പിലെത്തി. അപ്പോഴാണ് അനൂപ് ജോസഫിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ കൈയിലെത്തിയ ശേഷമാണ് എന്റെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത്.

ഇത് ഇപ്പോൾ ഞാൻ പറയാൻ കാരണം എന്താണെന്നുവെച്ചാൽ, ഞാൻ ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയ ശേഷം ഒരുപാടുപേർ പല അവകാശവാദങ്ങളുമായി വരുന്നുണ്ട്. എന്റെ നിലവിലെ കോച്ചിന് ലഭിക്കേണ്ട പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസ് മെഡൽ നേടിയപ്പോൾ പോലും. എന്നെ പരിശീലിപ്പിക്കാനായി അനൂപ് ജോസഫ് ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തെ പോലും വിട്ടുനിന്നാണ് അദ്ദേഹം എന്റെ പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്. ചെറുപ്പത്തിൽ എന്റെ കരിയർ ഇതാണെന്ന് പറഞ്ഞു മനസിലാക്കി തന്നത് സനോജ് കോച്ചാണ്. എന്നാൽ, എന്നെ ഒരു ഇന്റർനാഷണൽ മെഡലിസ്റ്റാക്കിയത് അനൂപ് സാറാണ്. അനൂപ് ജോസഫ് വഴിയാണ് ഞാൻ റിലയൻസ് ഫൗണ്ടേഷനിലെത്തുന്നത്.

ഉസൈൻ ബോൾട്ട് എന്ന പ്രചോദനം

ചെറുപ്പത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടിരുന്ന ഒരു അത്‌ലറ്റിന്റെ പേര് ഉസൈൻ ബോൾട്ട് എന്നാണല്ലോ. പിന്നീട് ഞാൻ ഉസൈൻ ബോൾട്ടിന്റെ അഭിമുഖങ്ങൾ സ്ഥിരമായി കാണുമായിരുന്നു. അതിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് നാലു വർഷത്തോളം കഠിനാധ്വാനം ചെയ്തിട്ടാണ് 10 സെക്കൻഡിൽ താഴെ ഓടാൻ സാധിച്ചിട്ടുള്ളതെന്ന്. ആ ക്ഷമയും നിശ്ചയദാർഢ്യവുമാണ് എന്നെയും പ്രചോദിപ്പിച്ചിട്ടുള്ളത്. പടിപടിയായി മാത്രമേ നേട്ടങ്ങളിലേക്കെത്താൻ സാധിക്കൂ എന്ന മനസിലാക്കിയതും അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്.

ശൈലി സിങ്ങും മുബസീനയും മികച്ച പോരാട്ടം സമ്മാനിക്കാറുണ്ട്

ശൈലി സിങ്ങും മുബസീനയുമാണ് ലോങ് ജമ്പിൽ കടുത്ത മത്സരം നൽകാറുള്ളത്. ഞാനും ശൈലിയും തമ്മിൽ നല്ല കോമ്പിറ്റീഷൻ എപ്പോഴും നടക്കാറുണ്ട്. ശൈലിയായിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ദൂരം താണ്ടിയ വനിതാ ലോങ് ജമ്പ് താരം. ശൈലിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാറുണ്ട്. ശൈലി 6.76 ചാടിയപ്പോൾ എനിക്കും ആ ദൂരം മറികടക്കണമെന്ന വാശിയുണ്ടായിരുന്നു. എന്നെക്കൊണ്ട് അത് സാധിക്കുമെന്ന തോന്നലും എനിക്കുണ്ടായിരുന്നു.

മാതാപിതാക്കളുടെ പിന്തുണ

പപ്പ (സോജൻ) സ്‌പോർട്‌സിനെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അമ്മ ജാൻസിയും കായിക താരമായിരുന്നു. 100, 200 മീറ്റർ, ലോങ് ജമ്പ് എല്ലാം ചെയ്തിരുന്നയാളായിരുന്നു അമ്മ. അപ്പൻ 200, 400 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നെങ്കിലും എനിക്ക് പരിശീലനത്തിനും മത്സരത്തിനും വേണ്ട സ്‌പൈക്ക് അടക്കമുള്ള കാര്യങ്ങളിലൊന്നും അവർ ഒരു കുറവും വരുത്തിയിരുന്നില്ല. പലരും അവരോട് ചോദിച്ചിട്ടുണ്ട്. എന്തിനാണ് മകളെ സ്‌പോർട്‌സിലേക്ക് വിടുന്നതെന്ന്. വേറെ എന്തെങ്കിലും നോക്കിയാൽ പോരെ എന്ന്. എന്നാൽ, അതൊന്നും കാര്യമാക്കാതെയാണ് അവർ എനിക്കൊപ്പം നിന്നത്. എന്റെ നേട്ടങ്ങൾക്കു പിന്നിലെ പ്രധാന കാരണം അവരാണ്.

തമിഴ്‌നാട്ടിലെ അത്‌ലറ്റുകളുടെ ഭാഗ്യം

കേരളത്തിൽനിന്ന് ഒരുപാട് ഒളിമ്പ്യൻമാരും മെഡൽ ജേതാക്കളുമുള്ള മേഖലയാണ് അത്‌ലറ്റിക്‌സ്. എന്നാൽ അതിന് വേണ്ട പിന്തുണ സംസ്ഥാനത്ത് ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. തമിഴ്‌നാട്ടിലായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കാരണം മുഖ്യമന്ത്രി വിജയ്ക്ക് കീഴിലുള്ള തമിഴ്‌നാട് സർക്കാർ അവിടത്തെ അത്‌ലറ്റുകൾക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. തമിഴ്‌നാട് അത്‌ലറ്റുകൾക്ക് പരിശീലനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫണ്ടുകളും സർക്കാൻ നൽകുന്നുണ്ട്.

കേരളത്തിൽ നിരധി കഴിവുള്ള കുട്ടികളുണ്ട്. എന്നാൽ സാമ്പത്തിക ബാധ്യതകളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാത്ത കാരണം അവർ എവിടെയും എത്താതെ പോകുന്നുണ്ട്. ഇടയ്ക്ക് സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലുകളിൽ കുട്ടികൾക്ക് ഭക്ഷണമില്ലെന്ന വാർത്ത കേട്ടിരുന്നു. എന്തൊരു അവസ്ഥയാണിത്. നന്നായി പെർഫോം ചെയ്യുന്ന കുട്ടികൾ പിന്നീട് എവിടെ പോയെന്ന് പലരും ചോദിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ കുട്ടികൾ എങ്ങനെയാണ് സ്‌പോർട്‌സിലേക്ക് വരിക.

ഇത്തവണ ഞങ്ങൾ ജേഴ്‌സി പോലുമില്ലാതെയാണ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് പോയത്. ടീം മാനേജർ കൈയിൽനിന്ന് കാശെടുത്താണ് ഞങ്ങൾക്ക് ജേഴ്‌സി വാങ്ങി തന്നത്. അത് ധരിച്ചാണ് ഞാൻ പോഡിയത്തിൽ കയറിയത്. മറ്റ് സംസ്ഥാനക്കാർ മികച്ച കിറ്റുമായി വരുമ്പോൾ കേരളത്തിലെ താരങ്ങൾക്ക് ഒന്നുമില്ല. ചോദിച്ചാൽ പറയുക ഫണ്ട് ഇല്ലെന്നാണ്. തമിഴ്‌നാട് അത്‌ലറ്റുകളുടെ കിറ്റ് കാണണം. അവിടെ തന്നെ നമുക്ക് മനസിലാകും കേരളവും തമിഴ്‌നാടും തമ്മിലുള്ള വ്യത്യാസം. റെക്കോഡ് നേട്ടത്തിനു ശേഷം മുഖ്യമന്ത്രിയും കായികമന്ത്രിയും വിളിച്ചിരുന്നു. അപ്പോൾ അവരോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് എനിക്കുവേണ്ടി മാത്രമല്ല ഇനി വരുന്ന തലമുറയ്ക്കു കൂടി വേണ്ടിയാണ് ഞാൻ പറയുന്നത്.