ന്യൂഡല്‍ഹി: വനിതാ ഫുട്‌ബോള്‍ താരങ്ങളെ ശരീരികോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണം നേരിട്ടതിനെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ദീപക് ശര്‍മയ്ക്ക് സസ്‌പെന്‍ഷന്‍. ഗോവയില്‍നടന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിനിടെ മുറിയില്‍ അതിക്രമിച്ചു കയറി രണ്ട് താരങ്ങളെ ശാരീരികോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ദീപക് ശര്‍മയെ ശനിയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഗോവയിലെ ഫുട്‌ബോള്‍ അസോസിയേഷന്റെ പരാതിയില്‍ ഗോവ പോലീസാണ് ദീപക് ശര്‍മയെ അറസ്റ്റുചെയ്തത്. പിന്നാലെ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു.

To advertise here,

ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെ മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന വനിതാ ഫുട്‌ബോള്‍ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. ക്ലബിന്റെ ഉടമകൂടിയായ ശര്‍മ, താരങ്ങളുടെ മുറിയില്‍ രാത്രി അതിക്രമിച്ച് കയറുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നെന്നാണ് പരാതി. മാര്‍ച്ച് 28-നായിരുന്നു സംഭവം.

വിഷയത്തില്‍ അതിവേഗം നടപടിയെടുക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്.സിയിലെ രണ്ട് വനിതാ താരങ്ങളാണ് എ.ഐ.എഫ്.എഫിനും ഗോവ ഫുട്‌ബോള്‍ അസോസിയേഷനും പരാതി നല്‍കിയത്. ഹിമാചല്‍പ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികൂടിയാണ് ഇയാള്‍. ഇതോടെ സംഭവത്തില്‍ അന്വേഷണം അവസാനിക്കുന്നതുവരെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ദീപക് ശര്‍മയ്ക്ക് എ.ഐ.എഫ്.എഫ്. നിര്‍ദേശം നല്‍കി.