ന്യൂഡൽഹി: ഒക്ടോബറിൽ അസർബൈജാനിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ-15 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജറായി നിയമിച്ചതിന് പിന്നാലെ, ആ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രഖ്യാപിച്ച് മിനർവ അക്കാദമി ഉടമ രഞ്ജിത് ബജാജ്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രവർത്തനരീതി പ്രൊഫഷണൽ അല്ലെന്നും കൃത്യമായ ആസൂത്രണമില്ലാത്ത തീരുമാനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസമാണ് രഞ്ജിത്തിനെ മാനേജരായും ബിബിയാനോ ഫെർണാണ്ടസിനെ പരിശീലകനായും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്.

To advertise here,

തന്റെ നിയമനത്തെക്കുറിച്ച് എഐഎഫ്എഫ് മുൻകൂട്ടി യാതൊരു വിവരവും നൽകിയിരുന്നില്ലെന്ന് ബജാജ് വെളിപ്പെടുത്തി. ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും വിളിച്ചപ്പോഴാണ് താൻ ഈ വിവരം അറിയുന്നത്. 'ഒരു പ്രൊഫഷണൽ ഫെഡറേഷൻ പ്രവർത്തിക്കേണ്ട രീതി ഇതല്ല. ദൗർഭാഗ്യവശാൽ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു രീതിയായി മാറിയിരിക്കുന്നു' എന്ന് അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാനുള്ള വിമുഖത പരസ്യമാക്കുകയും ചെയ്തു.

അണ്ടർ-15 ടീമിന്റെ മുഖ്യ പരിശീലകനായി ബിബിയാനോ ഫെർണാണ്ടസിനെ നിലനിർത്തിക്കൊണ്ടാണ് ബജാജിനെ മാനേജറായി നിയമിച്ചത്. ബിബിയാനോയോടും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോടും തനിക്ക് ബഹുമാനമുണ്ടെന്ന് വ്യക്തമാക്കിയ ബജാജ്, എന്നാൽ ഇരുവരുടെയും വ്യത്യസ്തമായ പ്രവർത്തനശൈലികൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലെ യുക്തിയെ ചോദ്യം ചെയ്തു. ''ഇത് മൗറീഞ്ഞോയേയും പെപ് ഗ്വാർഡിയോളയേയും ഒരുമിച്ച് നിയമിക്കുന്നത് പോലെയാണ്. ഞങ്ങളുടെ ശൈലികളും ആശയങ്ങളും വ്യത്യസ്തമാണ്'', അദ്ദേഹം അഭിപ്രായപ്പെട്ടു. മിനർവ അക്കാദമിയിൽ താൻ കെട്ടിപ്പടുത്ത സപ്പോർട്ട് സ്റ്റാഫിനെ ഉപയോഗിക്കാൻ അനുവദിക്കാതെ, അപരിചിതമായ ഒരു കോച്ചിങ് ടീമിനൊപ്പം പ്രവർത്തിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊഹാലി ആസ്ഥാനമായ മിനർവ അക്കാദമിയുടെ അണ്ടർ-12 ടീം സമീപകാലത്ത് വിദേശത്ത് കിരീടനേട്ടങ്ങളുണ്ടാക്കിയിരുന്നു. സ്വീഡനിലെ ഗോഥിയ കപ്പും ഹെൽസിങ്കി കപ്പും നേടിയിരുന്നു. അക്കാദമിയുടെ വിജയങ്ങൾ വലിയ ചർച്ചയായതോടെയാണ് ഫെഡറേഷൻ ചുമതലനൽകിയത്.

ലോകകപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ ഇത്തരം നിയമനങ്ങൾ നടത്തുന്നതിനെ ബജാജ് വിമർശിച്ചു. ''യൂത്ത് ഫുട്‌ബോൾ എന്നത് ദീർഘകാല ആസൂത്രണം വേണ്ട ഒന്നാണ്. ലോകകപ്പിന് രണ്ട് മാസം മുമ്പല്ല ഒരു ടീമിനെ കെട്ടിപ്പടുക്കാൻ തുടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച താരങ്ങളെ കണ്ടെത്താനോ ടീമിനെ സജ്ജമാക്കാനോ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.