ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ എണ്ണംപറഞ്ഞ പ്രതിരോധനിരതാരമാണ് ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻഡെയ്ക്. ടീമിനെ മുന്നിൽനിന്നു നയിക്കുന്ന നായകൻ. ഏറെക്കാലത്തിനുശേഷം ക്ലബ്ബ് പ്രീമിയർ ലീഗ് കിരീടമുയർത്തിയപ്പോൾ വാൻഡെയ്ക്കിന് നിർണായക റോളുണ്ടായിരുന്നു. പുതിയ സീസണിന് കിക്കോഫാകുമ്പോൾ ടീമിന്റെ തയ്യാറെടുപ്പും പ്രതീക്ഷയും പങ്കുവെക്കുകയാണ് വിർജിൽ വാൻഡെയ്ക്
? പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പ് എങ്ങനെയായിരുന്നു. പുതിയ പരിശീലകൻ വരുമ്പോൾ ആരാധകർ എന്താണ് പ്രതീക്ഷിക്കുന്നത്
മികച്ചരീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയത്. നീണ്ട ചർച്ചകളും വിവിധ സെഷനുകളും ടാക്റ്റിക്കൽ വർക്കുകളും ഇതിന്റെ ഭാഗമായുണ്ടായി. പരിശീലനം കടുപ്പമേറിയതാണെങ്കിലും എല്ലാവർക്കും അത് ആസ്വദിക്കാൻ കഴിഞ്ഞു.
പരിശീലകൻ മാറിയെങ്കിലും ടീമിന്റെ കോർഘടനയിൽ മാറ്റമില്ലല്ലോ. പ്രധാനകളിക്കാർ എല്ലാം ഇവിടെത്തന്നെയുണ്ട്. പ്രീമിയർ ലീഗ് തീർത്തും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കിരീടം നേടാൻ ടീമിന്റെ പരമാവധി കരുത്തും പുറത്തെടുക്കും.
?ഫുട്‌ബോളറായുള്ള വളർച്ചയുടെ ഘട്ടത്തിലെ താങ്ങളുടെ ഹീറോ
ബ്രസീലിന്റെ റൊണാൾഡീന്യോ, ചെറുപ്പത്തിൽ ഒരുപാടുതവണ സ്ട്രീറ്റ് ഫുട്‌ബോളിൽ കളിച്ചിട്ടുണ്ട്. എല്ലാ പൊസിഷനുകളിലും ഇറങ്ങിയിട്ടുമുണ്ട്. ഡ്രിബ്ലിങ് അടക്കമുള്ള ട്രിക്കുകൾ ഇഷ്ടവുമാണ്. അതാകും റൊണാൾഡീന്യോയിലേക്ക് ആകർഷിക്കപ്പെടാൻ കാരണം
? ആൻഫീൽഡിലേക്കുള്ള വരവ്
സതാംപ്ടണിലായിരിക്കുന്ന കാലത്താണ് ലിവർപൂൾ ക്ലബ്ബിന്റെ സ്‌പോർട്ടിങ് ഡയറക്ടറിൽനിന്ന് വിളിവരുന്നത്. ഒരു വലിയ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ തുടക്കമായിരുന്നു അത്. ഏറെ ചരിത്രമുള്ള ക്ലബ്ബിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലായിരുന്നു അപ്പോൾ
? സെൻട്രൽ ബാക്ക് പൊസിഷനിൽ താങ്ങളുടെകൂടെ കളിക്കാൻ ഇതിഹാസതാരത്തെ തിരഞ്ഞെടുക്കാൻ അവസരം കിട്ടിയാൽ...
ഒരു സംശയവും വേണ്ടാ, ഇറ്റലിയുടെ അലക്‌സാൻഡ്രോ നെസ്റ്റ
? ഇന്ത്യയെന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് എത്തുന്നത്
ഇതുവരെ ഇന്ത്യയിലേക്കു വരാൻ സാധിച്ചിട്ടില്ല. പക്ഷേ, ഫുട്‌ബോളിനോടുള്ള വികാരം അറിയാം. ഭാവിയിൽ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമുണ്ട്. പിന്നെ ഇന്ത്യൻ ഫുഡ് ഇഷ്ടമാണ്. ദുബായിലും മാലദ്വീപിലുംവെച്ച് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറെ രുചികരമായ അനുഭവമാണത്
? ലിവർപൂളിന് ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്. അവർക്കുള്ള സന്ദേശം
ക്ലബ്ബിനെയും എന്നെയും പിന്തുണയ്ക്കുന്നവരോട് ആദ്യമേ പറയാനുള്ളത്, നിങ്ങളുടെ സ്നേഹവും സമർപ്പണമനോഭാവവും തുടരുക. സമീപഭാവിയിൽതന്നെ നിങ്ങളെ നേരിൽക്കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിജയകരമായ സീസണിനായി മുൻനിരയിൽനിന്ന് ഞങ്ങൾ പോരാടും
(ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സാണ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്)
Content Highlights: virgil van dijk about india in an interview
Published: 18 Aug 2024, 06:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented