ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ സമനിലയിൽ (1-1) കുടുങ്ങിയതിനു പിന്നാലെ വിചിത്ര ന്യായീകരണവുമായി പാനമ പരിശീലകൻ തോമസ് ക്രിസ്റ്റ്യൻസെൻ. പാനമ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ബെംഗളൂരുവിൽ അനുഭവപ്പെട്ട കടുത്ത ഗതാഗതക്കുരുക്കും യാത്രാ ബുദ്ധിമുട്ടുകളുമാണ് ടീമിന്റെ മന്ദഗതിയിലുള്ള പ്രകടനത്തിന് കാരണമെന്നാണ് പരിശീലകന്റെ നിരീക്ഷണം.

To advertise here,

മത്സരത്തിനായി സ്റ്റേഡിയത്തിൽ എത്തുന്നതിനായി പാനമ ടീമിന് കടുത്ത ട്രാഫിക്കിലൂടെ രണ്ടു മണിക്കൂറോളം ബസ് യാത്ര ചെയ്യേണ്ടിവന്നു. ഇതൊരു ഒഴികഴിവായി പറയുകയല്ലെന്നും, രണ്ടു മണിക്കൂർ ട്രാഫിക്കിൽ കഴിഞ്ഞ ശേഷം സ്റ്റേഡിയത്തിലെത്തി മത്സരത്തിന് തയ്യാറെടുക്കുക എന്നത് എളുപ്പമല്ലെന്നും മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ കോച്ച് ക്രിസ്റ്റ്യൻസെൻ വ്യക്തമാക്കി. സംഘാടനത്തിലെയും ലൊജിസ്റ്റിക്‌സിലെയും പോരായ്മകളിൽ നിരാശ പ്രകടിപ്പിച്ച അദ്ദേഹം, ഭാവിയിൽ ഇത്തരം കരാറുകളിൽ ഒപ്പുവെക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കളിക്കാർക്ക് ഇതിലും മികച്ച സൗകര്യങ്ങൾ നൽകേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

യാത്രാപ്രശ്‌നങ്ങൾ കൂടാതെ, ടീമിൽ വരുത്തിയ നിർണായക മാറ്റങ്ങളും കളിയെ ബാധിച്ചു. ടീമിലെ തലമുറമാറ്റത്തിന്റെ ഭാഗമായി അഞ്ച് പുതുമുഖങ്ങൾക്കാണ് പാനമ ഇത്തവണ ആദ്യമായി ആദ്യ ഇലവനിൽ അവസരം നൽകിയത്. എന്നാൽ തുടർച്ചയായ യാത്രകളും സംഘാടനത്തിലന പോരായ്മകളും കാരണം പുതിയ കളിക്കാരെ ഉൾപ്പെടുത്തി കൃത്യമായി പരിശീലനം നടത്താനോ തന്ത്രങ്ങൾ മെനയാനോ ടീമിന് സമയം ലഭിച്ചില്ല. മത്സരഫലത്തിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് വ്യക്തമാക്കിയ കോച്ച്, ഈ അനുഭവത്തിൽ നിന്ന് പുതിയ കളിക്കാർക്ക് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അറിയിച്ചു.

കളിക്കളത്തിൽ പാനമയുടെ പ്രതിരോധ നിരയിലുണ്ടായ വിടവുകളും സംഘാടനമില്ലായ്മയും കൃത്യമായി മുതലെടുക്കാൻ ഇന്ത്യൻ മുന്നേറ്റ നിരയ്ക്കായി. പാനമ കളിക്കാർക്കിടയിലെ അകലം മുതലെടുത്ത് ഇന്ത്യ മികച്ച ആക്രമണങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യക്ക് സ്ഥലവും സമയവും നൽകിയാൽ അവർ അപകടകാരികളാകുമെന്നും പ്രത്യേകിച്ച് ഇന്ത്യയുടെ മുന്നേറ്റനിര പാനമയുടെ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയെന്നും ക്രിസ്റ്റ്യൻസെൻ പ്രശംസിച്ചു.