വാഷിങ്ടൺ: ലോകകപ്പിൽ പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെച്ചൊല്ലി വിവാദം. ഞായറാഴ്ച പുലർച്ചെ നടന്ന സ്വിറ്റ്‌സർലൻഡും ഖത്തറും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. സ്വിറ്റ്‌സർലൻഡിന്റെ ഗോളിലേക്ക് വഴിവെച്ച പെനാൽറ്റിയാണ് വിവാദമായത്. ബോക്‌സിൽ ഫൗൾ ചെയ്യപ്പെട്ട സ്വിസ് താരം ഓഫ്‌സൈഡ് പൊസിഷനിലാണെന്ന് പലരും വാദിച്ചു. മത്സരം സമനിലയിലാണ്(1-1) കലാശിച്ചത്.

To advertise here,

അഞ്ചാം മിനിറ്റിൽ തന്നെ ഖത്തർ ബോക്‌സിലേക്ക് സ്വിസ്സ് ആക്രമണമെത്തി. ഇത്തവണ ഡാൻ എൻഡോയെയുടെ ഷോട്ട് അബുനാഡ തടുത്തിട്ടു. പിന്നാലെ 12-ാം മിനിറ്റിൽ റൂബൻ വാർഗാസിന്റെ ക്രോസിൽ നിന്നുള്ള മാനുവൽ അകാൻജിയുടെ ഇടംകാലനടിയിലും അബുനാഡ ഉറച്ചുനിന്നു.പിന്നാലെയായിരുന്നു വിവാദമായ ഫൗളും തുടർന്നുള്ള പെനാൽറ്റിയും.

13-ാം മിനിറ്റിൽ സ്വിസ്സ് താരം റെമോ ഫ്രുലെറിന്റെ ഗോൾശ്രമം തടയാനുള്ള ശ്രമത്തിനിടെ അബുനാഡയ്ക്ക് പിഴച്ചു. ഫ്രുലെർ ബോക്‌സിൽ വീണു. റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ പന്ത് ബോക്‌സിലേക്കെത്തുമ്പോൾ സ്വിസ്സ് താരം ഓഫ്‌സൈഡായിരുന്നോ എന്ന സംശയം ഉയർന്നിരുന്നു. വാർ പരിശോധിച്ചെങ്കിലും റീപ്ലേകൾ കാണിക്കാതിരുന്നത് എന്തെന്ന കാര്യം പിന്നീട് ചർച്ചയായി. കമന്റേറ്റർമാരടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. ഫൗളിന് അബുനാഡയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. എന്നിരുന്നാലും 17-ാം മിനിറ്റിൽ കിക്കെടുത്ത ബ്രീൽ എംബോളോ അനായാസം പന്ത് വലയിലാക്കി സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു. സ്വിസ്സ് ടീമിനായി താരത്തിന്റെ 24-ാം ഗോളായിരുന്നു ഇത്.

അത് ഓഫ്‌സൈഡാണെന്ന് പറഞ്ഞ് മുൻ താരം ഗാരി നെവില്ലെ രംഗത്തെത്തി. ഫിഫക്ക് ഈ തീരുമാനമെടുത്തത് എങ്ങനെയെന്ന് കാണിക്കാമല്ലോ. എന്റെ കണ്ണുകളിൽ അദ്ദേഹം ഓഫ്‌സൈഡാണ്. മറിച്ചാണെന്ന് തെളിയിക്കൂവെന്നും നെവില്ലെ കൂട്ടിച്ചേർത്തു. ആരാധകരും വിഷയത്തിൽ സമാനമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. എന്തുകൊണ്ടാണ് സംഭവത്തിന്റെ റീപ്ലേ കാണിക്കാത്തതെന്നും വ്യക്തത നൽകാതിരിക്കുന്നതെന്നും പലരും ഉന്നയിച്ചു.