മൊബൈല്‍ഫോണില്ലാത്ത കാലം. പ്രവാസജീവിതത്തില്‍ കിട്ടുന്ന എണ്ണിച്ചുട്ട അവധിദിവസങ്ങള്‍. കുപ്പായത്തിന്റെ കീശയില്‍ നോട്ടുബുക്കില്‍നിന്ന് ചീന്തിയെടുത്ത നാലുകടലാസും ഒരു പേനയും. ചുറുചുറുക്കോടെ അയാള്‍ ബസില്‍ക്കയറി മലപ്പുറത്തിന്റെ ഗ്രാമങ്ങളിലേക്കു ടിക്കറ്റെടുക്കും. പരിചയമുള്ളവര്‍ പറഞ്ഞുതന്ന മേല്‍വിലാസത്തിലുള്ള വീട് തേടിപ്പിടിക്കും. ആരുമറിയാതെകിടക്കുന്ന കുപ്പകളിലെ മാണിക്യങ്ങളെ പുറത്തെടുക്കും. തേച്ചുമിനുക്കി അവയെ അച്ചടിമഷിയിലൂടെ വെളിച്ചംകാട്ടും. ഒരുപക്ഷേ, അതിലൂടെ പിറക്കുന്നത് ഗ്രാമീണ ഫുട്ബോള്‍ താരങ്ങളുടെ ജാതകമായിരിക്കും.

To advertise here,

ഇങ്ങനൊരു ചിത്രം ജില്ലയിലെ കാല്‍പ്പന്തുപ്രേമികളുടെ മനസ്സിലെത്തുമെങ്കില്‍ ആദ്യം തെളിയുന്ന മുഖം സലീം വരിക്കോടന്റേതാകും. കുന്നുമ്മലില്‍നിന്ന് മലപ്പുറത്തിന്റെ ഊടുവഴികളിലെ പന്താട്ടങ്ങളെ 35 വര്‍ഷത്തിലധികമായി സ്വപ്നം കണ്ടുറങ്ങുന്നൊരാള്‍. ബാല്യത്തില്‍ കോട്ടപ്പടി മൈതാനിയില്‍ ഉപ്പയുടെ കൈപിടിച്ചെത്തിയാണ് പന്തുകളി കണ്ടുതുടങ്ങിയത്. വീടിനടുത്തെ രാമേട്ടന്റെ കടയില്‍നിന്ന് പത്രവായനയുടെ തുടക്കം. മാതൃഭൂമി ദിനപത്രത്തിലെ കായികവാര്‍ത്തകള്‍ സലീമിലെ കളിയെഴുത്തുകാരന് ആഗ്രഹങ്ങളുടെ മൈതാനമൊരുക്കി. പതുക്കെ കളിയെഴുത്തിലേക്ക് പിച്ചവെച്ചു. കര്‍ണാടക ടീമിനായി സന്തോഷ് ട്രോഫി ഫുട്ബോളില്‍ ബൂട്ടണിഞ്ഞ സഹപാഠി തമ്പി ബഷീറിനെക്കുറിച്ചെഴുതി തുടക്കമിട്ടു.

സൗദിക്കാരുടെ 'സഹാഫി'

സഹാഫി എന്ന അറബിപദത്തിനര്‍ഥം മാധ്യമപ്രവര്‍ത്തകന്‍ എന്നാണ്. നാട്ടിലെ മാധ്യമപ്രവര്‍ത്തനത്തിനുശേഷം സൗദി അറേബ്യയിലേക്ക് ചേക്കേറിയ സലീം അവിടെ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായി. മരുഭൂമിയിലെ ജീവിതത്തിനിടയില്‍ ജിദ്ദയില്‍നിന്നുള്ള മലയാളം ന്യൂസെന്ന പത്രത്തില്‍ താത്കാലികമായി എഴുതിത്തുടങ്ങി. പതിയെ വാദിദവാസറിലെ പ്രാദേശികലേഖകനായി. ഇതോടെയാണ് സലീം സൗദിക്കാരുടെ സ്വന്തം സഹാഫിയായത്.

ലോകകപ്പില്‍ കളിച്ച സൗദി ടീമിലെ ഓരോ അംഗത്തെയും പരിചയപ്പെടുത്തിയ ലേഖനം സലീമിനെ ശ്രദ്ധേയനാക്കി. പിന്നീടങ്ങോട്ട് പ്രതിരോധക്കാരും ഗോളിയുമില്ലാതെ ഗോള്‍പോസ്റ്റുകള്‍ സലീമിനായി തുറന്നു. നാട്ടില്‍ അവധിക്കെത്തുമ്പോള്‍ ഫുട്ബോള്‍ താരങ്ങളെ തേടിപ്പിടിച്ച് അഭിമുഖമെടുക്കും. തിരികെ ഗള്‍ഫിലെത്തുമ്പോള്‍ എഴുത്തിലൂടെ പ്രവാസി മലയാളികളുടെ വായനാമൈതാനത്തേക്ക് ഇവയെ തുറന്നുവിടും. എഴുത്തിന് കനംവന്നതോടെ മറ്റു വാര്‍ത്തകള്‍ക്കും ഇദ്ദേഹത്തിന്റെ തൂലിക ചലിച്ചു.

മാതൃഭൂമിയുടെ ഗള്‍ഫ് ഫീച്ചറിലടക്കം എഴുതിയ ഇദ്ദേഹം പ്രവാസിയുടെ ജീവിതം, സൗദിയിലെ പ്രാദേശികവാര്‍ത്തകള്‍, ഒട്ടകങ്ങളെക്കുറിച്ചും കൃഷിയിടത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ തുടങ്ങിയവയിലും മികവുകാട്ടി. വിദേശത്തെത്തി ചതിക്കുഴികളില്‍ വിഷമിക്കുന്ന മനുഷ്യരുടെ നേര്‍ച്ചിത്രം കുടുംബങ്ങളെ അറിയിക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്.

കറുത്ത കണ്ണടയും തെളിഞ്ഞ താരങ്ങളും

കത്തയച്ചു കിട്ടുന്ന മറുപടികൊണ്ട് വാര്‍ത്തയാക്കുന്ന കാലം. കറുത്തഫ്രെയിമുള്ള കണ്ണാടിയിലൂടെ സലീം അറിയപ്പെടാത്തവന്റെ കളിലഹരി തേടി. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ജിജു ജേക്കബ്, സന്തോഷ് ട്രോഫി കേരളാ ടീം ഗോളിയായിരുന്ന ശിവദാസന്‍ കണ്ണൂര്‍, അഞ്ചുവര്‍ഷം തുടര്‍ച്ചയായി കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ച ഹമീദ്, ടൈറ്റാനിയം ടീമിന്റെ ക്യാപ്റ്റന്‍ അന്‍വര്‍ കാവുങ്ങല്‍ തുടങ്ങിയവരെ തുടക്കത്തില്‍ത്തന്നെ ലോകത്തിന് പരിചയപ്പെടുത്താനും സലീമിനായി. പ്രശസ്തിയിലേക്ക് വളരുന്നതിനും മുന്‍പേയുള്ള ഐ.എം. വിജയന്റെ കളിയെക്കുറിച്ചും എഴുതിയിട്ടുണ്ട്. 2021-ലെ കോപ്പ അമേരിക്ക ഫൈനലിന്റെ മലപ്പുറം ഓളത്തെക്കുറിച്ചു മാതൃഭൂമിയിലും എഴുതി. (തുടരും)