അതൊരു കാലത്തിന്റെ ചരിത്രംകൂടിയാണ്. ഇപ്പോഴും മലപ്പുറം ഫുട്ബോളിന്റെ ചരിത്രവേരുകള്‍ തേടുന്നവര്‍ ആദ്യമെത്തുന്നത് ഈ തറവാട്ടുമുറ്റത്താണ് - ചെമ്മങ്കടവിലെ കിളിയമണ്ണില്‍ തറവാടിന്റെ മുറ്റത്തുനിന്ന് ഫസല്‍ ഇതു പറയുമ്പോള്‍ ആ കണ്ണുകളില്‍ ഗാലറികളിലെ ആവേശം തിരയടിക്കുന്നു. കവാത്തുപറമ്പില്‍ ബ്രിട്ടീഷ് ബൂട്ടുകള്‍ തട്ടിക്കളിച്ച കാല്‍പ്പന്തിനെ മെരുക്കിയെടുത്ത മലപ്പുറത്തുകാരുടെ ആദ്യ ഫുട്ബോള്‍ടീം പിറന്നത് ഈ വീട്ടിലാണ്.

To advertise here,

മലപ്പുറത്തെ പ്രമാണികുടുംബമായ കിളിയമണ്ണിലിന്റെ റബ്ബര്‍ എസ്റ്റേറ്റിന്റെ പേരില്‍നിന്നായിരുന്നു ജില്ലയിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബിന്റെ തുടക്കം. എം.ആര്‍.ഇ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട മൊയ്തു റബ്ബര്‍ എസ്റ്റേറ്റ് ടീം. ടീമിന് രൂപംനല്‍കിയ മൊയ്തുഹാജിയുടെ മകനാണ് ഫസല്‍. എം.ആര്‍.ഇ. രൂപവത്കരിക്കുന്നതിന്റെ ആലോചനകളും ചര്‍ച്ചകളും ചില പരിശീലനങ്ങളും നടന്നതും കിളിയമണ്ണിലിന്റെ മുറ്റത്ത്.

വിജയങ്ങളിലേക്ക്

കവാത്തു പറമ്പിന്റെ (കോട്ടപ്പടി മൈതാനം) ഇടവഴികളില്‍നിന്ന് ബ്രിട്ടീഷുകാരന്റെ പന്തുകളി കണ്ടുപഠിച്ചവരാണ് മലപ്പുറത്തുകാര്‍. പതിയെപ്പതിയെ മുന്നേറ്റക്കാരനും പ്രതിരോധക്കാരനും ഗോളിയും ഇന്നാട്ടുകാര്‍ക്ക് പരിചയമുള്ള പദങ്ങളായി. മുപ്പതുകളില്‍നിന്ന് അമ്പതുകളിലെത്തുമ്പോഴേക്കും സംഘടിതമായി കളിക്കാമെന്ന വീര്യവും മലപ്പുറത്തുകാര്‍ക്കുണ്ടായി. കിളിയമണ്ണില്‍ മൊയ്തുഹാജി എം.ആര്‍.ഇ. ടീമിന് പിറവി നല്‍കി. ടീമില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രമുഖരുമുണ്ടായി.

1952-ല്‍ ടീം കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായി. 53-ല്‍ തൃശ്ശൂരില്‍ ചാക്കോള ട്രോഫിയില്‍ മുത്തമിട്ടു. മലപ്പുറംകണ്ട മികച്ച ഫുട്ബോളറായ ടൈഗര്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ പോലീസിനെ തോല്‍പ്പിച്ചാണ് എം.ആര്‍.ഇ. ചാക്കോള ട്രോഫി സ്വന്തമാക്കിയത്. ഇതോടെ എം.ആര്‍.ഇ.ക്ക് മലബാര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ അസോസിയേഷനില്‍ അംഗത്വം ലഭിച്ചു. തൊട്ടടുത്ത വര്‍ഷവും കോഴിക്കോട് ജില്ലാ ചാമ്പ്യന്‍മാരായി. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന മലബാര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തി. ഇതേ കാലയളവില്‍നടന്ന മിക്ക ടര്‍ണമെന്റുകളിലും എം.ആര്‍.ഇ. മികച്ച പ്രകടനം പുറത്തെടുത്തു.

ടീമംഗങ്ങളും പ്രമുഖര്‍

മലപ്പുറത്തെ ഫുട്ബോള്‍ മാന്ത്രികരെന്നു വിശേഷിപ്പിക്കുന്ന ആലിക്കുട്ടി, അബൂബക്കര്‍, അയമു, ഛോട്ടാ സൈതലവി, ഡിക്രൂസ്, കോപ്പിലാന്‍ ആലി, പെരിന്തല്‍മണ്ണ കുഞ്ഞിമൊയ്തീന്‍, ഒളിംപ്യന്‍ റഹ്‌മാന്‍, നൂര്‍ മുഹമ്മദ്, ഡേവിഡ്, ബാലന്‍, മാമൂട്ടി, മൂസ ചന്ദ്രന്‍, സി.ഡി. ജോസ്, പ്രഭു, ഖാദര്‍, അലി, ഹംസ, പുതുശ്ശേരി അബൂബക്കര്‍, കക്കാടന്‍ മുഹമ്മദ്, ഡി.എച്ച്. അബൂബക്കര്‍, കിളിയമണ്ണില്‍ മൊയ്തൂട്ടി എന്നിവരായിരുന്നു അംഗങ്ങള്‍.

1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ നാലാംസ്ഥാനം നേടിയ ഇന്ത്യന്‍ ടീമിന്റെ പ്രതിരോധക്കോട്ടയായിരുന്നു ഒളിമ്പ്യന്‍ റഹ്‌മാന്‍. സൈതലവി മദിരാശി സ്റ്റേറ്റിനും സന്തോഷ് ട്രോഫിയിലും കളിച്ച ആദ്യ മലപ്പുറത്തുകാരനാണ്. ഡിക്രൂസ് 56-ല്‍ ഡ്യൂറന്റ് കപ്പുയര്‍ത്തിയ എം.ആര്‍.സി. ടീമംഗം. ആലിക്കുട്ടി, ടൈഗര്‍ അബൂബക്കര്‍ എന്നിവര്‍ മൈസൂര്‍ മുസ്ലിംസിനും ബാംഗ്ലൂര്‍ മുസ്ലിംസിനുമായി കളിച്ചു. അയമു എ.എസ്.സി. ആലപ്പുഴ, കോഴിക്കോട് യൂണിവേഴ്സല്‍, സിറ്റി കമ്പാനിയന്‍സ്, കണ്ണൂര്‍ ബ്രദേര്‍സ്, ലക്കി സ്റ്റാര്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

അമ്പതുകളില്‍ മികച്ച ടീമായി വളര്‍ന്നെങ്കിലും എം.ആര്‍.ഇ.ക്ക് അധികകാലം ആയുസ്സുണ്ടായില്ല. മികച്ച കളിക്കാരുടെ കൂടുമാറ്റവും ചിട്ടയായ രീതിയിലുള്ള മാനേജ്മെന്റുകളുടെ അഭാവവും എം.ആര്‍.ഇ.യുടെ ശ്വാസം നിലപ്പിച്ചു.

ടൂര്‍ണമെന്റ് നടത്തിപ്പ്

മൊയ്തുഹാജിയും സഹോദരങ്ങളായ മുഹമ്മദുപ്പ, മൊയ്തുട്ടി എന്നിവരുംചേര്‍ന്ന് 53-ല്‍ മലപ്പുറത്ത് അഖിലേന്ത്യാ ലെവന്‍സ് ടൂര്‍ണമെന്റും നടത്തി. ജില്ലയുടെ ഫുട്ബോള്‍ ചരിത്രത്തിലെ പ്രഥമ അഖിലേന്ത്യാ ലെവന്‍സ് ടൂര്‍ണമെന്റായിരുന്നു അത്. കേരളത്തിലെയും മദ്രാസ്, മധുര, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെയും പ്രമുഖ ടീമുകള്‍ പങ്കെടുത്തു. ഡിക്ലാസ് സായിപ്പിന്റെ നേതൃത്വത്തിലുള്ള ചാലഞ്ചേഴ്‌സ് തിരുവനന്തപുരമാണ് കപ്പ് നേടിയത്. ഒരു പരസ്യവും നല്‍കാതെ അക്കാലത്ത് നൂറുകണക്കിനാളുകള്‍ കളി കാണാനെത്തിയത് എം.ആര്‍.ഇ.യുടെ സംഘാടനത്തിന്റെ വിജയമായിരുന്നു.

മൊയ്തുഹാജിയുടെ കുടുംബം

ഫാത്തിമയാണ് മൊയ്തുഹാജിയുടെ ഭാര്യ. ഫസലിനെക്കൂടാതെ മുംതാസ്, റംല, ആയിഷ, അജ്മല്‍, നാസര്‍ എന്നീ മക്കളുമുണ്ട്. മൊയ്തുഹാജിയുടെ അനുജന്റെ മക്കളും കുടുംബവുമാണ് ഇപ്പോള്‍ കിളിയമണ്ണില്‍ വീട്ടില്‍ താമസിക്കുന്നത്.