'ലയണല്‍ മെസ്സി വന്നാലും വരച്ചവരയില്‍ നിര്‍ത്തും ഞാന്‍' - കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും മലപ്പുറം കോട്ടപ്പടിയിലെ കക്കാടന്‍ ഷാജിയുടെ ഈ വാക്കുകളിലുമുണ്ട് അല്‍പ്പം കാര്യം. 25 വര്‍ഷത്തോളമായി ഫുട്ബോള്‍ മൈതാനത്തിന്റെ നീളവും വീതിയും കണക്കുകളും അറിയുന്ന മാര്‍ക്കറാണ് ഷാജി.

To advertise here,

ബാല്യത്തില്‍ പന്തുതട്ടിത്തുടങ്ങിയ ഷാജിക്ക് പതിയെ മൈതാനത്തിലെ വരയിടല്‍ ഉപജീവനമാര്‍ഗമായി മാറി. സെന്റര്‍ലൈന്‍, കോര്‍ണര്‍ലൈന്‍, ഔട്ട്ലൈന്‍, പെനാല്‍റ്റിബോക്സ് എന്നിവയുടെ അളവുകള്‍ ഏത് പാതിരാത്രിക്കു വിളിച്ചുചോദിച്ചാലും ഹൃദിസ്ഥമാണ് ഷാജിക്ക്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ വിവിധ ജില്ലകളിലെ സെവന്‍സ്, ലെവന്‍സ് ടൂര്‍ണമെന്റുകളുടെ 90 ശതമാനം ഗ്രൗണ്ടുകളും കൃത്യമായി മാര്‍ക്ക് ചെയ്ത് കളിക്കൊരുക്കുന്നത് കക്കാടന്‍ ഷാജിയാണ്.

പയ്യനാട് സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫി, സൂപ്പര്‍ കപ്പ്, കോഴിക്കോട് ഐ ലീഗ്, ഇന്ത്യന്‍ കോളേജ് ടൂര്‍ണമെന്റ് തുടങ്ങിയ പ്രമുഖ മത്സരങ്ങളിലെല്ലാം കളിക്കാര്‍ മഹാദ്ഭുതം കാട്ടിയത് ഷാജിയുടെ വരകള്‍ക്കുള്ളില്‍നിന്നാണ്.

പുല്ലിലാണെങ്കില്‍ ഡിസ്റ്റംബര്‍ പെയിന്റും ചെളിയില്‍ കുമ്മായവുമാണ് വരയ്ക്കാന്‍ ഉപയോഗിക്കുന്നത്. ടൂര്‍ണമെന്റിന്റെ വലുപ്പമനുസരിച്ച് പരമാവധി മൂന്നുപേരെ ഷാജി സഹായത്തിനായി കൂടെക്കൂട്ടും. ജനുവരിമുതല്‍ മാര്‍ച്ച്വരെയാണ് തിരക്കേറുക. ഒരു ഗ്രൗണ്ട് ഒരുക്കാന്‍ പരമാവധി ഏഴുമണിക്കൂര്‍ വേണം.

വിശ്വസ്തതയുടെ പേരുകൂടിയാണ് ഷാജി

ഗ്രൗണ്ടുകളുടെ വരയിടലില്‍ മിക്ക ടൂര്‍ണമെന്റ് നടത്തിപ്പുകാരുടെയും വിശ്വസ്തനാണ് ഷാജി. ഐ.എസ്.എല്ലിലെയും ഐ.ലീഗിലെയും മികച്ച ആറു ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍കപ്പ് ഫുട്ബോളിന്റെ വേദിയൊരുക്കിയപ്പോള്‍ പരിശോധിക്കാനെത്തിയ കമ്മിഷണര്‍മാര്‍ അഭിനന്ദിച്ചതും ഇദ്ദേഹത്തിന്റെ മികവിനുള്ള ഗോള്‍ഡണ്‍ ബൂട്ടാണ്. സെവന്‍സിനായി 60 മീറ്റര്‍ നീളത്തിലും 40 മീറ്റര്‍ വീതിയിലുമാണ് ഗ്രൗണ്ടൊരുക്കുക. ലെവന്‍സാണെങ്കില്‍ ഇത് യഥാക്രമം 105 മീറ്ററും 66 മീറ്ററുമാണ്.

ജീവിതത്തിന്റെ വരതെളിയാതെ

സ്ഥിരം വരുമാനമില്ലാത്തതിനാല്‍ മൈതാനവരയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നില്ല. സീസണില്‍ ചുരുക്കം മാസങ്ങളില്‍ മാത്രമാണ് വരുമാനം. സീസണില്‍ ഒരേദിവസം ഒന്നിലധികം ടൂര്‍ണമെന്റുകള്‍ക്ക് വരയ്ക്കാന്‍ വിളിക്കുമ്പോള്‍ പ്രതിസന്ധിയാകും. നിലവില്‍ കേരളത്തിലാകെ പത്തോളം മാര്‍ക്കര്‍മാരുണ്ട്. വരയില്ലാത്ത സമയങ്ങളില്‍ കോട്ടപ്പടിയിലെ മൈതാനം പരിപാലകന്റെ ജോലിയുമുണ്ട് ഈ അന്‍പത്തൊന്നുകാരന്.

മലപ്പുറത്ത് ബ്രിട്ടീഷുകാര്‍ക്കതിരേ പന്തുതട്ടി പാരമ്പര്യമുള്ള ടൈഗര്‍ അബൂബക്കറിന്റെ പേരമകനാണ് ഷാജി. ഭാര്യ പി. ജസീനയും ഏക മകള്‍ ഷഹാനയും ഭര്‍ത്താവുമെല്ലാം ഷാജിയുടെ ഫുട്ബോള്‍ ലഹരിക്ക് പിന്തുണയുമായുണ്ട്.