ഓരോ ടൂര്‍ണമെന്റിനും മാസങ്ങള്‍ക്കുമുന്‍പേ ഉണരുന്നവര്‍. അവസാനത്തെ കാണി കളംവിട്ടാലും ആഴ്ചകള്‍ പിന്നെയും സമര്‍പ്പിക്കേണ്ടവര്‍. ഫുട്‌ബോള്‍ മേളകള്‍ ഒരുക്കുന്നതിനിടയില്‍ രാപകലുകളെ മറന്നുപോയ ഒരുപാട് കഥകളുണ്ട് ഓരോ സംഘാടകനും പറയാന്‍

To advertise here,

പിറന്നുവീഴുന്ന ഓരോ കുട്ടിയുടെ ഹൃദയത്തിലും ഫുട്‌ബോളിന്റെ താളമിടിക്കുന്ന ഗ്രാമങ്ങള്‍. അങ്ങനെ വളരുന്ന കളിപ്രേമികള്‍ ഒഴുകിയെത്തിച്ചേരുന്ന വലിയ കടല്‍. തിരൂരങ്ങാടിയെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാമെങ്കില്‍ അവിടെ ഫുട്ബോള്‍ പാരമ്പര്യത്തിന്റെ ആദ്യപേരിലുണ്ടാകും എം.കെ.എ. സമദ് മെമ്മോറിയല്‍ ക്ലബ്ബ്.

ജില്ലയില്‍ തലപ്പൊക്കമുള്ള സംഘാടകരുടെ പട്ടിക പരതിപ്പോകുമ്പോള്‍ സമദ് മെമ്മോറിയലിന്റെ നടത്തിപ്പുകാരില്‍ ഒരാളിലേക്കാണ് എത്തുക. പേര് കുഴിയന്‍തടത്തില്‍ ഹംസ. ബാല്യംമുതല്‍ ഫുട്ബോള്‍ കമ്പക്കാരനായിരുന്നു ഹംസ. പന്തിനോടുള്ള മുഹബ്ബത്ത് 1964-ലെ ജില്ലാ സ്‌കൂള്‍ ഇന്റര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ടീമംഗം വരെയാക്കി. ജീവിതം കരുപ്പിടിപ്പിക്കാന്‍ 1977-ല്‍ പ്രവാസിയായ ഹംസയുടെ നാട്ടിലെ പിന്നീടുള്ള അവധിദിവസങ്ങള്‍ തീരുമാനിച്ചതുപോലും ടൂര്‍ണമെന്റുകളാണ്. അങ്ങനെ 84-മുതല്‍ ടൂര്‍ണമെന്റ് സംഘാടകന്റെ ജേഴ്സിയണിഞ്ഞ ഹംസ ഇന്നുമത് അഴിച്ചുവെച്ചിട്ടില്ല.

പ്ലാനിങ് ശരിയാകണം, കണക്കുകൂട്ടലും

ഫുട്ബോള്‍ കളിയും സംഘാടനം കാര്യവുമാണെന്നാണ് ഹംസയുടെ നിലപാട്. പ്ലാനിങ്ങും കണക്കുകൂട്ടലുമാണ് കളിവിജയത്തിന്റെ ആധാരം. കളി തോറ്റാല്‍ അടുത്തതില്‍ തിരുത്താം. സംഘാടനം പിഴച്ചാല്‍ ചിലപ്പോള്‍ ജീവിതംതന്നെ തകര്‍ന്നേക്കും. കുരുണിയന്‍ മുഹമ്മദാജി, സി.എച്ച്. അബ്ദുറഹ്‌മാന്‍ ഹാജി, കെ.ടി. ബാവ തുടങ്ങിയ പ്രമുഖരുടെ കൂടെയാണ് സമദ് മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ജോ. സെക്രട്ടറിയായി ഹംസ ആദ്യ വിസിലൂതുന്നത്. പിന്നീട് ഇതുവരെ മുപ്പത്തൊന്നോളം ടൂര്‍ണമെന്റുകളില്‍ മുഖ്യ സംഘാടകന്‍. ഇതില്‍ 24 തവണയും സമദ് മെമ്മോറിയലിന്. ബാക്കിയുള്ളവ മറ്റ് ക്ലബ്ബുകളുടെ ടൂര്‍ണമെന്റുകള്‍ക്ക്.

നടത്തിപ്പു പാളി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായവര്‍ ഒരുപാടുള്ള സംഘാടകമേഖലയില്‍ നാളിതുവരെയുള്ള ടൂര്‍ണമെന്റുകള്‍ ലാഭമാക്കിയതും ഹംസയുടെയും കൂട്ടരുടെയും നേട്ടമാണ്. ഗ്രൗണ്ടും ഗാലറിയുമൊരുക്കല്‍, ടീമുകളെ തീരുമാനിക്കല്‍, ഫിക്സ്ചര്‍ തയ്യാറാക്കല്‍, ടിക്കറ്റ് മുറിക്കല്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഏകീകരണം എന്നിവയാണ് ഇവരുടെ പ്രധാന ചുമതല. തുടക്കത്തില്‍ ഒരു ലക്ഷം രൂപയായിരുന്നു ടൂര്‍ണമെന്റ് ചെലവെങ്കില്‍ ഇന്നത് പതിനാലുലക്ഷമായെന്നും കളിയാസ്വാദകരുടെ പള്‍സറിഞ്ഞ ഈ എഴുപത്തേഴുകാരന്‍ ഓര്‍ക്കുന്നു.

സെവന്‍സും സാമൂഹികസേവനവും

കളിയോടൊപ്പം സെവന്‍സ് ടൂര്‍ണമെന്റുകളെ ജനകീയമാക്കിയതിലൊന്നാണ് സാമൂഹികസേവനം. ഓരോ ടൂര്‍ണമെന്റുകള്‍ക്ക് ശേഷവും ലാഭത്തിന്റെ വലിയൊരു പങ്ക് സാമൂഹിക, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ഹംസയും കൂട്ടരും നല്‍കുന്നത്. തിരൂരങ്ങാടി ഹൈസ്‌കൂളിന് അടുക്കളക്കെട്ടിടത്തിനായി നാലുലക്ഷം രൂപനല്‍കി. സ്‌കൂള്‍ ഗ്രൗണ്ടിനുള്ള ചുറ്റുമതില്‍, വില്ലേജ് ഓഫീസ്, വിവിധ ആശുപത്രികള്‍, രോഗികളുടെ ചികിത്സാചെലവുകള്‍ തുടങ്ങിയവയിലേക്കും ലാഭവിഹിതം എത്തുന്നുണ്ട്. പാട്ടത്തില്‍ ആസ്യയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഫൈസല്‍, ഖൗലത്ത്, ആരിഫ എന്നിവര്‍ മക്കളാണ്. (തുടരും)