പനാജി: ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ലബ്ബുകളിലൊന്നായ സാല്‍ഗോക്കര്‍ എഫ്.സി ഫുട്ബോള്‍ മതിയാക്കുന്നു. ഗോവന്‍ ക്ലബ്ബായ സാല്‍ഗോക്കര്‍ 1956 ലാണ് രൂപീകൃതമായത്. 67 വര്‍ഷം ഫുട്ബോള്‍ ആരാധകരെ രസിപ്പിച്ചശേഷമാണ് സാല്‍ഗോക്കര്‍ ഗ്രൗണ്ട് വിടുന്നത്. സാല്‍ഗോക്കറിന്റെ ജൂനിയര്‍ ടീമുകള്‍ ലീഗുകളില്‍ കളിക്കും.
ഗോവന്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചുകാലമായി ഗോവന്‍ പ്രഫഷണല്‍ ലീഗില്‍ മാത്രമാണ് സാല്‍ഗോക്കര്‍ കളിച്ചത്. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായിരുന്നു സാല്‍ഗോക്കര്‍. മെനിനോ ഫിഗ്വെയ്റിഡോ, ബ്രഹ്മാനന്ദ് ശങ്ക്വാൾക്കര്, ബ്രൂണോ കുടീന്യോ തുടങ്ങിയ നിരവധി ലോകോത്തര താരങ്ങളെ സമ്മാനിക്കാന്‍ ടീമിന് സാധിച്ചു.
ഗോവയിലെ വ്യവസായിയായ വി.എം.സാല്‍ഗോക്കറാണ് ക്ലബ്ബ് സ്ഥാപിച്ചത്. വിംസണ്‍ എന്ന പേരില്‍ കളിക്കാനാരംഭിച്ച സാല്‍ഗോക്കര്‍ എഫ്.സി 1957-ല്‍ രണ്ടാം ഡിവിഷന് കിരീടം സ്വന്തമാക്കി അതും ഒരു മത്സരം പോലും തോല്‍ക്കാതെ. പിന്നീട് അടുത്ത വര്‍ഷം ഒന്നാം ഡിവിഷണലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1961-ല്‍ ടീം ഗോവന്‍ ലീഗിലെ ചാമ്പ്യന്മാരായി.
ഫെഡറേഷന് കപ്പ്, നാഷണല്‍ ഫുട്ബോള്‍ ലീഗ്, ഡ്യൂറന്റ് കപ്പ് എന്നീ കിരീടങ്ങള്‍ നേടിയ ആദ്യ ഗോവന്‍ ടീമാണ് സാല്‍ഗോക്കര്‍. 1961-ല്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്റു സ്വവസതിയിലേക്ക് ടീം അംഗങ്ങളെ ക്ഷണിച്ചിരുന്നു. സീനിയര്‍ ടീമില്‍ മാത്രമായി ഒതുങ്ങുന്നതല്ല സാല്‍ഗോക്കറിന്റെ പാരമ്പര്യം. സീനിയര്‍ ടീമിനൊപ്പം ജൂനിയര്‍ ടീമുകളെയും ടീം വളര്‍ത്തിക്കൊണ്ടുവന്നു.
നാഷണല്‍ ഫുട്ബോള്‍ ലീഗിലും ഐ.ലീഗിലും നിറസാന്നിധ്യമായിരുന്നു സാല്‍ഗോക്കര്‍. എന്നാല്‍ ഐ.എസ്.എല്‍ വന്നതോടെ ടീം തകര്‍ച്ച നേരിട്ടു. പിന്നീട് മേജര്‍ ലീഗുകളില്‍ കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീമിന് സാധിച്ചില്ല.ഗോവന്‍ ലീഗില്‍ മാത്രമായി ടീം ഒതുങ്ങി. ഐ.ലീഗില്‍ നിന്നുവരെ സ്ഥാനം നഷ്ടപ്പെട്ടു. സാമ്പത്തികമായി പ്രതിസന്ധികള്‍ നേരിട്ടു. ഒടുവില്‍ സാല്‍ഗോക്കറും ചരിത്രമാകുകയാണ്.
Content Highlights: Salgaocar FC hangs up its boots after 67 years
Published: 28 Jun 2023, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented