മാലി: ശനിയാഴ്ച നടന്ന സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മധ്യനിരതാരം സുരേഷ് സിങ്, മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി വലകുലുക്കിയത്. 

ഇതില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സഹല്‍ നേടിയ ഗോള്‍ ആരാധകരുടെ കൈയടി നേടിയിരുന്നു. നേപ്പാള്‍ പെനാല്‍റ്റി ബോക്‌സിന് തൊട്ടുവെളിയില്‍ ഇടതുഭാഗത്ത് വെച്ച് പന്ത് ലഭിച്ച സഹല്‍ ബോക്‌സില്‍ മൂന്ന് നേപ്പാള്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ പിറന്ന ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു ഇത്.

സീനിയര്‍ ടീമിനായി സഹലിന്റെ ആദ്യ ഗോളായിരുന്നു ഇത്. ദൈവം തന്ന ഗോളാണ് അതെന്നായിരുന്നു മത്സര ശേഷം സഹലിന്റെ പ്രതികരണം. 

ഇന്ത്യയുടെ എട്ടാം സാഫ് കപ്പ് കിരീടമായിരുന്നു ഇത്. 2019-ല്‍ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.

Content Highlights: sahal abdul samad about his wonder goal against nepal in saaf cup final