ആംസ്റ്റർഡാം: ഫിഫ ലോകകപ്പ് നോക്കൗട്ടിൽ മൊറോക്കോയോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ നെതർലൻഡ്‌സ് പരിശീലകൻ റൊണാൾഡ് കോമാൻ രാജിവെച്ചു. ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങിയതായി പ്രഖ്യാപിച്ചത്. ലോകകപ്പ് സ്വപ്‌നവുമായി വന്ന ടീമിന്റെ പരാജയത്തിൽ തന്നെക്കാൾ ദുഃഖിതരായി ആരുമില്ലെന്നും പരിശീലകൻ എന്ന നിലയിൽ അതിന്റെ ഏറ്റവുംവലിയ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഡച്ച് ടീമിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിയാൻ ഇന്നലെ രാത്രി തീരുമാനമെടുത്തു. ലോകകപ്പിൽ ചരിത്രം രചിക്കണമെന്ന സ്വപ്‌നം ഞങ്ങളെല്ലാവരും പങ്കുവെച്ചതായിരുന്നു. പക്ഷേ, അതിൽ പരാജയപ്പെട്ടു. അതിൽ എന്നെക്കാൾ ദുഃഖിതരായി ആരുമില്ല. മുഖ്യപരിശീലകനെന്ന നിലയിൽ, അതിന്റെ ഏറ്റവുംവലിയ ഉത്തരവാദിത്വം എനിക്കാണ്', കോമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഫുട്‌ബോൾ തന്റെ ജീവിതംതന്നെയായിരുന്നെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി ജീവിതത്തിൽ ഫുട്‌ബോളിനേക്കാൾ പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന തന്റെ പ്രിയപ്പെട്ട ഭാര്യ ബാർട്ടീനയ്ക്ക് ഒപ്പം നിൽക്കാനാണ് ഇനി തീരുമാനം. കഠിനമായ രോഗാവസ്ഥയിലും ഡച്ച് ടീമിന്റെ കോച്ചായുള്ള ദൗത്യം പൂർത്തിയാക്കാൻ ഭാര്യ നൽകിയ പിന്തുണയ്ക്ക് വാക്കുകൾക്കതീതമായ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018 മുതൽ 2020 വരെയും പിന്നീട് 2023 ജനുവരി മുതലും നെതർലൻഡ്‌സിന്റെ പരിശീലകനായി പ്രവർത്തിച്ച കോമാൻ, ബാഴ്‌സലോണ, എവർട്ടൺ, സതാംപ്ടൺ, ഫെയ്‌നൂർദ്, വലൻസിയ, ബെൻഫിക്ക, അയാക്‌സ് തുടങ്ങിയ ക്ലബ്ബുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, കോമാൻ സ്വയം രാജിവെച്ചില്ലായിരുന്നുവെങ്കിൽ പോലും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഡച്ച് ഫുട്‌ബോൾ അസോസിയേഷന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമായിരുന്നെന്ന് ടെക്‌നിക്കൽ ഡയറക്ടർ നൈജൽ ഡി ജോങ് സൂചന നൽകി.