ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്. രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ കീഴടക്കിയത്. ഇതോടെ സ്‌പെയിനിന്റെ അപരാജിത കുതിപ്പിനും അവസാനമായി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇംഗ്ലീഷ് പട മികച്ച മുന്നേറ്റങ്ങൾ നടത്തി. ഹാരി കെയ്‌നും ആന്തണി ഗോർഡനും സ്‌പെയിൻ ഗോൾമുഖത്തേക്ക് ഇരച്ചെത്തി. അത് പ്രതിരോധിക്കാൻ സ്പാനിഷ് സംഘം നന്നായി ബുദ്ധിമുട്ടി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് പെനാൽറ്റിയിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്നു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ട് വീണ്ടും ലക്ഷ്യം കണ്ടു. കോർണറിൽ നിന്ന് ഹെഡറിലൂടെ എസ്രി കോൺസ വലകുലുക്കി. രണ്ട് ഗോളടിച്ചതിന് പിന്നാലെയും ഇംഗ്ലണ്ട് മുന്നേറ്റം തുടർന്നു. അതോടെ സ്‌പെയിൻ വൻ പ്രതിരോധത്തിലായി. 57-ാം മിനിറ്റിൽ ഇംഗ്ലണ്ട് മൂന്നാം ഗോളും കണ്ടെത്തി. ബെൻ വൈറ്റാണ് സ്‌കോറർ.
പിന്നീട് സ്‌പെയിൻ തിരിച്ചടിക്കാനുള്ള നീക്കങ്ങൾ നടത്തി. 65-ാം മിനിറ്റിൽ സ്‌പെയിനിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ ലമിൻ യമാലിനെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. എല്ലിയറ്റ് ആൻഡേഴ്‌സണ് ചുവപ്പ് കാർഡും ലഭിച്ചു. കിക്കെടുത്ത ഒയർസബാൽ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങിയതോടെ സ്‌പെയിൻ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 75-ാം മിനിറ്റിൽ സ്‌പെയിൻ രണ്ടാം ഗോളും നേടി. നിക്കോ വില്ല്യംസാണ് വലകുലുക്കിയത്.
സമനില ഗോളിനായി തുടർച്ചയായി സ്പാനിഷ് നിര ഇംഗ്ലീഷ് ബോക്‌സിനുള്ളിൽ കയറിയിറങ്ങി. എന്നാൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡ് മികച്ച സേവുകളുമായി ടീമിന്റെ രക്ഷക്കെത്തി. സ്‌പെയിൻ എത്ര ശ്രമിച്ചിട്ടും സമനില ഗോൾ കണ്ടെത്താനായില്ല. അതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. 43 മത്സരങ്ങളിലെ സ്‌പെയിനിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച ഇംഗ്ലണ്ട് നേഷൻസ് ലീഗ് ഗ്രൂപ്പ് സിയിൽ തലപ്പത്തെത്തി.
Content Highlights: England defeated world champions Spain 3-2 in a thrilling UEFA Nations League match
Published: 16 Nov 2026, 08:28 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented