സാന്നിധ്യംകൊണ്ട് വേദികളെ പ്രകാശിപ്പിക്കുന്ന ചിലരുണ്ട്. പോളിഷ് ക്യാപ്റ്റൻ റോബേർട്ട് ലെവൻഡോവ്സ്‌കി അത്തരത്തിൽ മിന്നുന്ന ഒരു താരമാണ്. റോബേർട്ടിന്റെ മികവുകൾ കാണാനാവില്ല എന്നതാണ് ഈ ലോകകപ്പിന്റെ വലിയ നഷ്ടങ്ങളിലൊന്ന്. സ്റ്റോക്‌ഹോമിൽ നടന്ന പ്ലേ ഒാഫ് മത്സരത്തിൽ സ്വീഡനോട് 3-2 ന് പോളണ്ട് തോറ്റുപുറത്തായതോടെ ലോകകപ്പിൽ കളിച്ചു വിടവാങ്ങാമെന്ന റോബേർട്ടിന്റെ പ്രതീക്ഷകളാണ് കരിഞ്ഞുപോയത്.

To advertise here,

ആധുനിക ഫുട്‌ബോൾ തട്ടകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊബർട്ട്. കിടയറ്റ സെന്റർ ഫോർവേഡും പ്രസിഷൻ സ്‌ട്രൈക്കറും. പോളണ്ടിനുവേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ കളിക്കാരൻ. ചാമ്പ്യൻസ് ലീഗിൽ മെസ്സിക്കും റൊണാൾഡോക്കും പിറകെ ഏറ്റവും കൂടുതൽ, 107, ഗോളുകൾ. റോണാൾഡോയ്ക്കും ലുക്കാക്കുവിനും പിറകെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ അടിച്ച യൂറോപ്യൻ (89).

കളിച്ച എല്ലാ ക്ലബ്ബുകളെയും നേട്ടത്തിലെത്തിച്ച അമൂല്യതാരം. ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനൊപ്പവും ബയേൺ മ്യൂണിക്കിനൊപ്പവും ഉജ്ജ്വലപ്രകടനം കാഴ്ചവെച്ച റോബേെർട്ട്, ബാഴ്സ‌ലോണയുടെ അവിഭാജ്യഘടകമാണിപ്പോൾ. മൂന്നു ക്ലബ്ബുകൾക്കായി 100 വീതം ഗോളുകൾ…. ഏതു പരിതസ്ഥിതിയിലും പെരുമാറാനറിയാവുന്ന ‘ഓൾ വെതർ പ്ലെയർ’. സുദീർഘവും വിജയകരവുമായ കളിവർഷങ്ങൾ അതിന് ഉദാഹരണം. റോെബർട്ടിനെ നിയന്ത്രിച്ച മാനേജർമാരുടെ പട്ടിക കാണുക, ക്ലോപ്പ്, ഗാർഡിയോള, ആഞ്ചലോട്ടി, ഹെയ്നക്സ്, കോവാക്, ഫ്ലിക്, നാങ്കൽസ്മാൻ, സാവി. ഒന്നിനൊന്നു വ്യത്യസ്ത ശൈലികൾ പാലിക്കുന്നവർ. ആരേയും അയാൾ നിരാശപ്പെടുത്തിയില്ല.

ഒരു ഫുട്‌ബോളർക്കുവേണ്ട സാമ്പ്രദായിക മികവും ശരീരഭാഷയുമുള്ള കളിക്കാരനാണ് റൊബെർട്ട് എന്നു ഫുട്ബോൾ പണ്ഡിതർ. എതിരാളികളുടെ പകുതിയിൽ ഇടംതീർക്കാനും പ്രതിരോധനിരയുടെ കാണാക്കോണുകളിൽ ഇറങ്ങിവരാനുമുള്ള മിടുക്കാണ് അദ്ദേഹത്തെ ഏറ്റവും അപകടകാരിയാക്കുന്നത്. തികവുറ്റ സാങ്കേതികതയും നിമിഷാർധതീരുമാന പാടവവും ‘ഏറ്റവും മൂർച്ചയേറിയ വേട്ടക്കാരൻ’ എന്ന ഖ്യാതി നൽകുന്നു. മധ്യനിരയിൽ കളി നിയന്ത്രിച്ചും ഇറങ്ങിവന്ന് പ്രതിരോധിച്ചും പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു കയറിവരാനുമുള്ള ശാരീരികക്ഷമത. ഗോൾ മെഷീനായ അദ്ദേഹത്തെ ‘ലെവൻഗോൾസ്‌കി’ എന്നു വിളിക്കുന്നത് വെറുതെയല്ല.

‘എല്ലാവരേയും കാണിക്കാനാണ് ഞാൻ പൊരുതുന്നത്. ഞാനാണ് പറ്റിയ ആൾ എന്നു കാണിക്കാൻ’. റൊബെർട്ട് ഒരിക്കൽ പറഞ്ഞു. അത് ശരിയായിരുന്നുതാനും. മെസ്സി, റൊണാൾഡോ മാജിക്കിൽ മുങ്ങിപ്പോവേണ്ടതല്ല ഒരിതിഹാസത്തിന്റെ ഗരിമ. കരിയറിന്റെ ഇങ്ങേ കോർണറിൽ എത്തിനിൽക്കുന്ന മുപ്പിത്തേയഴുകാരനായ പോളിഷ് ക്യാപ്റ്റ‌ൻ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. അതയാൾ അർഹിക്കുന്നുണ്ടായിരുന്നില്ല.