മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് പി.എസ്.ജി. സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്‍മാര്‍ക്ക് മുതലാക്കാനായില്ല. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് പി.എസ്.ജി.യുടെ ജയം. ഇതോടെ 6-4 അഗ്രിഗേറ്റ് സ്‌കോറോടെ പി.എസ്.ജി. സെമിയില്‍ പ്രവേശിച്ചു. രണ്ട് ഗോളുകള്‍ നേടിയ കിലിയന്‍ എംബാപ്പെയാണ് ബാഴ്‌സയെ തകര്‍ത്തത്.
12-ാം മിനിറ്റില്‍ റാഫീഞ്ഞ ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ച് പ്രതീക്ഷകള്‍ സജീവമാക്കി. ലമിനെ യമാല്‍ നല്‍കിയ ക്രോസ് റാഫീഞ്ഞ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 29-ാം മിനിറ്റില്‍ ബാര്‍കോളയെ ഫൗള്‍ ചെയ്തതിന് റൊണാള്‍ഡ് അറോഹൊ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇത് ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങി ബാഴ്‌സയ്ക്കുമേല്‍ പിന്നീടാണ് പി.എസ്.ജി.യുടെ നാലു ഗോളുകളും പിറന്നത്.
40-ാം മിനിറ്റില്‍ ബാര്‍കോളയുടെ പാസില്‍നിന്ന് ഒസ്മാന്‍ ഡെംബലെയാണ് പി.എസ്.ജി.ക്കായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ 1-1 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു. തുടര്‍ന്ന് 54-ാം മിനിറ്റില്‍ വിറ്റിഞ്ഞ വീണ്ടും പി.എസ്.ജി.യെ മുന്നിലെത്തിച്ചു. ഇതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയിലായി. തുടര്‍ന്ന് 61, 89 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെ വല ചലിപ്പിച്ചതൊടെയാണ് പി.എസ്.ജി സെമി പോരാട്ടത്തിന് യോഗ്യത നേടിയത്.
എംബാപ്പെയുടെ ഗോളുകളിലൊന്നില്‍ 61-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബലയെ കാന്‍സലോ വീഴ്ത്തിയതോടെ ലഭിച്ച പെനാല്‍റ്റി വകയാണ്. നിശ്ചിതസമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കേ, മികച്ച ഒരു കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ എംബാപ്പെ രണ്ടാം ഗോള്‍ കണ്ടെത്തി. പി.എസ്.ജി.യുടെ വിജയവും ഉറപ്പാക്കി. ഇതിനിടെ ബാഴ്‌സലോണ പരിശീലകന്‍ സാവിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും വന്‍ തിരിച്ചുവരവ് നടത്തി. രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2-ന് തകര്‍ത്താണ് ഡോര്‍ട്ട്മുണ്ടിന്റെ സെമി പ്രവേശം. മാഡ്രിഡില്‍ നടന്ന ആദ്യപാദത്തില്‍ 2-1ന് പിന്നിലായിരുന്ന ഡോര്‍ട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിജയിച്ച് അഗ്രിഗേറ്റ് സ്‌കോറില്‍ 5-4ന് മുന്നിലെത്തി. 2013-ന് ശേഷം ആദ്യമായാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്.
34-ാം മിനിറ്റില്‍ ജൂലിയന്‍ ബ്രാണ്ട്ടിയാണ് ഡോര്‍ട്ട്മുണ്ടിനായി ആദ്യം വല ചലിപ്പിച്ചത്. 39-ാം മിനിറ്റില്‍ ഇയാന്‍ മാറ്റസനും ഗോള്‍ കണ്ടെത്തിയതോടെ ആദ്യ പകുതിയില്‍ത്തന്നെ ഡോര്‍ട്ട്മുണ്ട് സെമിയോടടുത്തു. പക്ഷേ, രണ്ടാം പകുതിയിലെ 49-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന്റെ പ്രതിരോധതാരം മാറ്റ്‌സ് ഹമ്മല്‍സിന്റെ ഓണ്‍ ഗോളിലൂടെ അത്‌ലറ്റിക്കോ തിരിച്ചുവന്നു. തുടര്‍ന്ന് എയ്ഞ്ചല്‍ കൊറിയ അത്‌ലറ്റിക്കോയ്ക്കായി ലീഡ് നേടി.
ഏഴ് മിനിറ്റുകള്‍ക്കുശേഷം ഡോര്‍ട്ട്മുണ്ട് മുന്നേറ്റ താരം നിസ്ലസ് ഫുള്‍ക്രഗ് ഗോള്‍ നേടിയതോടെ കളി വീണ്ടും സമാസമം. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 74-ാം മിനിറ്റില്‍ മാര്‍സല്‍ സബിറ്റസര്‍ വല ചലിപ്പിച്ചതോടെ ഡോര്‍ട്ട്മുണ്ടിന്റെ സെമി മോഹം സഫലമായി. സെമിയില്‍ പി.എസ്.ജി.യാണ് ഡോര്‍ട്ട്മുണ്ടിന്റെ എതിരാളി.
Content Highlights: psg vs dortmund champions league semi final
Published: 17 Apr 2024, 03:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented