
സാൻ ഫ്രാൻസിസ്‌കോ: തുർക്കിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് പരഗ്വായ് 2026 ലോകപ്പിലെ ആദ്യ ജയം നേടി. മത്സരം ആരംഭിച്ച് 65-ാം സെക്കൻഡിൽത്തന്നെ പരഗ്വായ്യുടെ വിജയ ഗോളെത്തി. രണ്ട് മത്സരങ്ങളും തോറ്റ തുർക്കി ടൂർണമെന്റിൽനിന്ന് പുറത്തായി. അതേസമയം, നാടകീയ രംഗങ്ങളുടെയും പുതിയ ഫിഫ നിയമം മൈതാനത്ത് നടപ്പിലാക്കിയതിന്റെയും പശ്ചാത്തലത്തിൽക്കൂടി മത്സരം ശ്രദ്ധേയമായി. ആദ്യപകുതിയിൽ പരഗ്വായ് താരം ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് തുർക്കിയുടെ ശക്തമായ ആക്രമണങ്ങളെ പ്രതിരോധിച്ചത്.
65-ാം സെക്കൻഡിൽത്തന്നെ പരഗ്വായ് തുർക്കിയെ ഞെട്ടിക്കുകയായിരുന്നു. മധ്യനിരതാരം മത്യാസ് ഗലാർസ തുർക്കി ബോക്‌സിന് വെളിയിൽനിന്ന് തൊടുത്ത തകർപ്പൻ ലോങ് ഷോട്ട് ഗോളായി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. എന്നാൽ, തൊട്ടടുത്ത മിനിറ്റുകളിൽത്തന്നെ ഫൗൾചെയ്തതിന് ഗലാർസയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. മത്സരത്തിലുടനീളം പന്ത് കൈവശംവയ്ക്കുന്നതിലും ആക്രമണങ്ങളിലും തുർക്കി മുന്നിട്ടുനിന്നെങ്കിലും പരഗ്വായ് വലയിൽ പന്തെത്തിക്കാൻ മാത്രമായില്ല.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ നാടകീയമായ രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. കളിക്കളത്തിൽ ഇരുടീമിലെയും കളിക്കാർ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് പരഗ്വായ് താരം മിഗ്വൽ അൽമിറോണിനെതിരേ റഫറി ചുവപ്പുകാർഡെടുത്തു. പരസ്യമായി വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ചുവപ്പുകാർഡ് നൽകണമെന്ന ഫിഫയുടെ പുതിയ കടുത്ത നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഇതോടെ പരഗ്വായ് പത്തുപേരായി ചുരുങ്ങി. ലോകകപ്പിലെ ഏഴാമത്തെ ചുവപ്പുകാർഡാണിത്.
രണ്ടാംപകുതിയിൽ പത്തുപേരുമായി പ്രതിരോധക്കോട്ട കെട്ടിയ പരഗ്വായ് തുർക്കിയുടെ സമനിലയ്ക്കായുള്ള എല്ലാ ശ്രമങ്ങളേയും കഠിനമായി ചെറുത്തു. എങ്കിലും പരഗ്വായ് ഗോൾമുഖം തുർക്കി നിരന്തരമായി വിറപ്പിച്ചുകൊണ്ടിരുന്നു. അർദ ഗുലറുടെ ഫ്രീകിക്കുകളും കെനാൻ യിൽദിസിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളും പരഗ്വായ്‌യെ ഞെട്ടിച്ചു. മുൽദൂർ തൊടുത്ത ഒരു മികച്ച ഹെഡ്ഡർ ക്രോസ് ബാറിലും പോസ്റ്റിലും ഇടിച്ച് തെറിച്ചതും പകരക്കാരനായി വന്ന ഗുലിന്റെ ഹെഡ്ഡർ ഗോളി കൈപ്പിടിയിലൊതുക്കിയതും തുർക്കിയെ സംബന്ധിച്ച നിർഭാഗ്യങ്ങളായി. ഇതിനിടെ തുർക്കി പരിശീലകൻ വിൻസെൻസോ മോണ്ടെല്ല റഫറിയോട് തർക്കിച്ചതിന് മഞ്ഞക്കാർഡ് വാങ്ങി.
കളിയുടെ അവസാന ഘട്ടത്തിലും കനത്ത പോരാട്ടമാണ് നടന്നത്. തുർക്കി നിരയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഉടൻതന്നെ എറെൻ എൽമാലിക്ക് മഞ്ഞക്കാർഡ് ലഭിച്ചു. അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും എണ്ണമറ്റ അവസരങ്ങളാണ് തുർക്കിക്ക് ലഭിച്ചിരുന്നതെങ്കിലും ഒന്നും വലയിലെത്തിയില്ല.
Published: 20 Jun 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented