മഡ്രിഡ്: ഫുട്‌ബോൾ മത്സരത്തിനിടെ എതിർതാരവുമായി കൂട്ടിയിടിച്ച് സ്പാനിഷ് താരത്തിന് ദാരുണാന്ത്യം. സ്‌പെയിൻ രണ്ടാം ഡിവിഷനിലെ മത്സരത്തിനിടെയാണ് സംഭവം. സിഡി ടെനറിഫെ ക്ലബ്ബിന്റെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേലാണ് മരിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മിഗ്വേലിന്റെ മരണവിവരം ക്ലബ്ബ് അറിയിച്ചത്.

To advertise here,

സിഡി ടെനറിഫെയും എഫ്‌സി അൻഡോറയും തമ്മിലുള്ള മത്സരത്തിലാണ് ദാരുണമായ സംഭവം. പന്തിനായുള്ള ശ്രമത്തിനിടെ മിഗ്വേൽ അൻഡോറയുടെ ഗോൾകീപ്പർ ജെസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ താരം മൈതാനത്തുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിച്ചതിന് പിന്നാലെ താരത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം.

കൂട്ടിയിടിക്ക് പിന്നാലെ ഗോൾകീപ്പർ ഓവോനോയെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയിരുന്നു. എന്നാൽ മത്സരം പിന്നീട് ഉപേക്ഷിച്ചു. മിഗ്വേലിന്റെ മരണത്തിൽ ഇരുക്ലബ്ബുകളും ഞെട്ടൽ രേഖപ്പെടുത്തി. മിഗ്വേലിന്റെ വിയോഗം നികാത്താനാകാത്ത നഷ്ടമാണെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ലീഗിലെ ചൊവ്വാഴ്ചത്തെ മത്സരങ്ങൾ നീട്ടിവെച്ചു.