
മരണത്തോളം അനിശ്ചിതത്വമുള്ളതാണ് ഫുട്‌ബോളും. 90 മിനിറ്റുകൾക്കിടയിൽ എപ്പോൾ ഗോൾ വരുമെന്നോ ആര് ഗോളടിക്കുമെന്നോ പ്രവചിക്കാനാകില്ല. എന്നാൽ, സ്വന്തം രാജ്യത്ത് കാത്തിരിക്കുന്ന തൂക്കുകയറിൽനിന്ന് രക്ഷപ്പെടാൻ എതിരാളികളുടെ ഫ്രീകിക്ക് പുറത്തേക്കടിച്ചു കളഞ്ഞ ഒരു കളിക്കാരനുണ്ട്. അവഗണനയും വഞ്ചനയും നേരിട്ട് കുറ്റബോധത്തോടെ തലകുനിച്ചുനിന്ന ആ താരത്തിന് മുന്നിൽ ആ സമയം മറ്റ് വഴികളൊന്നും തെളിഞ്ഞിരുന്നില്ല. എതിർ ടീം മൂന്ന് ഗോളിൽ കൂടുതൽ അടിച്ചാൽ കാത്തിരിക്കുന്നത് തൂക്കുകയറാണെന്ന ഭരണാധികാരിയുടെ ഭീഷണിയും സ്വന്തം ഫുട്‌ബോൾ അസോസിയേഷനിലെ ആളുകൾ പണം അപഹരിച്ച് കടന്നുകളഞ്ഞതും അയാളുടെ മനസിനെ നീറ്റി. ഫുട്‌ബോളിന്റെ നിയമങ്ങൾ പോലും അറിയാത്തവനെന്ന് ആളുകൾ പരിഹസിച്ചാലും റഫറി തരുന്ന റെഡ് കാർഡിലൂടെ പ്രതിഷേധമറിയാക്കാനായിരുന്നു അയാളുടെ പദ്ധതി. എന്നാൽ, അവിടേയും അയാൾക്ക് തോൽക്കേണ്ടിവന്നു. ആ നിമിഷം സഹതാപം തോന്നിയ നിക്കാളെ റെയ്‌നെ എന്ന റഫറി അയാൾക്ക് നേരെ ഉയർത്തിയത് മഞ്ഞക്കാർഡായിരുന്നു.
1974 ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ സയറിന് വേണ്ടി കളത്തിലിറങ്ങിയ മുആപു ഇല്ലുങ്കയായിരുന്നു ആ താരം. അന്ന് ബ്രസീലിനെതിരായ മത്സരത്തിൽ മൂന്ന് ഗോളിന് അവർ പരാജയപ്പെട്ടു. ബോക്‌സിന് പുറത്തുനിന്ന് ബ്രസീലിന് ലഭിച്ച ഒരു ഫ്രീകിക്കിലാണ് പിന്നീട് ഫുട്‌ബോൾ ലോകത്ത് നിരന്തരം ചർച്ചയായ ആ സംഭവമുണ്ടായത്. കിക്കെടുക്കാൻ റിവെല്ലിനോ തയ്യാറായി നിന്നു. മുന്നിൽ കോട്ട കെട്ടി സയർ താരങ്ങളും. ഇതിനിടയിലാണ് ഇല്ലുങ്ക അപ്രതീക്ഷിതമായി ഓടിവന്ന് ആ പന്ത് പുറത്തേക്കടിച്ചു കളഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിമിഷം മനസിലായില്ല. റഫറി മഞ്ഞക്കാർഡ് ഉയർത്തിയതോടെ കമന്റേറ്റർ ജോൺ മൊറ്റ്‌സൺ ‘ആഫ്രിക്കൻ അജ്ഞതതയുടെ വിചിത്രമായ നിമിഷം’ എന്ന് വിളിച്ചുപറഞ്ഞു. ‘ഫുട്‌ബോളിലെ കോമാളികൾ’ എന്ന പരിഹാസംവരെ വർഷങ്ങളോളം സയർ താരങ്ങൾ സഹിക്കേണ്ടിവന്നു. എന്നാൽ, 52 വർഷങ്ങൾക്കിപ്പുറം ഡിആർ കോംഗോ എന്ന പേരിൽ ആ രാജ്യം വീണ്ടും ലോകകപ്പിനിറങ്ങി പോർച്ചുഗലിന്റെ ഗോൾവല ചലിപ്പിച്ചപ്പോൾ ഇല്ലുങ്കയ്ക്ക് കൂടിയുള്ള ആദരമായിരുന്നു അത്. അര നൂറ്റാണ്ടിനപ്പുറം അപമാനത്താൽ മൈതാനത്ത് വിയർത്തൊലിച്ച് നിന്ന ഒരു ടീമിനോടുള്ള കടപ്പാട്. പക്ഷേ, യോനെ വിസ്സെയുടെ ആ ഹെഡ്ഡർ കാണാൻ ഇല്ലുങ്ക ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. നീണ്ടകാലം രോഗത്തോട് പോരാടിയ അദ്ദേഹം 2015-ൽ തന്റെ 66-ാം വയസിൽ ലോകത്തോട് വിട പറഞ്ഞിരുന്നു.
അൾജീരിയ കഴിഞ്ഞാൽ വിസ്തൃതിയിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. 1964-ൽ മൊബുട്ടു സീസെ സെക്കോ എന്ന ഏകാധിപതി ഭരണമേറ്റെടുത്തതിന് പിന്നാലെ കോംഗോയുടെ പേര് സയർ എന്നാക്കി മാറ്റി. പല ക്രൂരനിയമങ്ങളും അടിച്ചേൽപ്പിച്ച അതിക്രൂരനായ മൊബുട്ടുവിന് കായികമത്സരങ്ങളോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. 1974-ൽ കിൻഷാസയിലെ സ്‌റ്റേഡിയത്തിൽ നടന്ന മുഹമ്മദ് അലിയും ജോർജ് ഫോർമാനും തമ്മിലുള്ള 'ദി റംബ്ൾ ഇൻ ദി ജംഗ്ൾ' എന്ന ബോക്‌സിങ് മത്സരം അദ്ദേഹത്തിന്റെ വിജയകരമായ നീക്കങ്ങളിലൊന്നായിരുന്നു. ഇതിന് പിന്നാലെയാണ് സയർ ആഫ്രിക്കയിൽനിന്ന് ലോകകപ്പിന് യോഗ്യത നേടിയത്. പരാജയമറിയാതെ അവർ ആഫ്രിക്കൻ നാഷൻസ് കപ്പിലും മുത്തമിട്ടു. സന്തോഷത്താൽ മതിമറന്ന മൊബുട്ടു മുഴുവൻ ടീമംഗങ്ങളേയും അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അതിനെ കുറിച്ച് പിന്നീട് ഇല്ലുങ്ക 'ഡെത്ത് ഓർ ഗ്ലോറി; ദ ഡാർക്ക് ഹിസ്റ്ററി ഓഫ് വേൾഡ് കപ്പ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. 'അന്ന് പട്ടിണിയിൽ മാത്രം വളർന്ന ഞങ്ങളെ മൊബുട്ടുവിന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ദൈവവുമായുള്ള കൂടിക്കാഴ്ച്ച പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ഈജിപ്ത് നേരത്തെ യോഗ്യത നേടിയിട്ടുണ്ടെങ്കിലും ലോകകപ്പിൽ കളിക്കാൻ പോകുന്ന ആദ്യത്തെ ബ്ലാക്ക് ആഫ്രിക്കൻ ടീം ഞങ്ങളായിരുന്നു. അന്ന് ഞങ്ങൾ ലോകകപ്പിൽ അണിഞ്ഞ മഞ്ഞയും പച്ചയും ജെഴ്‌സി വരെ ഡിസൈൻ ചെയ്തത് മൊബുട്ടുവായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ തന്നു. ഓരോരുത്തർക്കും ബ്രാൻഡ് ന്യൂ കാർ. വലിയ വീടുകൾ. ഓരോരുത്തർക്കും 20,000 ഡോളർ വീതം. ഞങ്ങളിൽ പലർക്കും ഇത് വിശ്വസിക്കാനായില്ല.' ഇല്ലുങ്ക പുസ്തകത്തിൽ പറയുന്നു. ടീമംഗങ്ങളോടുള്ള മൊബുട്ടുവിന്റെ സ്‌നേഹം അവിടേയും തീർന്നിരുന്നില്ല. ലോകകപ്പ് നടക്കുന്ന വെസ്റ്റ് ജർമനിയിലേക്ക് ടീം ചാർട്ടേഡ് വിമാനത്തിലാണ് പറന്നത്. വിമാനത്താവളത്തിൽനിന്ന് പുതിയ ബ്രാൻഡ് മെഴ്‌സിഡസ് ബസിൽ ആഡംബര ഹോട്ടലിലേക്കുള്ള യാത്ര. അവിടെ താമസത്തിനായി വലിയ തുക സ്‌റ്റൈപ്പൻഡും.
ഫുട്‌ബോൾ അസോസിയേഷനിൽനിന്നു ധാരാളം ഉദ്യോഗസ്ഥർ ഈ ആഡംബരം അസ്വദിക്കാനായി ടീമിനൊപ്പം വെസ്റ്റ് ജർമനയിലെത്തിയിരുന്നു. കളിക്കാർക്ക് വാഗ്ദാനം ചെയ്ത പണം ഇതിനിടയിൽ അപഹരിക്കപ്പെടുകയും ചെയ്തു. അത്രയും പണം എവിടപ്പോയി എന്ന് കണ്ടെത്താനുമായില്ല. ഇതോടെ, കളിക്കാരുടെ ദൈനംദിന അലവൻസ് മുടങ്ങി. കോച്ച് യുഗോസ്ലാവിനോട് കളിക്കാർ അലവൻസ് ചോദിച്ചപ്പോൾ പുറത്തിറങ്ങാതെ ഹോട്ടൽ മുറിയിൽ തന്നെ തങ്ങാനുള്ള നിർദേശമാണ് ലഭിച്ചത്.. ഇതോടെ കളിക്കാരുടെ മനോവീര്യം ചോർന്നു. തങ്ങൾക്ക് വാഗ്ദാനം ചെയ്തതെല്ലാം നഷ്ടപ്പെട്ടു എന്ന് അവർ തിരിച്ചറിഞ്ഞു. മൊബുട്ടു പ്രതീക്ഷിച്ചതുപോലെ അത്ര കരുത്തരല്ലായിരുന്നു ആഫ്രിക്കയ്ക്ക് പുറത്ത് ആ ടീം. ആഫ്രിക്കയ്ക്ക് പുറത്തുള്ള ടീമുകളുമായി കളിച്ച് പരിചയമുള്ളവർ വളരെ കുറച്ചുപേർ മാത്രമാണ് ടീമിലുണ്ടായിരുന്നത്. ഇറ്റാലിയൻ, സ്വിസ് ക്ലബ് ടീമുകൾക്കെതിരായ ടൂർണമെന്റിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളിൽ അവർ നന്നായി വിയർത്തു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു. രണ്ടാമത്തെ മത്സരം യുഗോസ്ലാവിയയ്‌ക്കെതിരെ ആയിരുന്നു. ഇതോടെ യുഗോസ്ലാവിയയ്ക്കാരനായ പരിശീലകൻ വിദിനിക്കിനെതിരെ ഫുട്‌ബോൾ അസോസിയേഷൻ അപ്രതീക്ഷിതമായി വാർത്താസമ്മേളനം നടത്തി. തങ്ങളുടെ ടീമിന്റെ ഗെയിം പ്ലാൻ വിദിനിക്ക്, യുഗോസ്ലാവിയ ടീമിന് ചോർത്തിക്കൊടുത്തു എന്നായിരുന്നു ആരോപണം. അദ്ദേഹത്തെ തങ്ങൾ മാറ്റിനിർത്തിയിട്ടുണ്ടെന്നും ചില മാറ്റങ്ങൾ ഉടനെ കൊണ്ടുവരുമെന്നും അറിയിച്ചു. ഇതോടെ ടീമംഗങ്ങൾ അസോസിയേഷനെതിരെ തിരിഞ്ഞു. മത്സരം ബഹിഷ്‌കരിക്കാൻ വരെ അവർ തീരുമാനമെടുത്തു. എങ്കിലും അവസാനനിമിഷം കളത്തിലിറങ്ങാൻ തയ്യാറായി.
മത്സരം അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു. 18 മിനിറ്റ് പിന്നിട്ടപ്പോഴേക്കും മൂന്ന് ഗോളിന് ടീം പിന്നിലായി. ഗോൾകീപ്പർ കസാദി മാംബയെ പിൻവലിക്കാനുള്ള അപ്രതീക്ഷിത തീരുമാനം കോച്ചിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരൊറ്റ ഗോൾപോലും ഗോൾകീപ്പറുടെ പിഴവല്ലാതിരുന്നിട്ടും ആ തീരുമാനം ടീമംഗങ്ങളെ സമ്മർദ്ദത്തിലാക്കി.. ആദ്യ പകുതി പിന്നിട്ടപ്പോഴേക്കും ആറ് ഗോളിന് പിന്നിലായി. സയർ പത്ത് പേരായി ചുരുങ്ങി. ഇല്ലുങ്ക റഫറിയെ പിന്നിൽനിന്ന് ചവിട്ടിയതായിരുന്നു കാരണം. ആരാണ് ചവിട്ടിയതെന്ന് മനസിലാക്കാൻ പറ്റാതിരുന്ന റഫറി സയറിന്റെ ഫോർവാർഡ് മുലംബയ്ക്ക് റെഡ് കാർഡ് നൽകി. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ ടീം ഒമ്പത് ഗോളുകൾക്ക് തോറ്റു. ഇതോടെ നാണക്കേടിൽ വീണ ടീമംഗങ്ങൾക്ക് മൊബുട്ടു കടുത്ത മുന്നറിയിപ്പ് നൽകി. മൊബുട്ടു ഏൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർ ഹോട്ടൽ റൂമിൽ വന്ന് അവരോട് ആക്രോശിച്ചത് ഇങ്ങനെയായിരുന്നു: 'നിങ്ങൾ എല്ലാവരും സയറിന് നാണക്കേട് ഉണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. പുഴുക്കളെപ്പോലെയാണ് നിങ്ങളെന്നും. ബ്രസീലിനെതിരെ അവസാന മത്സരത്തിൽ മൂന്ന് ഗോളുകളിൽ കൂടുതൽ വഴങ്ങിയാൽ നിങ്ങളുടെ കുടുംബാംഗങ്ങളെ പിന്നീട് കാണില്ലെന്ന്് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങളെ ഓർത്ത് അദ്ദേഹത്തിന് വെറുപ്പ് മാത്രമാണുള്ളത്.' ജീവിതത്തിൽ ഇതിൽ കൂടുതൽ എന്ത് നാണക്കേടാണ് ഇനി നേരിടാനുള്ളത് എന്നായിരുന്നു അന്ന് അവർ ചിന്തിച്ചത്. ബ്രസീലിനെതിരായ മത്സരം ഒരർത്ഥത്തിൽ അവർക്ക് ജീവൻമരണ പോരാട്ടം തന്നെയായി. കളി തുടങ്ങി അധികം കഴിയുംമുമ്പേ വലയിൽ രണ്ട് ഗോളുകൾ കൂടി വീണതോടെ അവരുടെ സമ്മർദ്ദം കടുത്തു. അതിനിടയിലാണ് ഗോളെന്നുറപ്പിക്കാവുന്ന ഒരു ഫ്രീ കിക്ക് ബ്രസീലിന് വീണുകിട്ടിയത്. ജീവൻ മുറുകെപ്പിടിക്കാൻ മറ്റ് വഴിയില്ലാത്തതും ഗാലറിയിലിരുന്ന് കളി കാണുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ വിയർപ്പിന്റെ വില കട്ടെടുത്തതുമാണ് തന്നെ ആ പന്ത് പുറത്തേക്ക് അടിച്ചുകളയാൻ തോന്നിപ്പച്ചതെന്ന് പിന്നീട് ഇല്ലുങ്ക അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അന്ന് മൂന്ന് ഗോളിന് തോറ്റതിനാൽ അൽപം ആശ്വാസത്തോടെയാണ് ടീമംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. പലരും പട്ടിയിണിലേക്ക് വീണതോടെ ജോലി തേടി മറ്റ് നാടുകളിലേക്ക് ചേക്കേറി. കോകോ എന്ന താരം സ്റ്റട്ട്ഗാർട്ടിലെ മെഴ്‌സിഡസ് ഫാക്ടറിയിൽ ജോലിക്കുപോയി. യവംഗ ഫ്രാൻസിൽ സ്ഥിരതാമസമാക്കി. മിഡ്ഫീൽഡർ മാഫു കിബോംഗെ നെതർലൻഡ്‌സിലേക്ക് പോയി. അങ്ങനെ ആഫ്രിക്കയിൽ തേരോട്ടം നടത്തിയ ആ ടീം ഛിന്നഭിന്നമാക്കപ്പെട്ടു.
വീണ്ടും ഒരും ലോകകപ്പിലേക്ക് അവർക്ക് അര നൂറ്റാണ്ട് കാലം സഞ്ചരിക്കേണ്ടി വന്നു. ഇത്തവണ ആഫ്രിക്കയുടെ ക്വാളിഫിക്കേഷനിൽ ഗ്രൂപ്പ് ബിയിൽ സെനഗലിന് പിന്നിലായിരുന്നു കോംഗോ. ഇതോടെ നേരിട്ട് യോഗ്യത നേടാനാവാതെ അവർക്ക് രണ്ടാം റൗണ്ട് കളിക്കേണ്ടി വന്നു. രണ്ടാം റൗണ്ടിൽ കാമറൂണിനേയും നൈജീരിയേയും തോൽപ്പിച്ച് അവർ പ്ലേ ഓഫിന് യോഗ്യത നേടി. നൈജീരിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വിജയം. പ്ലേ ഓഫിൽ ജമൈക്കയായിരുന്നു എതിരാളികൾ. എക്‌സ്ട്രാ ടൈമിലെ ഗോളിലൂടെ ജമൈക്കയെ തുരത്തി അവർ ലോകകപ്പ് ടിക്കറ്റെടുത്തു. ഇക്കുറി എബോളയെന്ന മഹാമാരി ഇരുന്നൂറോളം ജീവനെടുത്തതിന്റെ സങ്കടക്കടലിലായിരുന്ന സമയത്തായിരുന്നു അവരുടെ ലോകകപ്പ് പ്രവേശം. പിന്നാലെ, കടുത്ത നിയന്ത്രണങ്ങളോടെ ഹൂസ്റ്റണിൽ പറന്നിറങ്ങി, പോർച്ചുഗലിനെതിരായ ആദ്യ മത്സരത്തിൽ പഴയ സങ്കടങ്ങളെയെല്ലാം ആ ഒരൊറ്റ ഗോളിലൂടെ മായ്ച്ചുകളഞ്ഞ അവർ ഫുട്‌ബോളിൽ മനോഹരമായ ഒരു ഏട് കൂടി തുന്നിച്ചേർത്തു.
.
Content Highlights: Debunks the myth of 'African ignorance' surrounding Ilunga's actions., Exposes the role of dictator Mobutu Sese Seko in the team's downfall., Reveals how government corruption and empty promises ruined the players' lives., Details the extreme threats of violence faced by the team during the tournament., Provides context on why Ilunga's act was likely a desperate attempt at survival or protest.
Published: 18 Jun 2026, 05:42 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented