തിരുവനന്തപുരം: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിലെത്തിയതിന് പിന്നാലെ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രി എം.ബി. രാജേഷ്. അർജൻറീനിയൻ ഫുട്ബോളിനെ കാല്പനികമായി സ്നേഹിക്കുന്നയാളാണെന്ന് താനെന്നും എന്നാൽ, ഈജിപ്തിനെതിരേ നടന്നത് കൊടിയ അനീതിയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. റഫറിയുടെ തീരുമാനങ്ങൾക്കെതിരേ കടുത്ത വിമർശനമുയർത്തിയ പോസ്റ്റ് പ്രസിദ്ധീകരിച്ച് അരമണിക്കൂറിനകം പിൻവലിച്ചു.

To advertise here,

ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

’നിഷ്പക്ഷത എന്നൊന്ന് ഇന്ന് ലോകത്തിൽ ഉണ്ടോ? ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ മുതൽ ഫിഫയും അവരുടെ റഫറിമാരും വരെ കളി നിയന്ത്രിക്കേണ്ടവരെല്ലാം ഇന്ന് സ്വയം കളിക്കാൻ ഇറങ്ങുകയാണ് എന്ന പരാതി ഉയരുന്നത് എന്തുകൊണ്ട് ? ഇന്നലെ അവസാന 15 മിനിട്ട് അർജൻറീന ഗംഭീരമായി കളിച്ചു. മെസ്സിയുടെ തകർപ്പൻ ഗോൾ അടക്കം അവരുടെ മൂന്നു ഗോളും ഉജ്ജ്വലമായിരുന്നു. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. സംശയമില്ല. പക്ഷേ അതൊന്നും ഈജിപ്തിനോട് ഫിഫയും റഫറിയും ചെയ്ത കൊടിയ അനീതിയെ ന്യായീകരിക്കാൻ പോന്നതല്ല.

മുസ്തഫ സിക്കോയുടെ അത്യുജ്ജ്വലമായ ഗോളിനെ, ഈജിപ്തിന്‍റെ ബോക്സിൽ നടന്ന ഒരു ഫൗളിന്‍റെ പേരിൽ പന്ത് പല പാസുകൾക്കു ശേഷം അർജൻറീയുടെ ബോക്സിൽ എത്തി ഗോളായപ്പോൾ അനുവദിക്കാതിരുന്നത് ഒന്നാമത്തെ അനീതി. അവസാന നിമിഷം അർജൻറീനയുടെ ബോക്സിൽ മുഹമ്മദ് സലായെ വ്യക്തമായി ഫൗൾ ചെയ്തിട്ടും അനുവദിക്കാതിരിക്കുകയും അർജൻറീനയുടെ വിജയഗോളിന് വഴിയൊരുക്കുകയും ഈജിപ്തിന്‍റെ കാര്യത്തിലെടുത്തതിന് നേർ വിപരീതമായ നിലപാടെടുത്ത് ആ ഗോൾ അനുവദിച്ചു കൊടുക്കുകയും ചെയ്തത് രണ്ടാമത്തെ അനീതി. സ്റ്റേഡിയത്തിലെ ലക്ഷത്തോളം കാണികളുടേയും ടെലിവിഷനിൽ ലോകമെമ്പാടും കളി കണ്ട കോടിക്കണക്കിന് ഫുട്ബോൾ പ്രേമികളുടേയും മുന്നിൽ അരങ്ങേറിയ നഗ്നമായ അനീതി.

ഒരുപക്ഷേ അതില്ലായിരുന്നെങ്കിലും എക്സ്ട്രാ ടൈമിലേക്ക് നീളുന്ന മത്സരം അർജൻറീന ജയിച്ചേക്കാം. ആ ജയം എത്ര മനോഹരമാകുമായിരുന്നു. അല്ലെങ്കിൽ മുഴുവൻ സമയത്ത് 3-2 നോ ഷൂട്ടൗട്ടിലോ അവർ പരാജയപ്പെട്ടേക്കാം. അതാണല്ലോ ഫുട്ബോൾ. ആ അപ്രവചനീയതയാണല്ലോ ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്. തിരക്കഥക്കനുസരിച്ചുള്ളതെന്ന് തോന്നിപ്പിക്കുന്ന അന്തിമഫലം കണ്ട് സായൂജ്യമടയാനല്ലല്ലോ കോടിക്കണക്കിന് ഫുട്ബോൾ പ്രേമികൾ കളികാണാൻ ഇരിക്കുന്നത്. തങ്ങളുടെ കളിക്കാരന്‍റെ ചുവപ്പുകാർഡ് അമേരിക്കൻ പ്രസിഡൻറ് ഫോണിൽ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടൽ നടക്കുന്ന ഒരു ലോകകപ്പിൽ എന്താണ് നടന്നുകൂടാത്തത്?.

ഫിഫ സംശയനിഴലിലാണ്. ഫിഫയുടെയും ലോകകപ്പിന്‍റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ചരിത്രത്തിൽ ഏകാധിപതികൾ പലപ്പോഴും ഫുട്ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ട്. 1978 ൽ അർജൻറീനയുടെ വിജയത്തിന് പിന്നിൽ പട്ടാള ഏകാധിപതി വിദേലയുടെ ഇടപെടലും 1934 ൽ ഇറ്റലിക്കായി മുസോളിനിയുടെ ഇടപെടലും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ബ്രസീലിയൻ മുൻ പ്രസിഡൻറും സ്വയം പ്രഖ്യാപിത ഫാസിസ്റ്റുമായ ബോൾസനാരോയുടെ പോസ്റ്റർ ബോയ് ആയിരുന്നു നെയ്മർ. ട്രമ്പിന്‍റെ ഉറ്റമിത്രവും സയണിസ്റ്റുമായ അർജൻറീനയുടെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ പ്രസിഡൻറിനും ഇപ്പോൾ ഒരു ലോകകപ്പ് അർജൻറീറീനയിലെത്തിക്കേണ്ടത് ആവശ്യമായേക്കാം. കാരണം ഉദാരവൽക്കരണ നയങ്ങൾ മൂലം അർജൻറീന കടുത്ത സാമ്പത്തിക കുഴപ്പത്തിലാണ്. ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നു. പട്ടാളക്കാർക്ക് ശമ്പളം കൊടുക്കാനില്ലാത്തതിനാൽ മറ്റു ജോലികൾ ചെയ്യാൻ അനുവാദം കൊടുത്തിരിക്കുകയാണ്.

വിലക്കയറ്റം ആകാശം മുട്ടെ ഉയർന്നിരിക്കുന്നു. ജനരോഷം വഴിതിരിച്ചുവിടണമല്ലോ. സ്കൂൾ യുവജനോത്സവത്തിലെ അപ്പീൽ അനുവദിക്കാൻ ശുപാർശ ചെയ്യുന്ന ചില എംഎൽഎമാരെപ്പോലെ വെറും ഒരു ചുവപ്പുകാർഡ് റദ്ദാക്കാൻ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്‍റെ, അതും ആതിഥേയ രാഷ്ട്രത്തിന്‍റെ പ്രസിഡൻറ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവില്ലെന്ന് ആർക്ക് ഉറപ്പുപറയാനാവും? നീതിരഹിതമായ ഒരു ലോകക്രമത്തിൽ മൈതാനങ്ങളിൽ മാത്രം നീതി പുലരുമെന്ന് വ്യാമോഹിക്കരുത്.വർഗ്ഗ വിഭജിത ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കളിമൈതാനങ്ങളിലും തുല്യനീതിയല്ല അധീശ വർഗ്ഗനീതി മാത്രമാണ് നടപ്പാക്കപ്പെടുന്നത്. പ്രത്യേകിച്ചും കളിമൈതാനങ്ങളിലേക്ക് കുത്തിയൊഴുകുന്ന വൻകിട മൂലധനവും അധീശ രാഷ്ട്രീയവും തമ്മിൽ ഇണചേരുമ്പോൾ. 1986 മുതൽ ഞാനൊരു അർജൻറീന ആരാധകനാണ്. അർജൻറീന തോറ്റപ്പോഴും 'ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ' എന്ന മട്ടിൽ അർജൻറീനിയൻ ഫുട്ബോളിനെ കാല്പനികമായി സ്നേഹിക്കുന്നയാൾ. പക്ഷേ ഇന്ന് പറയാതെ വയ്യ- ആദ്യം ഫുട്ബോൾ, പിന്നെ മാത്രം ഇഷ്ട ടീം''