വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. വിവരമറിയാന്‍ മൊബൈല്‍ ഫോണും വാട്ട്സാപ്പും ടി.വി.യുമില്ല. മലപ്പുറത്തിന്റെയും ചുറ്റുവട്ട ജില്ലകളിലെയും മൈതാനങ്ങളിലേക്ക് കാല്‍പ്പന്തുകളി കാണാന്‍ ആയിരങ്ങളെ എത്തിച്ചിരുന്നത് വാക്കുകള്‍കൊണ്ട് വിസ്മയം തീര്‍ത്ത അനൗണ്‍സര്‍മാരാണ്.

To advertise here,

രാവിലെമുതല്‍ മൈക്കുകെട്ടിയ വണ്ടിയില്‍ നാടുചുറ്റിയുള്ള വിളംബരം. വൈകുന്നേരം ഗ്രൗണ്ടില്‍ ഇമവെട്ടാതെ കളികണ്ടുള്ള വിവരണം. ഇവ രണ്ടും ഓര്‍ക്കുമ്പോള്‍ മലപ്പുറം പൈത്തിനിപ്പറമ്പിലെ മഞ്ഞക്കണ്ടന്‍ അബ്ദുല്‍ലത്തീഫിന്റെ സിരകളില്‍ ഇപ്പോഴും ആവേശമേറും.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് കോട്ടപ്പടി ഗവ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ റോഡിലൂടെ പോയ കോഴിക്കോട് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അനൗണ്‍മെന്റ് വാഹനമാണ് ലത്തീഫിന്റെ ജീവിതത്തെ അനൗണ്‍സ്മെന്റ് കോര്‍ട്ടിലേക്ക് നീട്ടിയടിച്ചത്. പ്രമുഖ അനൗണ്‍സര്‍ ബിച്ചുവിന്റെ ശബ്ദം ലത്തീഫിന്റെ ഹൃദയത്തിലെ ഗോള്‍പോസ്റ്റിലാണ് പതിച്ചത്. അങ്ങനെ 1978 മുതല്‍ മലപ്പുറം കൗമുദി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മഞ്ചേരി അലവിയെന്ന അനൗണ്‍സറുടെ സഹായിയായി കൂടി. നാലുവര്‍ഷത്തിനുശേഷം കോട്ടപ്പടി മൈതാനത്ത് സൈതലവി മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിലൂടെ സ്വതന്ത്ര അനൗണ്‍സറായി.

ആ ഉറച്ച ശബ്ദവും കോരിത്തരിപ്പിക്കുന്ന അനൗണ്‍സ്മെന്റും നൂറുകണക്കിനാളുകളെ ഗ്രൗണ്ടിലേക്കൊഴുക്കി. ആദ്യം 15 രൂപ കിട്ടിയ ലത്തീഫിന്റെ കൂലി പെട്ടെന്ന് അമ്പതായിമാറിയതും ആ മികവിനുള്ള അംഗീകാരമായിരുന്നു. 30 വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ മുതല്‍ തൃശ്ശൂര്‍ വരെ 42 സെവന്‍സ് ടൂര്‍ണ്ണമെന്റുകള്‍ക്ക് ലത്തീഫ് ശബ്ദമേകി. 2012-ല്‍ മലപ്പുറത്ത് നടന്ന എം.എസ്.പി. ടൂര്‍ണ്ണമെന്റോടെ അനൗണ്‍സ്മെന്റ് ജീവിതത്തിന് വിരാമമിട്ടു.

കളിക്കളം, കളിക്കാര്‍, കാണികള്‍... ഇവ മൂന്നിന്റെയും പൊലിമയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു ലത്തീഫിന്റെ ശൈലി. മിടുക്കരായ ഒരു കൂട്ടം ശിഷ്യരുള്ള ലത്തീഫ് ഇപ്പോള്‍ ഒതുക്കുങ്ങല്‍ റോയല്‍ കപ്പ്, വേങ്ങര കൂപ്പോപ്പ, കോട്ടയ്ക്കല്‍ അല്‍അസര്‍ തുടങ്ങിയ പ്രധാന ടൂര്‍ണ്ണമെന്റുകളുടെ സംഘാടനാസഹായിയാണ്. നിലവില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമായി വിവിധ ടൂര്‍ണ്ണമെന്റുകള്‍ക്ക് ഫിക്‌സ്ചര്‍ തയ്യാറാക്കുന്നതും ലത്തീഫാണ്.

കുടുംബം

ഇന്ത്യയുടെ വിവിധ മൈതാനങ്ങളില്‍ എണ്ണംപറഞ്ഞ ഗോളുകളിലൂടെ പ്രഗല്‍ഭനായ എം.ആര്‍.സി. അബൂബക്കറിന്റെ മകനാണ് ലത്തീഫ്. ഫുട്ബോള്‍ താരമായിരുന്ന ടൈഗര്‍ ആലിക്കുട്ടിയുടെ മകള്‍ കക്കാടന്‍ നൂര്‍ജഹാനാണ് ഭാര്യ. ജില്ലാ സ്പാര്‍ട്സ് കൗണ്‍സില്‍ പരിശീലകനും കായികാധ്യാപകനുമായ റിയാസ് ബാബു, ഫിറോസ് ബാബു, ലാലു നിയാസ് എന്നിവര്‍ മക്കളാണ്. (തുടരും)