ലണ്ടൻ: ബാലൺദ്യോർ പുരസ്‌കാരച്ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി പങ്കെടുക്കുമോയെന്ന ചർച്ചയിലാണ് ഫുട്ബോൾ ലോകം. 26-ന് നടക്കുന്ന ചടങ്ങിൽ വിജയികളിൽ ഒരാൾക്ക് ട്രോഫി സമ്മാനിക്കാൻ മെസ്സി കുടുംബത്തോടൊപ്പം എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, മെസ്സിയെ സംഘാടകർ ക്ഷണിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചടങ്ങിൽ ഔദ്യോഗിക ചുമതലകൾ ഇല്ലാത്തതിനാൽ, അദ്ദേഹത്തിന്റെ വരവുസംബന്ധിച്ച കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

To advertise here,

അതേസമയം ലണ്ടനിൽ നടക്കുന്ന ബാലൺദ്യോർ ചടങ്ങിൽ ജേതാവിന് ലയണൽ മെസ്സി ട്രോഫി സമ്മാനിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഘാടകരിൽ നിന്ന് മെസ്സിക്ക് ട്രോഫി വിതരണം ചെയ്യുന്നതിനായി യാതൊരു ക്ഷണവും ലഭിച്ചിട്ടില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രീസിയോ റൊമാനോ വ്യക്തമാക്കി. ഒക്ടോബർ 26-നാണ് ബാലൺദ്യോർ പുരസ്‌കാര ചടങ്ങ്.

ഇത്തവണത്തെ മികച്ച കളിക്കാരനുള്ള 30 പേരുടെ അന്തിമ പട്ടികയിൽ മെസ്സിയും ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബർ 26-ന് ലണ്ടൻ പല്ലാഡിയമിൽ നടക്കുന്ന ചടങ്ങിൽ മെസ്സി പങ്കെടുക്കുകയും ഇത്തവണത്തെ വിജയിക്ക് നേരിട്ട് ട്രോഫി കൈമാറുകയും ചെയ്യുമെന്ന് സ്പാനിഷ് സ്വതന്ത്ര ഫുട്‌ബോൾ റിപ്പോർട്ടറായ ഹുവാൻ ജീസസ് അവകാശപ്പെട്ടതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. എന്നാൽ ഈ വാർത്തകൾ ഫ്രാൻസ് ഫുട്‌ബോളോ യുവേഫയോ അല്ലെങ്കിൽ മെസ്സിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ ബാലൺദ്യോറിന്റെ 70-ാം പതിപ്പാണ് ലണ്ടനിൽ അരങ്ങേറുന്നത്. 1956-ൽ കന്നി ബാലൺ ഡി ഓർ നേടിയ സർ സ്റ്റാൻലി മാത്യൂസിനുള്ള ആദരവായാണ് ഇത്തവണ ചടങ്ങ് ലണ്ടനിൽ സംഘടിപ്പിക്കുന്നത്.