റിയാദ്: മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് തടസപ്പെട്ട ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരാളികളായ നെഫ്ത്ചി ഫെർഗാനയെ 3-1 ന് പരാജയപ്പെടുത്തി അൽ നസർ. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 981-ാം ഗോൾ തികച്ചു.

To advertise here,

അൽ-അവ്വൽ പാർക്കിൽ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. റിയാദിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി അറേബ്യയുടെ സൈനിക സഖ്യം വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി അറിയിച്ചു. സംഭവ സമയത്ത് സൗദി തലസ്ഥാനത്ത് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്.

വ്യോമ ഭീഷണിയെ തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകന്നുനിൽക്കാനും സിവിൽ ഡിഫൻസ് നിർദേശം നൽകിയുള്ള അടിയന്തര സന്ദേശങ്ങൾ റിയാദിലെ ജനങ്ങൾക്ക് ഫോണുകളിൽ ലഭിച്ചിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് സുരക്ഷാ ഭീഷണി ഉയർന്നപ്പോൾ, കാണികളോട് സ്വന്തം സീറ്റുകളിൽ തന്നെ തുടരാൻ സ്റ്റേഡിയം അനൗൺസർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കളിക്കളത്തിന് പുറത്തുണ്ടായ ഈ തടസ്സങ്ങളൊന്നും അൽ നാസറിന്റെ പ്രകടനത്തെ ബാധിച്ചില്ല. സുരക്ഷ ഉറപ്പാക്കി മത്സരം പുനരാരംഭിച്ചതോടെ അൽ നാസർ 3-1 ന് വിജയം സ്വന്തമാക്കുകയായിരുന്നു.