ബാലൺ ദ്യോറിൻ്റെ പുതിയ അവകാശി, റയലിൻ്റെ ബഹിഷ്കരണം
ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാത്തൊരു ബാലൺ ദ്യോർ നിശ, ആരാധകരെ ഏറെ അലട്ടിയ ആ ദു:സ്വപ്നം ഇതാ സത്യമായിരിക്കുന്നു. ഏതൊരു ഫുട്ബോൾ താരവും മനസ്സുകൊണ്ട് കൊതിക്കുന്ന ബാലൺ ദ്യോർ പുരസ്കാരം പുതിയ അവകാശിയെ തേടിയെത്തി. ലോക ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ നിമിഷങ്ങൾ എണ്ണി കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്, ബാലൺ ദ്യോറിൽ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി മുത്തമിട്ടു.
മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഒരുവശത്ത് ആഘോഷത്തിൽ ആറാടുമ്പോൾ മറുവശത്ത് റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ല, ടീം ഒന്നാകെ പ്രതിഷേധക്കോട്ട തീർക്കുകയാണ്. ഇത്തവണത്തേ ബാലൺ ദ്യോർ പുരസ്കാരം നേടുമെന്ന പ്രമുഖ ഫുട്ബോൾ അനലിസ്റ്റുകൾ പ്രവചിച്ച, ആരാധകർ ഉറച്ചുവിശ്വസിച്ച റയലിന്റെ വിനീഷ്യസ് ജൂനിയർ തഴയപ്പെട്ടതുതന്നെയാണ് കാരണം.
കഴിഞ്ഞ കുറച്ചുവർഷത്തിനിടെ ഏറ്റവും ശ്രദ്ധയാകർഷിച്ച ബാലൻ ദ്യോർ പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. കൃത്യമായി പറഞ്ഞാൽ നോമിനേഷൻ പട്ടിക പുറത്തുവന്നതുമുതൽ ബാലൻ ദ്യോർ തന്നെയായിരുന്നു ഫുട്ബോൾ ലോകത്തെ പ്രധാന സംസാരവിഷയം.ഇരുപത് വർഷത്തിനിടയിൽ ഇതിഹാസ താരങ്ങളായ മെസ്സിയും റൊണാൾഡോയുമില്ലാത്ത ബാലൺ ദ്യോർ അന്തിമ പട്ടിക, അതുതന്നെയായിരുന്നു ഹെെലെെറ്റ്. 2003-ന് ശേഷം ആദ്യമായിട്ടായിരുന്നു അർജന്റീനയുടെ ലയണൽ മെസ്സിയോ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയോ ഇല്ലാത്ത അന്തിമപട്ടിക വരുന്നത്. എട്ടുതവണയാണ് മെസി ബാലൺ ദ്യോർ നേടിയത്. റൊണാൾഡോ അഞ്ചുവട്ടം പുരസ്കാരം സ്വന്തമാക്കി.
യൂറോപ്പിലെ തീപാറും ക്ലബ്ബ് പോരാട്ടങ്ങളിൽ മെസിയും റൊണാൾഡോയും ഏറെക്കുറെ ഉണ്ടാവില്ലെന്ന യാഥാർഥ്യം ഫുട്ബോൾ ലോകം അംഗീകരിക്കുന്നുണ്ട്. ദേശീയ ടീമുകൾക്കായി കളത്തിലിറങ്ങുമ്പോഴും ക്ലബ് ഫുട്ബോളിൽ യൂറോപ്പിന് പുറത്താണ് ഈ ഇതിഹാസങ്ങൾ. ബാലൺ ദ്യോർ പോലുള്ള പുരസ്കാരങ്ങൾ യൂറോപ്യൻ ക്ലബ്ബ് പോരാട്ടങ്ങൾക്ക് നൽകുന്ന പ്രാധാന്യം കൂടി കണക്കിലെടുത്ത് ഇനിയൊരു പുരസ്കാരം ഇരുവർക്ക് അകലെയുമാണ്. അതിൻ്റെ തുടക്കം തന്നെയാണ് ഇരുവരുമില്ലാത്ത ബാലൺ ദ്യോർ അന്തിമപ്പട്ടിക. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബാലൺ ദ്യോറിൽ മെസിയുടേയും റൊണാൾഡോയുടേയും യുഗം അവസാനിച്ചുകഴിഞ്ഞു.
യുവതലമുറ പോരാട്ടം നയിക്കുന്ന പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് സ്പാനിഷ് താരം റോഡ്രി ബാലൺ ദ്യോർ കെെക്കുമ്പിളിൽ ഒതുക്കിയത്. ചരിത്രം എന്നും ഓർമിക്കുന്ന സുവർണനേട്ടം. ചൊവ്വാഴ്ച പുലർച്ചെ പാരീസിൽനടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. റോഡ്രിയുടെ പ്രകടനമികവിലും കഴിവിലും ആർക്കും സംശയമൊന്നുമില്ല. പക്ഷേ ഇക്കുറി വിനീഷ്യസിന് അർഹതപ്പെട്ടതായിരുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യങ്ങൾ.
പുതുതലമുറയിലെ ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ മുൻപന്തിയിൽ തന്നെയാണ് റോഡ്രിയുടെ സ്ഥാനം. സ്പെയിനിന് വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടിയും മികച്ച പ്രകടനം താരം പുറത്തെടുത്തു. 2024 -ലെ യൂറോ കപ്പ് സ്പെയിൻ ഉയർത്തിയതിൽ താരത്തിൻ്റെ പങ്ക് നിർണായകമായിരുന്നു. റോഡ്രി തന്നെയായിരുന്നു ടൂർണമെൻ്റിലെ മികച്ച താരവും. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിന് ശേഷം ബാലൺ ദ്യോർ നേടുന്ന മധ്യനിര താരം കൂടിയാണ് റോഡ്രി.
ഫ്രഞ്ച് ഫുട്‌ബോൾ മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് ബാലൺ ദ്യോർ പുരസ്‌കാരം നൽകുന്നത്. 2023 ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടമാണ് ബാലൺ ദ്യോറിനായി പരിഗണിച്ചത്. പുരസ്‌കാരം നിർണയിച്ച കാലയളവിൽ 12 ഗോളും 15 അസിസ്റ്റും റോഡ്രി തൻ്റെ പേരിൽ കുറിച്ചു. ദേശീയ ടീമിനായി യൂറോ കപ്പും നേഷൻസ് ലീഗും സ്വന്തമാക്കിയ റോഡ്രി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം കിരീടങ്ങൾ വാരിക്കൂട്ടി. സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങൾ റോഡ്രി നേടി. അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നെത്തിയ റോഡ്രി 2019 മുതൽ സിറ്റിക്കൊപ്പമുണ്ട്. ഇതുവരെ 260 മത്സരങ്ങളിൽ സിറ്റിക്കായി ബൂട്ടുകെട്ടി. 26 ഗോളുകൾ സ്വന്തം പേരിലെഴുതിച്ചേർത്ത താരം 12 കിരീടനേട്ടങ്ങളിൽ പങ്കാളിയുമായി.
ദേശീയ ടീമിനായി 57 മത്സരങ്ങളിലാണ് ഈ 28-കാരൻ ബൂട്ടണിഞ്ഞത്. നാലുഗോളുകളും സ്പാനിഷ് പടയ്ക്കുവേണ്ടി റോഡ്രിഗോ ഹെർണാണ്ടസ് കസ്കാൻ്റെ എന്ന റോഡ്രി നേടി.
കഴിഞ്ഞവർഷം ചെറിയൊരു ദൂരത്തിലാണ് ഒരു മാഞ്ചസ്റ്റർ സിറ്റി താരത്തിന് ബാലൺ ദ്യോർ നഷ്ടമായത്. ആ കണക്ക് ഇക്കുറി സിറ്റിക്ക് വീട്ടാനായി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് കഴിഞ്ഞതവണ ലയണൽ മെസി എട്ടാം ബാലൺ ദ്യോറിലേയ്ക്ക് എത്തിയത്.
മെസിയോ റൊണാൾഡയോ എന്ന ചോദ്യത്തിന് സ്ഥാനമില്ലാതിരുന്ന ഇത്തവണത്തെ ബാലൺ ദ്യോറിൽ മത്സരം പക്ഷേ കടുത്തതായിരുന്നു. ബ്രസീലിൻ്റെ വിനീഷ്യസ് ജൂനിയർ, ഇംഗ്ലണ്ടിൻ്റെ ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, നോർവേയുടെ എർലിങ് ഹാളണ്ട്, അർജന്റീനയുടെ ലൗട്ടാറോ മാർട്ടിനെസ് എന്നിവരും ശക്തമായ മത്സരവുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ വർഷം മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ താരമാണ് റയലിൻ്റെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം. എർലിങ് ഹാളണ്ട് ആവട്ടെ കഴിഞ്ഞ വർഷം മെസ്സിക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയ താരവും.
ഇവരൊക്കെ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയറിനായിരുന്നു കൂട്ടത്തിൽ കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. റയലിനായി കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം പുറത്തെടുത്തത് തന്നെയായിരുന്നു പ്രധാന കാരണം. 24 ഗോളുകളും 11 അസിസ്റ്റും റയലിനായി കഴിഞ്ഞ സീസണിൽ ഈ 24-കാരൻ നേടി. ചാമ്പ്യൻസ് ലീഗ് ഫെെനലിൽ ഡോർട്മുണ്ടിനെതിരെ ഗോൾ നേടിക്കൊണ്ട് ടീമിനെ കിരീടത്തിലെത്തിച്ചതും പൊൻതൂവലായി. ലാലീഗയിൽ റയൽ മുത്തമിട്ടപ്പോഴും വിനീഷ്യസ് മുന്നിൽ നിന്ന് നയിച്ചു.
ബാലൻ ദ്യോറിൽ വിനീഷ്യസ് നേരിട്ട തിരിച്ചടി പക്ഷേ റയൽ സഹിച്ചില്ല. പുരസ്കാര പ്രഖ്യാപനം ബഹിഷ്കരിച്ചുകൊണ്ടായിരുന്നു റയലിൻ്റെ പ്രതികരണം. വ്യക്തിഗത നേട്ടങ്ങൾ സ്വീകരിക്കാനും റയലിൻ്റെ താരങ്ങൾ എത്തിയില്ല. വിനീഷ്യസിന് പിന്നിലാക്കിയതിന് പിന്നിൽ വംശീയതയാണെന്ന ആരോപണവും അദ്ദേഹത്തിൻ്റെ ആരാധകർ ഉയർത്തുന്നുണ്ട്. ക്ലബ്ബിൻ്റെ തീരുമാനത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ബാഴ്‌സലോണയുടെ ഐയ്‌റ്റാനാ ബോൺമാറ്റിയാണ് മികച്ച വനിതാതാരത്തിനുള്ള ബാലൺ ദ്യോർ സ്വന്തമാക്കിയത്. കഴിഞ്ഞവർഷവും സ്‌പെയിനിന്റെ ഈ മധ്യനിരതാരം തന്നെയാണ് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച യുവതാരത്തിനുള്ള റെയ്‌മണ്ട് കോപ്പ പുരസ്കാരം ബാഴ്സയുടെ ലാമിൻ യാമലിന് ലഭിച്ചു.
റയൽ മാഡ്രിഡ് ആണ് മികച്ച ക്ലബ്ബ്. റയലിൻ്റെ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്‌കാരം നേടിയത് അർജന്റീനയുടെ വിശ്വസ്തൻ എമിലിയാനോ മാർട്ടിനസ് ആണ്. കഴിഞ്ഞ തവണയും അർജൻ്റീനയുടെ ലോകകപ്പിലെ ഈ വിജയശില്പിക്ക് തന്നെയായിരുന്നു പുരസ്കാരം. സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ഗ്രെഡ് മുള്ളർ പുരസ്‌കാരം ബയേൺ മ്യൂണിക്കിൻ്റെ ഹാരി കെയ്‌നും റയലിൻ്റെ കിലിയൻ എംബാപ്പെയും പങ്കുവെച്ചു.
Inshort| Rodri, the Manchester City player, has won the 2024 Ballon d'Or award. In recent years, the award has rarely been given to new generation players apart from Messi and Ronaldo. This time, the Ballon d'Or awarded to Rodri has also sparked protests. The reason behind this is the failure of Vinicius Junior from Real Madrid, who was strongly predicted by prominent football analysts and fans to win the award.
Content Highlights: manchester city player Rodri wins Ballon d'Or
Published: 29 Oct 2024, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented