കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണായുള്ള 28 അംഗ സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഞായറാഴ്ച പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ ഇന്റർ കാശി എഫ്സിക്കെതിരെ നടക്കുന്ന എവേ മത്സരത്തോടെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസൺ പോരാട്ടങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 5:00-നാണ് മത്സരം.
പരിചയസമ്പന്നരായ താരങ്ങളും ക്ലബ്ബിന്റെ വിശ്വസ്ത മുഖങ്ങളും പുതിയ സൈനിംഗുകളും ഒത്തുചേരുന്ന സന്തുലിതമായ ടീമുമായാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണെ നേരിടുന്നത്. ശക്തമായ ഇന്ത്യൻ യുവനിരയ്‌ക്കൊപ്പം മികച്ച വിദേശ താരങ്ങളും അണിനിരക്കുന്നതോടെ എല്ലാ പൊസിഷനുകളിലും ടീമിന് മികച്ച പകരക്കാരെയും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴിലാണ് ടീം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ടീം കാഴ്ച്ചവെച്ച മികച്ച പ്രകടനത്തിന്റെ തുടർച്ച ലക്ഷ്യമിട്ടാണ് വെസ്റ്റ്വുഡും സംഘവും ആദ്യ മത്സരത്തിന് ബൂട്ടുകെട്ടുന്നത്.
ക്രിയേറ്റീവ് മിഡ്ഫീൽഡിൽ കളി മെനയാൻ അഡ്രിയാൻ ലൂണ തന്നെയാണ് പ്രധാന കരുത്ത്. മുന്നേറ്റനിരയിൽ വേഗതയും അപകടകരമായ പ്രഹരശേഷിയുമായി ആന്ദ്രെ ഗ്രീനും, ശാരീരികക്ഷമതയും ഗോൾ സ്‌കോറിംഗ് മികവുമുള്ള മോമോ യാൻസാനെയും, ഇന്ത്യൻ യുവതാരം മുഹമ്മദ് സനാനും അണിനിരക്കുന്നു. ഇവർക്കൊപ്പം ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവോച്ച് എന്നിവരുടെ സാന്നിധ്യവും ടീമിന് മുതൽക്കൂട്ടാകും.
പ്രതിരോധക്കോട്ട കാക്കാൻ അനുഭവസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിംഗിനൊപ്പം ഹോർമിപാം റുയിവ, ബികാഷ് യുമനം, അമേയ് റണവാഡെ, ഫാലോ എൻഡിയായെ എന്നിവരും, മധ്യനിരയിൽ ഊർജ്ജസ്വലതയുമായി വിബിൻ മോഹനൻ, സാഹിൽ തവോറ എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി അണിനിരക്കും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌ക്വാഡ്
ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് അൻവർ ഷെയ്ഖ്, അൽ സാബിത്ത്.
പ്രതിരോധ നിര: സന്ദീപ് സിംഗ്, ഹോർമിപാം റുയിവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻ ഡോഹ്ലിംഗ്, ബികാഷ് യുമനം, ഫാലോ എൻഡിയായെ, നവോച്ച സിംഗ് ഹുയിഡ്രോം, അമേയ് റണവാഡെ, സുമിത് ശർമ്മ.
മധ്യനിര: ഫ്രെഡി ലല്ലാവ്മൗമ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ തവോറ, പോൾ റാംഫാങ്‌സൗവ, നെബോജ്ഷ കൊസോവിച്ച്, ജോയൽ ലാൽറമെങ്മാവിയ, എബിൻദാസ് യേശുദാസൻ.
മുന്നേറ്റ നിര: കോറോ സിങ്, ആന്ദ്രെ ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, ശ്രീകുട്ടൻ എം.എസ്, റാംലുൻഛുങ്ങ, മോമോ യാൻസാനെ.
പരിശീലക സംഘം
- ഹെഡ് കോച്ച്: ആഷ്ലി വെസ്റ്റ്വുഡ്
- അസിസ്റ്റന്റ് മാനേജർ: ഹാസ്‌നി അൽജോഫ്രി
- അസിസ്റ്റന്റ് കോച്ച്: അമിത് റാണ
- ഗോൾകീപ്പിംഗ് കോച്ച്: ഫെലിക്‌സ് ഡിസൂസ
Content Highlights: Kerala Blasters FC announced a 28-member balanced squad for the new ISL season., First match is against Inter Kashi FC at Balewadi Stadium, Pune., Team is led by head coach Ashley Westwood., Key players include Adrian Luna, Andre Green, Momo Yansane, and Amrinder Singh.
Published: 10 Oct 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented