ന്യൂഡൽഹി: ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകർക്കായി അതിശയിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ). 2026-27 സീസണിലെ എല്ലാ മത്സരങ്ങളും യൂട്യൂബിലൂടെ സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യും. സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ ഒഴിവാക്കി കൂടുതൽ ഫുട്‌ബോൾ ആരാധകരിലേക്ക് മത്സരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് അധികൃതർ ഈ തീരുമാനം എടുത്തത്. ഇത്തവണത്തെ സീസൺ ഒക്ടോബർ 10-ന് ആരംഭിക്കും.
ഡിജിറ്റൽ സ്ട്രീമിങ് പങ്കാളിയായി യൂട്യൂബിനെ ഉൾപ്പെടുത്തിയതോടെ ആരാധകർക്ക് പ്രത്യേക വരിസംഖ്യയോ സബ്സ്‌ക്രിപ്ഷനോ ഇല്ലാതെ തന്നെ മത്സരങ്ങൾ കാണാൻ സാധിക്കും. യൂട്യൂബിന് പുറമേ സോണിലിവ് ഒടിടി പ്ലാറ്റ്ഫോമിലും ഡിജിറ്റൽ സംപ്രേഷണം ലഭ്യമായിരിക്കും. പുതിയ സീസണിലെ ആകെ 163 മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി തത്സമയം ലഭ്യമാകും. ഇന്ത്യക്ക് പുറത്തുള്ള ആഗോള ഫുട്‌ബോൾ പ്രേമികളിലേക്ക് തത്സമയ സംപ്രേക്ഷണം എത്തിക്കാൻ യൂട്യൂബ് പങ്കാളിത്തം സഹായിക്കും.
മുൻ സീസണിലെ ദൈർഘ്യം കുറഞ്ഞ ഒറ്റ ലെഗ് മത്സരരീതിക്ക് പകരം പരമ്പരാഗത ഹോം-ആൻഡ്-എവേ ഫോർമാറ്റിലേക്ക് ഐഎസ്എൽ തിരിച്ചെത്തുകയാണ്. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ നീണ്ടുനിൽക്കുന്ന എട്ട് മാസത്തോളമുള്ള ടൂർണമെന്റാണ് ഇത്. ആദ്യ ഘട്ടത്തിൽ ജനുവരി 17 വരെ 78 മത്സരങ്ങൾ നടക്കും. ആദ്യ ഘട്ടത്തിലെ 53 മത്സരങ്ങളും വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ലീഗിന്റെ ചരിത്രത്തിലെ കന്നി ഗോവ ഡെർബിക്ക് ഈ സീസൺ സാക്ഷ്യം വഹിക്കും. ചർച്ചിൽ ബ്രദേഴ്സും എഫ്.സി ഗോവയും തമ്മിലാണ് ഈ മത്സരം. ജംഷേദ്പുർ എഫ്.സിയെ ഏറ്റെടുത്താണ് ചർച്ചിൽ ബ്രദേഴ്സ് ലീഗിലേക്ക് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ചർച്ചിൽ ബ്രദേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി, എഫ്.സി ഗോവ, ഇന്റർ കാശി എഫ്.സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ഒഡീഷ എഫ്.സി, പഞ്ചാബ് എഫ്.സി, സ്‌പോർട്ടിങ് ക്ലബ് ഡൽഹി എന്നീ ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
2025-26 ഇന്ത്യൻ ഫുട്‌ബോൾ ലീഗ് നേടി പ്രൊമോഷൻ നേടിയ ഡയമണ്ട് ഹാർബർ എഫ്.സിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഫീ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ സീസണിൽ പോയിന്റുകൾ നേടാൻ അവർക്ക് യോഗ്യതയുണ്ടാകില്ല, പോയിന്റ് പട്ടികയിൽ അവർ അവസാന സ്ഥാനത്തായിരിക്കും. 2027-28 സീസണിൽ ഐഎസ്എൽ പദവി നഷ്ടപ്പെട്ട് അവർ തിരികെ ഇന്ത്യൻ ഫുട്‌ബോൾ ലീഗിലേക്ക് മടങ്ങും.
Content Highlights: All ISL 2026-27 matches will be streamed live and free on YouTube without any subscription fees., The new season kicks off on October 10 and runs until May 2027., The tournament returns to the traditional home-and-away format featuring 163 matches., SonyLIV will also serve as a digital streaming partner.
Published: 07 Oct 2026, 07:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented