മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സമീപകാലപ്രകടനങ്ങളെ പുകഴ്ത്തി ലിവര്‍പൂള്‍ പരിശീലകന്‍ യൊര്‍ഗന്‍ ക്ലോപ്പ്. യുണൈറ്റഡ് മികച്ച ഫുട്‌ബോളാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ ക്ലോപ്പ് അവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച യുണൈറ്റഡുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലിവര്‍പൂള്‍ പരിശീലകന്റെ പ്രതികരണം.

To advertise here,

'യുണൈറ്റഡ് സ്വന്തമാക്കിയ താരങ്ങളെ നോക്കുകയാണെങ്കില്‍  അടുത്ത 20-വര്‍ഷത്തേക്കുള്ള ടീമല്ല അവരുടേത്. ഇപ്പോഴത്തേക്കുള്ളതാണ്. പക്ഷേ ഇപ്പോള്‍ വളരെ മികച്ചവരാണവര്‍.' - ക്ലോപ്പ് പറഞ്ഞു

'ഒരു റിസല്‍ട്ട് മെഷീനായി അവര്‍ മാറിയിരിക്കുന്നു. ഗംഭീര പ്രകടനങ്ങളുമായി നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. അവര്‍ മുഴുവനായും ലീഗ് നേടാനുള്ള പോരാട്ടത്തിലാണ്.'- ക്ലോപ്പ് അഭിപ്രായപ്പെട്ടു

സൂപ്പര്‍താരം മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ പ്രകടനത്തേയും ക്ലോപ്പ് പ്രശംസിച്ചു. 

'ലിവര്‍പൂള്‍ പരിശീലകനായിരിക്കുമ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ നല്ലകാര്യങ്ങളെക്കുറിച്ച് സന്തോഷിക്കാനാവില്ല. പക്ഷേ റാഷ്‌ഫോര്‍ഡിന്റെ പ്രകടനത്തില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. കഴിഞ്ഞ വര്‍ഷം താരത്തിന് മോശം പ്രകടനമായിരുന്നു. എന്നാലിപ്പോള്‍ അവിശ്വസനീയപ്രകടനമാണ് കാഴ്ചവെക്കുന്നത്.'- ക്ലോപ്പ് പറഞ്ഞു

യുണൈറ്റഡിനെ കൂട്ടായി പ്രതിരോധിക്കണമെന്നും റാഷ്‌ഫോര്‍ഡ് മാത്രമല്ല ചുവന്ന ചെകുത്താന്മാരുടെ ലോകോത്തരതാരമെന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കിയ യുണൈറ്റഡ് 24 മത്സരങ്ങളില്‍ നിന്ന് 49 പോയന്റോടെ ലീഗില്‍ നിലവില്‍ മൂന്നാമതാണുള്ളത്. 25 മത്സരങ്ങളില്‍ നിന്ന് 60 പോയന്റുമായി ആഴ്‌സണലാണ് പട്ടികയില്‍ തലപ്പത്ത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 55 പോയന്റോടെ മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാമതാണ്.