ഇൻഡോർ: പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസാഞ്ജിന്റെ ഇൻഡോറിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിയിൽ നാല് ഗാനങ്ങൾ ആലപിക്കുന്നതിന് വിലക്ക്. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വരികൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 'പട്യാല പെഗ്', '5 താരാ', ‘കേസ്’, 'ജാട്ട് ഫയർ കർദാ' എന്നീ ഗാനങ്ങൾക്കാണ് ഇൻഡോർ ജില്ലാ ശിശുസംരക്ഷണ വിഭാഗം വിലക്കേർപ്പെടുത്തിയത്.

To advertise here,

നവംബർ 15-ന് സംഘടിപ്പിക്കുന്ന 'ഓറ ഇന്ത്യ ടൂറി'ന്റെ ഭാഗമായാണ് ദിൽജിത് ദൊസാഞ്ജ് ഇൻഡോറിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ ഓഫീസർ നവംബർ ആറിന് പരിപാടി നടക്കുന്ന സ്ഥലത്തെ മാനേജർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകുകയായിരുന്നു.

അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പ്രവേശനമുള്ള പരിപാടിയിൽ ഇത്തരം ഗാനങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ സ്വാധീനം ചെലുത്തുമെന്ന് കാണിച്ചാണ് നടപടി. ചണ്ഡീഗഡ് സ്വദേശിയായ ഡോ. പണ്ഡിത് റാവു ധാരേനാവർ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ ലൈവ് ഷോകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത് തടയണമെന്ന 2019 ജൂലായിലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.