
''ഒരു മാനേജരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം വിലയിരുത്തലാണ്. ഒരു വിജയത്തിന് ശേഷം മാത്രമല്ല, പരാജയത്തിന് ശേഷം പ്രത്യേകിച്ചും. ദിവസവും കണ്ണാടിയിൽ നോക്കി 'ഇതിലും മികച്ചതായി എന്ത് ചെയ്യാനാവുമായിരുന്നു' എന്ന് സ്വയം ചോദിക്കണം.'' - ഹോസെ മൗറീന്യോ.
''മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിൽ ഹോസെ ഗ്രാൻഡ്മാസ്റ്ററാണ്. ആളുകൾ ശൈലികളെക്കുറിച്ച് സംസാരിച്ചേക്കാം, എന്നാൽ അദ്ദേഹത്തിന്റെ ശൈലി ജയിക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളെ മറ്റാരെക്കാളും നന്നായി തരണം ചെയ്യുന്നതെങ്ങനെ എന്ന അറിവുമാണ്.'' - കാർലോ ആഞ്ചലോട്ടി.
പതിമൂന്നു വർഷം മുമ്പ്, വലിഞ്ഞുമുറുകിയ റയൽ മാഡ്രിഡ് ഡ്രസിംഗ് റൂം വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ഹോസെ മൗറീന്യോ പിന്നീട് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. തുടക്കത്തിലെ അസൂയാവഹമായ വിജയങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ടീമുകൾ പരിചിതഗർത്തങ്ങളിലേക്ക് കൂപ്പുകുത്തി, രണ്ടാമതൊന്നാലോചിക്കാതെ മാനേജുമെന്റുകൾ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിലെയും ടോട്ടനത്തിലെയും തിരിച്ചടികൾക്ക് ശേഷം ഒരു വിഭാഗം വിമർശകരും കളിവിദഗ്ധരും പുതിയ കാലത്തേക്ക് വണ്ടി കിട്ടാത്ത 'കാലഹരണപ്പെട്ട കോച്ച്' എന്ന് മൗറീന്യോയെ വിശേഷിപ്പിച്ചു.
നെപ്പോളിയൻ വരുന്നു...! മൗറീന്യോ വീണ്ടും റയലിൽ, കാത്തിരിക്കുന്നത് സാമ്രാജ്യമോ വാട്ടർലൂവോ?
ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ ശീലങ്ങളിൽ നിന്നും വിടുതി നേടുക എളുപ്പമല്ല. അവിശ്വസനീയമായ നേട്ടങ്ങൾ സമ്മാനിച്ച ചില രീതികൾ ദുശ്ശീലങ്ങളായി പരിണമിച്ചാൽ പോലും അവയെ ഒഴിവാക്കാൻ കഴിയാത്തതിനു കാരണം പലപ്പോഴും സത്യസന്ധമായ ആത്മപരിശോധനയ്ക്കും വസ്തുനിഷ്ഠമായ വിശകലനത്തിനും കഴിയാത്തതാണ്. പക്ഷേ, സ്പെഷൽ വണ്ണിന് അതും സാധിച്ചുവെന്നു തോന്നുന്നു. 'എനിക്ക് പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ സമയം കിട്ടി. എന്റെ കരിയറിലുടനീളം ഞാൻ പല തെറ്റുകളും വരുത്തിയിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇനി ആ തെറ്റുകൾ ഞാൻ ആവർത്തിക്കില്ല. പക്ഷേ, പുതിയ തെറ്റുകൾ വരുത്തിയേക്കാം' എന്ന് പിൽക്കാലത്ത് അദ്ദേഹം പറഞ്ഞു.
അതേസമയം, പരിശീലകനെന്ന നിലയിൽ തന്റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യം എപ്പോഴുമുണ്ടായിരുന്നു അദ്ദേഹത്തിന്. റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിനെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ; ''ഏറ്റവും മുന്തിയ പരിശീലകനാവുന്നതാണ് എന്റെ യഥാർത്ഥ തലത്തിലേക്കുള്ള തിരിച്ചുവരവ്; ലോകത്തിലേക്കും വലിയ ക്ലബ്ബുകളെ പരിശീലിപ്പിക്കുന്നതാണ് എന്റെ തലം. എന്നെ നിർമിച്ചിരിക്കുന്നത് കടുത്ത സമ്മർദങ്ങളെയും വമ്പൻ സ്റ്റേഡിയങ്ങളെയും ഭീമൻ പ്രതീക്ഷകളെയും നേരിടാനാണ്.''
പോർട്ടോയിലെ ആ മഹാത്ഭുതം; ബാഴ്‌സയെ അരിഞ്ഞുവീഴ്ത്തിയ മൗറീന്യോ വീണ്ടും റയലിലെത്തുമ്പോൾ
എഎസ് റോമയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ലോകത്തിലെ ഏറ്റവും മുന്തിയ അഞ്ചുലീഗുകളും 'തിരസ്‌കരിച്ച' മൗറീന്യോ ആറുമാസത്തിനകം പുതിയ ജോലിയിൽ പ്രവേശിച്ചു- തുർക്കിയിലെ ഫെനർബാച്ചിയിൽ. ഒരു വർഷത്തിനു ശേഷം ബെൻഫിക്കയിൽ. റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിനുള്ള വീണ്ടെടുപ്പാരംഭിച്ചത് താരതമ്യേന ചെറിയ ഈ രണ്ടു ക്ലബുകളിൽ നിന്നാണ്. ''ഫുട്ബോൾ മാറുന്നു, കളിക്കാർ മാറുന്നു, സമൂഹവും മാറുന്നു. പത്തു വർഷം മുമ്പ് വിജയിച്ച തന്ത്രങ്ങളിൽ തന്നെ തറഞ്ഞുനിന്നാൽ നിങ്ങൾ ഇല്ലാതായിപ്പോകും. സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുത്താതെ തന്നെ സ്വന്തം ശൈലികളെ മാറ്റിയെടുക്കാൻ തയ്യാറാകണം'' എന്ന് അദ്ദേഹം പിന്നീടു പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ രീതികൾ പുതുക്കിപ്പണിഞ്ഞു.
ആക്രമണ ഫുട്ബോളിനെ തന്റെ പഴുതറ്റ പ്രതിരോധവുമായി സമന്വയിപ്പിച്ച മൗറീന്യോയുടെ പുതിയ തന്ത്രം വിമർശകരെപ്പോലും വിസ്മയിപ്പിച്ചു. അതിനു ഫലവുമുണ്ടായി. കരാർ റദ്ദാക്കൽ വ്യവസ്ഥ (release clause) ഉപയോഗിച്ച് ബെൻഫിക്കയിൽ നിന്നും അദ്ദേഹത്തെ റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസ് വിലയ്ക്കെടുത്തത് വിവേകപൂർണമെന്ന് തോന്നിക്കുന്ന വിശ്വാസ്യത അവിടെയാണ് പുനർനിർമിക്കപ്പെട്ടത്. സ്വന്തം പിഴവുകളെ വിശകലനം ചെയ്ത് അവയെ തിരുത്താനും പുതിയ കാലത്തിന്റെ അതിവേഗ ഫുട്ബോളിനോട് പൊരുത്തപ്പെടാനും തയ്യാറായ മൗറീന്യോയ്ക്ക് തുല്യം നിൽക്കാൻ പറ്റുന്നവർ ഇന്നും ലോകഫുട്ബോളിൽ ആരുമില്ലെന്ന ബോധ്യമാണ് പെരെസിന്റെ ചൂതാട്ടത്തിന് കാരണമായത്.
നിശബ്ദമായ വീണ്ടെടുപ്പ്
ദീർഘകാലമായി ഒരു ലീഗ് കിരീടത്തിന് കൊതിയോടെ കാത്തിരിക്കുന്ന ഫെനർബാച്ചെക്ക് ചില മെച്ചങ്ങളുണ്ടായിരുന്നു.
1. മികച്ച സാമ്പത്തികശേഷി.
2. ഇംഗ്ലണ്ടിന്റെയോ ഇറ്റലിയുടെയോ കടുത്ത മാധ്യമശ്രദ്ധയും അതു കാരണമുള്ള അമിതസമ്മർദവുമില്ല.
3. കടുത്ത മത്സരത്തിന്റെ അന്തരീക്ഷം.
ഇസ്താംബൂളിലെ ആവേശഭരിതരായ ആരാധകർ അദ്ദേഹത്തിന് പുതിയ ജീവൻ നൽകി. തന്റെ വിജയങ്ങൾക്ക് അടിത്തറയായ, അദ്ദേഹത്തിന് അനിവാര്യമായ 'ലോകം മുഴുവൻ നമുക്കെതിരാണ്' ('സീജ് മെന്റാലിറ്റി') എന്ന വികാരം അദ്ദേഹം അവിടെയും വളർത്തിയെടുത്തു. ആദ്യഘട്ടത്തിൽ ചെൽസിയിലും റയലിലും കണ്ടതുപോലെ കോച്ചിനു വേണ്ടി കൊല്ലാനും ചാകാനും തയ്യാറായ ചാവേറുകളുടെ സംഘമായി ഫെനർബാച്ചെ.
ടോക്സിക് ഡ്രസ്സിങ് റൂമുകളിൽ തകർന്ന പ്രഭാവലയം; 'സ്പെഷൽ വണ്ണി'നെ തള്ളി പുറത്താക്കുമ്പോൾ
പക്ഷേ, പുനർനിർമാണം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. കണക്കുകളിൽ ഗംഭീരമെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ ടീമിന് കിരീടമൊന്നും കിട്ടിയില്ല. ഗലറ്റസറേയ്ക്കു പിന്നിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി ഫെനർബാച്ചെ. റെക്കോഡ് പ്രതിഫലം വാങ്ങി ചുമതലയേറ്റ മൗറീന്യോയ്ക്ക് ടീമിന്റെ ട്രോഫിവരൾച്ച അവസാനിപ്പിക്കാനോ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനോ സാധിച്ചില്ല. റഫറിമാരുമായും മാധ്യമങ്ങളുമായും അദ്ദേഹം നിരന്തരം വഴക്കിട്ടത് മാനേജ്മെന്റിന് തലവേദനയായി മാറി. പക്ഷേ, മൗറീന്യോയുടെ വരവ് തുർക്കി ലീഗിനും (സൂപ്പർ ലീഗ്) ഫെനർബാച്ചെയ്ക്കും അഭൂതപൂർവ്വമായ ആഗോള മാധ്യമശ്രദ്ധയും വ്യൂവർഷിപ്പും സമ്മാനിച്ചു. തുർക്കി അധ്യായത്തിലെ പ്രധാനപ്പെട്ട ഒരു നേട്ടം സംഘർഷങ്ങളില്ലാത്ത യഥാർത്ഥ മത്സരാവേശമുള്ള ഡ്രസ്സിംഗ് റൂം സൃഷ്ടിക്കാൻ തനിക്ക് ഇപ്പോഴും കഴിയുമെന്ന് മൗറീന്യോ തെളിയിച്ചതാണ്.
ഫുട്ബോൾ മാനേജരായി രണ്ടായിരാമാണ്ടിൽ കരിയർ തുടങ്ങിയ ബെൻഫിക്കയിൽ 25 വർഷത്തിനു ശേഷമാണ് മൗറീന്യോ വീണ്ടുമെത്തിയത്, 2025 സെപ്തംബറിൽ. ആദ്യ ഊഴം വലിയ പരാജയമായിരുന്നു, വളരെപ്പെട്ടെന്ന് അതവസാനിച്ചു. ''എന്റെ കരിയറിലെയും ജീവിതത്തിലെയും വ്യത്യസ്തമായ ഒരു ഘട്ടത്തിലാണ് ഞാൻ ബെൻഫിക്കയിലേക്ക് വരുന്നത്... കൂടുതൽ പരോപകാര ബോധവും നിസ്വാർത്ഥതയുമുണ്ട്. എന്നെക്കുറിച്ചല്ല, മറ്റുള്ളവർക്ക് എന്തു നന്മ ചെയ്യാനാണ്, സന്തോഷം പകരാനാണ് പറ്റുക എന്നാണ് കൂടുതൽ ചിന്തിക്കുന്നത്. ഞാനല്ല, ബെൻഫിക്കയാണ് പ്രധാനം.''-അദ്ദേഹം പറഞ്ഞു.
രണ്ടാമൂഴം പ്രതീക്ഷകളെ കവച്ചുവെച്ചതിൽ ആ മനോഭാവമാറ്റവും വലിയ പങ്കുവഹിച്ചിരിക്കാം. അതു കൂടാതെ തന്ത്രങ്ങളിലും പെരുമാറ്റത്തിലും മൗറീന്യോ വലിയ മാറ്റങ്ങൾ വരുത്തി. തന്റെ ട്രേഡ്മാർക്കായ ശക്തമായ പ്രതിരോധവും ഒഴുക്കുള്ള ആക്രമണവും ചേരുന്ന സമ്മിശ്ര ശൈലിയാണ് അദ്ദേഹം അവിടെ പുറത്തെടുത്തത്. ഫോർവേഡുകൾക്ക് മൗറീന്യോ പൂർണസ്വാതന്ത്ര്യം നൽകിയത് വിംഗ് ബാക്കുകൾക്ക് മുന്നേറി കളിക്കാനും ടീം വലിയ വിജയങ്ങൾ നേടാനും സഹായകമായി. പ്രതിരോധമികവിന്റെ അടിത്തറയിൽ യുവതാരങ്ങളുടെ ആക്രമണശേഷിയെ പരമാവധി പുറത്തെടുക്കാൻ മൗറീന്യോയ്ക്ക് സാധിച്ചു. അത് ടീമിന്റെ മത്സരഫലങ്ങളിൽ ദൃശ്യമായി. അപരാജിതമായി 23 മത്സരങ്ങൾ, ഇതിൽ 11 എണ്ണം സമനിലയിൽ കലാശിച്ചു. എന്നിട്ടും ലീഗിൽ മൂന്നാംസ്ഥാനമേ കിട്ടിയുള്ളൂ. (ഒരു കളിയും തോൽക്കാതിരുന്നിട്ടും ട്രോഫിയില്ലാത്ത സീസൺ യൂറോപ്പിൽ അപൂർവമാണ്.) എന്തായാലും പരിശീലകനെന്ന നിലയിൽ മങ്ങിയിരുന്ന അന്തസ്സ് വീണ്ടെടുക്കാൻ മൗറീന്യോയ്ക്ക് കഴിഞ്ഞു.
റയൽ മാഡ്രിഡ് തിരിച്ചുവിളിക്കുമ്പോഴേക്കും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണം 'തകർന്നുപോയ ഇതിഹാസം' എന്നതിൽ നിന്ന് 'പുനർജനിക്കുന്ന പ്രതിഭ' എന്നതിലേക്ക് മാറിയിരുന്നു. ഇനി റയൽ മാഡ്രിഡിൽ!
രണ്ടാമൂഴത്തിലെ വെല്ലുവിളികൾ
പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്ന നല്ലകാലം പിന്നിട്ട പരിശീലകന് വിജയിക്കാനാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരം അത്രയ്ക്ക് നിരാശാജനകമല്ല. കാർലോ ആഞ്ചലോട്ടിയെ നോക്കാം. റയൽ മാഡ്രിഡിൽ അദ്ദേഹത്തിന്റെ രണ്ടാമൂഴം 2021-ൽ തുടങ്ങി. ചാമ്പ്യൻസ് ലീഗ് വിജയം നോക്കിയാൽ ആദ്യത്തേതിനെക്കാൾ മുന്നിലായിരുന്നു രണ്ടാമൂഴം. പരിചിതമായ പ്രായോഗിക പ്രതിരോധാത്മകതയെ ആക്രമണഫുട്ബോളുമായി അദ്ദേഹം കോർത്തിണക്കി. സിനദിൻ സിദാന്റെ രണ്ടാംവരവും വലിയ വിജയമായിരുന്നു. ഇരുവരും തന്ത്രപരമായ വിപ്ലവത്തേക്കാൾ കളിക്കാരെ മാന്യമായി കൈകാര്യം ചെയ്യുന്നതിലും അന്തഛിദ്രമില്ലാത്ത ഡ്രസിംഗ് റൂം അന്തരീക്ഷം നിലനിർത്തുന്നതിലും വിജയിച്ചവരാണ്.
മൗറീന്യോയുടെ തിരിച്ചുവരവ് വളരെ വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ പശ്ചാത്തലം തന്നെ കാരണം. ആഞ്ചലോട്ടിയും സിദാനും വീണ്ടുമെത്തുമ്പോൾ പരിശീലകരെന്ന നിലയിൽ അവരുടെ നിലവാരത്തെയും രീതികളെയും കുറിച്ച് മൗറീന്യോ നേരിടുന്നത്ര പരസ്യമായ സന്ദേഹവും വിമർശനങ്ങളുമില്ലായിരുന്നു. തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗുകൾ നേടിക്കൊണ്ടാണ് സിദാൻ ആദ്യ ഊഴം അവസാനിപ്പിച്ചത്. ആഞ്ചലോട്ടിയും തിരിച്ചെത്തിയത് കൂടുതൽ തിളക്കമാർന്ന സൽപ്പേരുമായാണ്. അതിനാൽ ഈ രണ്ടാമൂഴം മൗറീന്യോയ്ക്ക് വലിയൊരു വെല്ലുവിളിയാണ് ഹിതപരിശോധനയാണ് എന്നതിൽ സംശയമില്ല. പക്ഷേ, മൗറീന്യോയുണ്ടാക്കിയ അടിത്തറയിലാണ് രണ്ടാം ഗാലക്ടിക്കോസ് സൃഷ്ടിക്കപ്പെട്ടതും ആഞ്ചലോട്ടിയും സിദാനും ചേർന്ന് ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയതെന്നും അദ്ദേഹത്തിന്റെ ആരാധകർ ചൂണ്ടിക്കാണിക്കുന്നു. റയലുമൊത്ത് ചാമ്പ്യൻസ് ഗീര് കിരീടം നേടിയിട്ടില്ലെങ്കിലും ഫുട്ബോൾ പ്രേമികളുടകണ്ണിൽ അവരെക്കാൾ എത്രയോ ഉയരത്തിലാണ് സ്പെഷൽ വൺ!
മൗറീന്യോയുടെ ആദ്യ ഊഴത്തിൽ കണ്ട അതേ അന്തരീക്ഷമാണ് ഇപ്പോഴും ബെർണബ്യുവിൽ. ലാ ലിഗയിൽ സർവാധിപത്യം പുലർത്തിയ പെപ് ഗ്വാർഡിയോളയുടെ ബാർസെലോണയ്ക്കു മുമ്പിൽ പരിക്ഷീണരായി നിന്ന റയലിനെ എന്തിനും പോന്ന പട്ടാളമാക്കി മാറ്റാനാണ് അന്ന് മൗറീന്യോയെ കൊണ്ടുവന്നത്. ഇന്റർ മിലാനൊപ്പം ട്രെബിൾ നേടിയെത്തിയ അഹങ്കാരിയായ അന്നത്തെ 'സ്പെഷൽ വൺ' തിരിച്ചടികളിൽ നിന്ന് പാഠം പഠിച്ച പക്വതയുള്ള ഗുരുവും വഴികാട്ടിയും ആകുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം. അതിനുള്ള വിഭവങ്ങളും പണപ്പെട്ടിയും അദ്ദേഹത്തിനു മുന്നിലുണ്ട്. റയൽ മാഡ്രിഡിന്റെ ഇപ്പോഴത്തെ ടീം യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ നിരകളിലൊന്നാണ്. ഇതിലും പരിമിതമായ വിഭവങ്ങൾ വെച്ച് മഹാത്ഭുതങ്ങൾ കാണിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.
വിങ്ങറായി 19-കാരനായ യാൻ ഡിയോമാണ്ടേയെ ആർ ബി ലെയ്പ്സിഗിൽ നിന്നും കൊണ്ടുവരുന്നത് ടീമിന്റെ പ്രധാനപ്പെട്ട ഒരു ദൗർബല്യത്തെ പരിഹരിക്കുന്നു. ഒരുപക്ഷേ, ഗാരെത് ബെയ്ലിനു ശേഷം റയലിനു കിട്ടുന്ന മികച്ച വലതുവിംഗറാണ് ഈ കൗമാരതാരം. ബുണ്ടെസ്‌ലിഗയിലെ 'റൂക്കി ഓഫ് ദി സീസൺ' പുരസ്‌കാരം നേടിയ ഐവറികോസ്റ്റുകാരനായ ഡിയാമാണ്ടേ മൗറീന്യോയുടെ തന്ത്രങ്ങളിൽ നിർണായകമാവും. ആഞ്ചലോട്ടിയുടെ അവസാന കാലത്തെ ഏറ്റവും വലിയ തലവേദന ഇടതുവശത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന കിലിയൻ എംബാപ്പെയെയും വിനീഷ്യസ് ജൂനിയറിനെയും എങ്ങനെ ഒന്നിച്ചു കളിപ്പിക്കും എന്നതായിരുന്നു. അതിനാൽ കുറച്ചുകാലമായി റയലിന്റെ ആക്രമണങ്ങൾ ഭൂരിഭാഗവും ഇടതുവശത്തു കൂടിയായിരുന്നു.
ചില സ്വഭാവങ്ങളുണ്ട്. ഏറ്റവും അപകടം പിടിച്ച സമയത്ത് നമ്മുടെ അനുവാദമില്ലാതെ പൊന്തിവരുന്ന ചില ശീലങ്ങൾ. തകർന്ന ടീമുകളെ ക്ഷമയോടെ പടുത്തുയർത്താൻ മൗറീന്യോയോളം പോന്ന തന്ത്രജ്ഞനില്ല, കളിക്കാരെ പ്രചോദിപ്പിച്ച് അവരെ പൂർണതയിലെത്തിക്കാൻ അദ്ദേഹത്തോളം പോന്ന 'മനശാസ്ത്രജ്ഞരില്ല', കളിക്കാരുടെ സമ്പൂർണമായ വിധേയത്വം സമ്പാദിച്ച പരിശീലകരില്ല. പക്ഷേ, കേടുപാടുകൾ പരിഹരിച്ച് കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ടീമിൽ സൈ്വരത്തോടെ അധികകാലം മുന്നോട്ടുപോകാൻ അശാന്തമായ മനസ്സ് അദ്ദേഹത്തെ സമ്മതിക്കാറില്ല. എന്നതാണ് ഇതുവരെയുള്ള അനുഭവം. ആദ്യവരവിൽ റയൽ ആരാധകരെപ്പോലും അകറ്റിയ, ഡ്രസിംഗ് റൂമിനെ തകർത്ത അധികാരപ്രകടനവും കലഹപ്രിയത്വവും വിവാദ പത്രസമ്മേളനങ്ങളും പരസ്യമായ വിഴുപ്പലക്കലും തിരിച്ചുവരുമോയെന്ന് ഫുട്ബോൾ ലോകം കൗതുകത്തോടെ നോക്കുന്നു.
പണ്ട് ഞാൻ ജയിക്കാൻ വേണ്ടി മാത്രമാണ് പോരാടിയിരുന്നത്. പക്ഷേ, ഇന്ന് ഈ കളിയോടുള്ള സ്നേഹം കൊണ്ടാണ് പോരാടുന്നത്' എന്ന് ബെർണബ്യുവിലെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ മൗറീന്യോ പറഞ്ഞത് എത്രത്തോളം ശരിയായിരുന്നു എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. ഒന്നുറപ്പാണ്, എൽ ക്ലാസിക്കോ പോലും വിരസമായി തുടങ്ങിയ ലാ ലിഗയിൽ അദ്ദേഹത്തിന്റെ വരവ് തീ പടർത്തും.
(അവസാനിച്ചു)
Content Highlights: Mourinho returns to Real Madrid in 2026 following stints at Fenerbahce and Benfica., Transition from 'win-at-all-costs' mentality to a more balanced, mature managerial style., Tactical shift: Integrating strong defense with fluid attack and empowering young stars like Yan Diomande., The challenge of managing high-profile egos like Mbappe and Vinicius Jr., Aims to revitalize La Liga excitement and restore his legacy at the Bernabeu.
Published: 08 Aug 2026, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented