കൊൽക്കത്ത: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരേ പൊരുതിക്കളിച്ചെങ്കിലും എതിരില്ലാത്ത നാലുഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ബ്രസീലിനായി സാമുവൽ ലിനോ ഇരട്ടഗോൾ (58, 90+5) നേടി. എസ്റ്റാവൊ വില്യൻ (28), പെഡ്രോ (42) എന്നിവരും സ്‌കോർചെയ്തു. മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യ വീറുറ്റ പോരാട്ടമാണ്‌ കാഴ്ചവെച്ചത്‌. മൂന്ന് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചു. മത്സരത്തിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയ ഒരുപിടി നിമിഷങ്ങളുമുണ്ടായി. മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീൽ താരത്തെ നട്‌മെഗ് ചെയ്യുന്നതാണ് വീഡിയോയിൽ.

To advertise here,

മൈതാനമധ്യത്ത് നിന്ന് സഹതാരത്തിന് പാസ് നൽകാനുള്ള ബ്രസീൽ താരത്തിന്റെ ശ്രമം പാളി. പന്ത് സഹൽ പിടിച്ചെടുത്തു. എന്നാൽ പന്ത് പൂർണമായും നിയന്ത്രണത്തിലാക്കാൻ സഹലിനായില്ല. അതോടെ സഹലും ബ്രസീൽ താരങ്ങളും പന്തിനായി പോരാടി. പിന്നീട് പന്തുമായി മുന്നേറാൻ തുടങ്ങുന്നതിനിടെ ഡഗ്ലസ് സാന്റോസ് സഹലിന്റെ അടുത്തേക്ക് ഓടിയെത്തി. താരത്തെ വിജദഗ്ധമായി നട്‌മെഗ് ചെയ്ത് സഹൽ മുന്നേറി. സഹലിന്റെ ഈ പ്രകടനം കണ്ട് ഗാലറിയിലെ ആരാധകർ ആർപ്പുവിളിച്ചു. ഇത് കൂടാതെ ഇന്ത്യൻ മുന്നേറ്റതാരങ്ങളായ റയാൻ വില്ല്യംസും മൻവീറും നടത്തിയ മികച്ച നീക്കങ്ങളും മത്സരത്തിൽ ശ്രദ്ധേയമായി.

ഇന്ത്യൻ ടീമിലെ നാല് മലയാളിതാരങ്ങളിൽ മൂന്ന് പേരും ആദ്യഇലവനിൽ ഇടംപിടിച്ചു. സഹലിനെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലും ആഷിഖ് കുരുണിയനെ വിങ്ങറാക്കിയും കളിപ്പിച്ചു. ബിജോയ് വർഗീസിനെ സെൻട്രൽ ബാക്ക് സ്ഥാനത്തും കളിപ്പിച്ചു. മറ്റൊരുതാരമായ മുഹമ്മദ് സനാൻ രണ്ടാം പകുതിയിൽ ആഷിഖിന് പകരക്കാരനായി ഇറങ്ങി. ബ്രസീലിനെതിരേ മികച്ചരീതിയിൽ കളിച്ച ഇന്ത്യൻ മധ്യനിരയിൽ മിന്നലാട്ടങ്ങൾ നടത്താൻ സഹലിനായി. ആദ്യപകുതിയിൽ പ്രതിരോധത്തിൽ നന്നായി കളിച്ച ബിജോയ് രണ്ടാം പകുതിയിൽ വരുത്തിയ പിഴവിൽ നിന്നാണ് ബ്രസീൽ മൂന്നാം ഗോൾ നേടിയത്. 59-ാം മിനിറ്റിൽ സഹലിനെ പിൻവലിച്ച് പരിശീലകൻ ഖാലിദ് ജമീൽ എഡ്മുണ്ട് ലാൽറിൻഡികയെ ഇറക്കി.