ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 2013ൽ തിരികെ എത്തുമ്പോഴും ഹൊസ്സെ മൗറീന്യോയുടെ 'സ്‌പെഷൽ വൺ' പ്രഭാവലയത്തിന് വലിയ കോട്ടം സംഭവിച്ചിരുന്നില്ല. എങ്കിലും ആ അജയ്യ പരിവേഷത്തിന് റയലിൽ വെച്ചു തന്നെ വിള്ളൽ വീണു തുടങ്ങിയിരുന്നു. പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണയ്‌ക്കെതിരെ നേടിയ 'രക്തപങ്കിലമായ' വിജയങ്ങൾ ആഘോഷിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് താഴ്ന്നുതുടങ്ങിയത് ഫുട്‌ബോൾ ലോകം ശ്രദ്ധിച്ചില്ലെന്നു വേണം പറയാൻ. പോർട്ടോയ്ക്കും ഇന്ററിനുമൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ മൗറിന്യോയ്ക്ക് റയലിലെ മൂന്നു സീസണിലും സെമിഫൈനൽ കടക്കാൻ കഴിഞ്ഞിരുന്നില്ല.

To advertise here,

മൗറിന്യോയെ രണ്ടാം വരവിൽ ചെൽസി വീരോചിതമായി സ്വീകരിച്ചു. 2014-15 സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടി അദ്ദേഹം ആ വരവ് ന്യായീകരിച്ചെന്ന് തോന്നി. പക്ഷേ, മാസങ്ങൾക്കകം ചെൽസി തരംതാഴ്ത്തൽ ഭീഷണിയുടെ അടുത്തെത്തി! ലീഗ് ചാമ്പ്യനായി ഏഴുമാസത്തിനകം ഉണ്ടായ വിശദീകരിക്കാനാവാത്ത ആ തകർച്ച 2015 ഡിസംബറിൽ ക്ലബ് മൗറിന്യോയെ പുറത്താക്കുന്നതിലവസാനിച്ചു. മൗറിന്യോയും ടീമും തമ്മിലുള്ള ബന്ധം സമ്പൂർണമായി തകർന്നതാണ് കാരണം. റയൽ മാഡ്രിഡിൽ തുടങ്ങിയ 'രോഗം' അദ്ദേഹം പിന്നീട് ചുമതലയേറ്റ മിക്കവാറും ടീമുകളിൽ ആവർത്തിച്ചു, ഉജ്ജ്വലമായി ആരംഭിച്ച ശേഷമുണ്ടാവുന്ന പെട്ടെന്നുള്ള, പലപ്പോഴും വിശദീകരിക്കാനാവാത്ത തകർച്ച.

Read More: പോർട്ടോയിലെ ആ മഹാത്ഭുതം; ബാഴ്സയെ അരിഞ്ഞുവീഴ്ത്തിയ മൗറീഞ്ഞോ വീണ്ടും റയലിലെത്തുമ്പോൾ

വർദ്ധിച്ചുവരുന്ന പ്രായത്തെയും മാറുന്ന കാലത്തെയും അതിജീവിച്ച് കരിയറിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ മികവ് കാട്ടിയ ഒരുപിടി ഇതിഹാസ പരിശീലകരുണ്ട്. 60 വയസ്സ് പിന്നിട്ടിട്ടും റയൽ മാഡ്രിഡിന് വലിയ വിജയങ്ങൾ സമ്മാനിച്ച കാർലോ ആഞ്ചലോട്ടിയെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാല് പതിറ്റാണ്ട് നയിച്ച ശേഷം വിരമിക്കുമ്പോഴും ഇംഗ്ലീഷ് ഫുട്‌ബോളിലെ രാജാവായിരുന്ന സർ അലക്‌സ് ഫെർഗൂസണെയും പോലെ. വാശിയും അഹങ്കാരവും മാറ്റിവെച്ച്, പുതിയ കാലത്തിനനുസരിച്ച് സ്വയം മാറാനും പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും തയ്യാറായതാണ് അവരുടെ വിജയരഹസ്യം. അപ്പോൾ പ്രായമല്ല മൗറിന്യോയെ ബാധിച്ചത്. ഒരുപക്ഷേ, വളരെ ചെറുപ്പത്തിൽ നേടിയ വമ്പൻ വിജയങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചതാകാം.

തനിക്കു തെറ്റുപറ്റില്ലെന്ന അമിതമായ ആത്മവിശ്വാസം അദ്ദേഹത്തെ അഹങ്കാരിയാക്കിയെന്നു വേണം കരുതാൻ. അദ്ദേഹത്തെ ചെറുപ്രായത്തിൽ അവിശ്വസനീയ ഉയരങ്ങളിലെത്താൻ സഹായിച്ച അതേ ഗുണങ്ങൾ-അമിതമായ ആത്മവിശ്വാസം, ലോകം മുഴുവൻ തങ്ങൾക്കെതിരാണെന്ന് വിശ്വസിപ്പിച്ച് റഫറിമാരെയും ഫുട്‌ബോൾ അധികൃതരെയും പ്രതിക്കൂട്ടിലാക്കുന്ന, മുറിവേറ്റ പുലിക്കുട്ടികളെപ്പോലെ പൊരുതാൻ കളിക്കാരെ പ്രേരിപ്പിക്കുന്ന രീതി, മാധ്യമങ്ങളെ ഉപയോഗിച്ച് എതിർടീമുകളെ കടന്നാക്രമിക്കുന്ന ശീലം- ഇതൊക്കെ നല്ല കാലത്ത് മുതൽക്കൂട്ടായിരുന്നെങ്കിലും ചീത്ത കാലത്ത് വലിയ തിരിച്ചടികളായി. മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിസമ്മതം കൂടിയായപ്പോൾ അവ സ്വയംനശീകരണ തന്ത്രങ്ങളായി മാറുകയായിരുന്നു.

Read More: നെപ്പോളിയൻ വരുന്നു…! മൗറീഞ്ഞോ വീണ്ടും റയലിൽ, കാത്തിരിക്കുന്നത് സാമ്രാജ്യമോ വാട്ടർലൂവോ?

ജീവിതത്തിൽ അനിവാര്യമായ ചീത്ത കാലം വന്നപ്പോൾ ആത്മപരിശോധനയ്ക്കു പകരം താൻ അജയ്യനാണെന്ന കെട്ടുകഥയിൽ കൂടുതൽ വിശ്വസിക്കാനാണ് മൗറിന്യോ ശ്രമിച്ചത്. നല്ല കാലത്ത് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങൾ ആഘോഷമായിരുന്നു, അവ ആരും മിസ്സാക്കിയില്ല. മാധ്യമങ്ങൾക്ക് തലക്കെട്ടാക്കാൻ പറ്റിയ എന്തെങ്കിലുമുണ്ടാവും. ഒരു ഗംഭീര ഉദ്ധരണി, വിവാദപരമായ ഒരഭിപ്രായം, എല്ലായ്‌പ്പോഴും. പക്ഷേ, പിൽക്കാലത്ത് പത്രസമ്മേളനം അദ്ദേഹത്തിനു തന്നെ മടുത്തെന്ന് തോന്നിച്ചു. ഒരുകാലത്ത് ജനപ്രിയ വിനോദമായിരുന്ന മൗറിന്യോയുടെ പ്രസ് കോൺഫറൻസ്, ടോട്ടനത്തിന്റെയും റോമയുടെയും കാലമായപ്പോഴേക്കും വിനോദമൂല്യമുള്ള ഒരു പ്രകടനത്തേക്കാൾ വിശകലനം ചെയ്യപ്പെടേണ്ട രോഗലക്ഷണമായി മാറി. അദ്ദേഹത്തിന്റെ ആകർഷകമായ നാടകീയത തന്റെയും ടീമിന്റെയും പിഴവുകളുടെ വിരസമായ പ്രതിരോധത്തിലേക്ക് വഴുതി.

ടോക്‌സിക് ഡ്രസ്സിങ് റൂമുകൾ

ചെൽസിയിലെ ദുരന്തം പിന്നീട് മാഞ്ചെസ്റ്റർ യുണൈറ്റഡിലും ടോട്ടനത്തിലും ആവർത്തിച്ചു. തുടക്കത്തിലെ മികച്ച മുന്നേറ്റത്തിനു പിന്നാലെ 'അടിച്ചു പിരിയുന്ന' ഡ്രസ്സിങ് റൂമുകൾ, മാനേജ്‌മെന്റുമായി പരസ്യയുദ്ധം, ഒടുവിൽ പുറത്താക്കൽ. വലിയ വ്രണങ്ങളവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അക്കാലത്ത് ക്ലബ്ബുകൾ വിട്ടത്. മൗറിന്യോയ്ക്കു ശേഷം സ്പാനിഷ് ദേശീയടീമിൽ കളിക്കുന്ന റയൽ മഡ്രിഡ്, ബാഴ്സലോണ താരങ്ങൾ പരസ്പരം സംസാരിക്കില്ലായിരുന്നു! അത്രമേൽ ശത്രുതയുടെ, വിദ്വേഷത്തിന്റെ അന്തരീക്ഷമാണ് മൗറിന്യോ റയലിലുണ്ടാക്കിയത്. ശുദ്ധമായ, സുന്ദരമായ ഗ്വാർഡിയോള ഫുട്‌ബോളിന്റെ ആധിപത്യം തകർക്കാനും ടീമിനെ പോയിന്റു നേട്ടത്തിൽ റെക്കോഡുമായി ലീഗ് കിരീടത്തിലേക്കു നയിക്കാനും സാധിച്ചെങ്കിലും അദ്ദേഹം കുത്തിവെച്ച വെറുപ്പിന്റെ വിഷം റയലിനെയും തകർത്തു. ആ വിഷമയമായ അന്തരീക്ഷം കുറച്ചുകാലത്തേക്ക് അദ്ദേഹത്തെ അനുധാവനം ചെയ്തു.

പോർട്ടോയിലും ചെൽസിയിലെ ഒന്നാം ഊഴത്തിലും വിജയത്തിന്റെ അടിസ്ഥാന ശിലയായിരുന്നു അദ്ദേഹം ടീമിലുണ്ടാക്കുന്ന, പുറംലോകം മുഴുവൻ തങ്ങൾക്കെതിരാണെന്ന തോന്നൽ (സീജ് മെന്റാലിറ്റി). വിജയതൃഷ്ണയുള്ള ചെറുപ്പക്കാരുടെ സംഘങ്ങളെ ഒറ്റക്കെട്ടാക്കാൻ ആ തന്ത്രത്തിനു കഴിഞ്ഞു. മൗറിന്യോയുടെ ആദ്യ സീസണിൽ (2016-17) മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രീമിയർ ലീഗിൽ ആറാംസ്ഥാനമേ നേടാനായുള്ളൂവെങ്കിലും യൂറോപ്പ ലീഗ് കിരീടം ഉൾപ്പെടെ രണ്ട് കിരീടങ്ങൾ നേടി ക്ലബ്ബിന് വിജയസംസ്‌കാരം തിരിച്ചുപിടിക്കാനായി. രണ്ടാം സീസണിൽ രണ്ടാമതെത്തെത്തിയ ടീമിനെ അടുത്ത സീസണിൽ അദ്ദേഹം ലീഗ് കിരീടത്തിലേക്ക് നയിക്കുമെന്നാണ് കരുതിയതെങ്കിലും ഫുട്‌ബോൾ പ്രേമികളെ ഞെട്ടിച്ച തകർച്ചയാണ് പിന്നീടുണ്ടായത്.

വൈസ് ക്യാപ്റ്റനായ പോൾ പോഗ്ബയുമായുള്ള ശീതസമരമായിരുന്നു പ്രധാന വില്ലൻ. പോഗ്ബയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതും, പരിശീലനത്തിനിടയിലെ വാക്‌പോരും, കളിക്കാർക്ക് മുന്നിൽ വെച്ച് അദ്ദേഹത്തെ 'വൈറസ്' എന്ന് വിളിച്ചതുമെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായി. ആന്റണി മാർഷൽ, ലൂക്ക് ഷോ തുടങ്ങിയ യുവതാരങ്ങളെയും അദ്ദേഹം പരസ്യമായി വിമർശിച്ചു. ആവശ്യപ്പെട്ട പ്രതിരോധനിരക്കാരെ വാങ്ങിനൽകാത്തതിൽ രോഷാകുലനായ മൗറിന്യോ, ക്ലബ്ബിനെയും കളിക്കാരെയും നിരന്തരം പരസ്യമായി കുറ്റപ്പെടുത്തി. ടോട്ടനത്തിനെതിരായ അപമാനകരമായ തോൽവിക്കുശേഷം മാധ്യമപ്രവർത്തകർക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി, 'ഇവിടുത്തെ മറ്റു 19 കോച്ചുമാർ ആകെ നേടിയതിനേക്കാൾ പ്രീമിയർ ലീഗ് ഞാൻ ഒറ്റയ്ക്ക് നേടിയിട്ടുണ്ട്, എന്നെ ബഹുമാനിക്കൂ' എന്ന് അദ്ദേഹം ആക്രോശിച്ചു. മത്സരഫലത്തെ വിശകലനം ചെയ്യുന്നതിനു പകരം പണ്ടുനേടിയ വിജയങ്ങൾ പറഞ്ഞ് സ്വയം പ്രതിരോധിക്കാനാണ് മൗറിന്യോ ശ്രമിച്ചത്.

കളിക്കളത്തിൽ അമിതപ്രതിരോധത്തിലൂന്നിയ വിരസമായ ഫുട്‌ബോളാണ് യുണൈറ്റഡ് കളിച്ചത്. ജയിക്കുമ്പോൾ പോലും ആരാധകർ അസംതൃപ്തരായി. ഒടുവിൽ 2018 ഡിസംബറിൽ ചിരവൈരികളായ ലിവർപൂളിനോട് പരാജയപ്പെട്ട് ലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ക്രിസ്മസിന് തൊട്ടുമുൻപ് മാനേജ്‌മെന്റ് മൗറിന്യോയെ പുറത്താക്കി. പോർട്ടോയിലും ഇന്ററിലും അദ്ദേഹം സ്വീകരിച്ചിരുന്ന കടുത്ത പ്രതിരോധാത്മക ശൈലിയെ ന്യായീകരിക്കുക ബുദ്ധിമുട്ടല്ലായിരുന്നു. അത്രയ്ക്ക് ദരിദ്രമായിരുന്നു ആ ടീമുകളുടെ വിഭവശേഖരം. പക്ഷേ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിൽ പെടുന്ന യുണൈറ്റഡിലും റയലിലും ഇതേ ശൈലി ആവർത്തിച്ചത് ആ ക്ലബ്ബുകളുടെ പരമ്പരാഗതമായ പ്രതിച്ഛായയോടും സ്വത്വത്തോടും പൊരുത്തപ്പെട്ടില്ല. ഗാലക്ടിക്കോ പാരമ്പര്യമുള്ള റയലിൽ നിന്ന് ആക്രമണോത്സുക ഫുട്‌ബോൾ പ്രതീക്ഷിച്ച ആരാധകർക്ക് പന്തുകളിയുടെ ആനന്ദമില്ലാത്ത കടലാസിലെ വിജയങ്ങൾ മാത്രം പോരായിരുന്നു.

താഴോട്ടിറക്കവും പുനർജനിയുടെ സൂചനകളും

2018 ഡിസംബറിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള പുറത്താക്കൽ മൗറിന്യോയുടെ കരിയറിലെ ഏറ്റവും വലിയ താഴ്ചകളിലൊന്നാണ്. ആ പുറത്താക്കലിൽ അസ്വാഭാവികമായി ആരും ഒന്നും കണ്ടില്ല, അദ്ദേഹത്തിന്റെ ഭാഗം പറയാൻ ആരും ഉണ്ടായില്ല. ഓൾഡ് ട്രാഫോർഡിൽ നിന്ന് പടിയിറങ്ങുമ്പോൾ 'സ്‌പെഷൽ വൺ' എന്ന മൗറിന്യോ പരിവേഷം ഛിന്നഭിന്നമായിരുന്നു. പോച്ചെറ്റിനോയ്ക്ക് പകരക്കാരനായി 2019 നവംബറിൽ ടോട്ടനത്തിൽ എത്തിയ മൗറിന്യോയ്ക്ക് കിട്ടിയത് ക്ഷതമേറ്റ ടീമിനെയാണ്. ടോട്ടനത്തിന്റെ ഒരു പതിറ്റാണ്ടിലേറെയായുള്ള കിരീടവരൾച്ച അവസാനിപ്പിക്കാനാണ് ക്ലബ്ബ് ഉടമ ഡാനിയൽ ലെവി മൗറിന്യോയെ കൊണ്ടുവന്നത്.

ഹാരി കെയിൻ-സൺ ഹ്യൂങ് മിൻ സഖ്യത്തെ അതിവേഗ പ്രത്യാക്രമണ ശൈലിയിലേക്ക് മാറ്റി തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന് തെളിയിച്ച മൗറിന്യോയ്ക്ക് 2020 അവസാനം ടോട്ടനത്തെ ഏതാനും ആഴ്ചകൾ ലീഗ് പട്ടികയിൽ ഒന്നാമതെത്തിക്കാനായി. എന്നാൽ കളിക്കാരുടെ പരിക്കും ടീമിന്റെ പ്രതിരോധ പിഴവുകളും ബാധിച്ചതോടെ അടുപ്പിച്ച് മത്സരങ്ങൾ തോറ്റ ടീം, ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിവുപോലെ ടീമിലെ പ്രമുഖ കളിക്കാരുമായുള്ള മൗറിന്യോയുടെ ബന്ധം വഷളായി. മഹാമാരിക്കാലവും അദ്ദേഹത്തിന്റെ കഷ്ടകാലത്തിൽ പങ്കു വഹിച്ചിരിക്കാം. തുടർന്ന് 2021 ഏപ്രിലിൽ ജയിക്കുമെന്ന് കരുതിയിരുന്ന ലീഗ് കപ്പ് ഫൈനലിന് ആറുദിവസം മുമ്പ് അദ്ദേഹത്തെ ടോട്ടനം പുറത്താക്കി. മൗറിന്യോയ്ക്ക് ക്ലബ്ബിന് പുറത്തുനിന്ന് ആ ഫൈനൽ കാണേണ്ടിവന്നു. എന്തെങ്കിലും കെട്ടിപ്പടുക്കാൻ കഴിവുള്ള, അത് പൂർത്തിയാക്കാൻ കഴിയാത്ത മാനേജർ എന്ന ചിത്രമാണ് അത് അവശേഷിപ്പിച്ചത്.

ടോട്ടനത്തിൽ നിന്നും 2021 മേയിൽ മൗറിന്യോ ഇറ്റാലിയൻ ക്ലബ്ബായ എ.എസ് റോമയിലെത്തി. റയലിലും ഇംഗ്ലണ്ടിലും ലഭിക്കാത്ത ഒന്ന് കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത ആ ക്ലബ്ബിലുണ്ടായിരുന്നു: കിരീടങ്ങൾക്കായി ദാഹിക്കുന്ന ആരാധകർ. കരിയറിന്റെ തുടക്കത്തിലെന്ന പോലെ മൗറിന്യോ സംവിധാനത്തോടും മേലാളൻമാരോടും പടവെട്ടുന്ന കീഴാള പോരാളിയായി സ്വയം വീണ്ടെടുത്തു. റോമ ആരാധകരുമായി അദ്ദേഹം സൃഷ്ടിച്ച വൈകാരികബന്ധം ചെൽസിയിലെ ആദ്യകാലത്തെ ഓർമ്മിപ്പിച്ചു. 2022-ൽ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം നേടി. അതോടെ പ്രധാനപ്പെട്ട എല്ലാ യൂറോപ്യൻ ക്ലബ്ബ് കിരീടങ്ങളും നേടുന്ന ആദ്യമാനേജരായ അദ്ദേഹം ടീമിനെ 2023ൽ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ചു. ഫലങ്ങൾ മോശമായപ്പോൾ 2024 ജനുവരിയിൽ കരാർ അവസാനിക്കും മുമ്പേ റോമ അദ്ദേഹത്തെ പറഞ്ഞുവിട്ടു.

2024 ജനുവരിയിൽ പുറത്താക്കപ്പെട്ടെങ്കിലും റോമയിലെ നാളുകൾ മൗറിന്യോയിലെ പഴയ തന്ത്രജ്ഞനെ ഓർമ്മിപ്പിച്ചു. ഒരു നീണ്ട ലീഗ് സീസണിൽ ആധിപത്യം പുലർത്താൻ പഴയ തന്ത്രങ്ങൾ പോരാതെ വന്നേക്കാം. എന്നാൽ വലിയ നോക്കൗട്ട് മത്സരങ്ങൾ ജയിക്കാനും കളിക്കാരിൽ വീര്യം നിറയ്ക്കാനും തനിക്ക് ഇപ്പോഴും കഴിയുമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തു. പ്രതിഭാശാലികളായ കളിക്കാരെ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവിന് കോട്ടം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അർജന്റീനക്കാരൻ പൗലോ ഡിബാലയെ വീണ്ടും 'കണ്ടെത്തി' വിജയിപ്പിച്ചത്. ഡിബാലയെ റോമയിലേക്ക് എത്തിച്ച മൗറിന്യോ അയാളെ ആക്രമണ നിരയുടെ കേന്ദ്രബിന്ദുവായി മാറ്റി. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ ഡിബാലയുടെ മികവിൽ 2022-23 സീസണിൽ റോമയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിനായി. ഫൈനലിൽ സെവിയ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റെങ്കിലും, സാമ്പത്തിക പരിമിതികളുള്ള റോമയെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ യൂറോപ്യൻ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

സാധാരണക്കാർക്ക് അപ്രാപ്യമായ നേട്ടങ്ങൾ ചെറുപ്പത്തിലേ കരസ്ഥമാക്കുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളെല്ലാം മൗറിന്യോയ്ക്കുണ്ടായി എന്നുകാണാം. അഹങ്കാരവും ആത്മവിശ്വാസവും തമ്മിലെ വ്യത്യാസം തിരിച്ചറിയാനാവാത്ത അവസ്ഥ, പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം പുതുക്കാനുള്ള മടി, വിജയിച്ച ശീലങ്ങൾ തോൽവിക്കു വഴിവെച്ചാലും മാറ്റാൻ കഴിയാതിരിക്കൽ... അതിനെക്കാൾ വലിയ പ്രശ്‌നം സാധാരണ പരിശീലകരെ സംബന്ധിച്ചിടത്തോളം അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയാലും അതിനെ ലോകം (ഒരുപക്ഷ, മൗറിന്യോ സ്വയവും!) വേണ്ടത്ര മാനിക്കാത്ത സാഹചര്യമാണ്. യുണൈറ്റഡിലെ ഇരട്ട കിരീടവും റോമയിലെ ആദ്യ യൂറോപ്യൻ കിരീടവും ഉദാഹരണങ്ങൾ. റോമ പുറത്താക്കുമ്പോൾ ഒരു സൂപ്പർക്ലബ്ബിലേക്ക് വഴിയില്ലാത്ത, കാലത്തിനൊത്ത് മാറാൻ വിസമ്മതിക്കുന്ന 60 പിന്നിട്ട പഴയകാല മാനേജരായാണ് അദ്ദേഹത്തെ വലിയൊരു വിഭാഗം കണ്ടത്.

68-ാം വയസ്സിൽ ബയേൺ മ്യൂണിക്കിന് 'ട്രെബിൾ' കിരീടം നേടിക്കൊടുത്ത യപ്പ് ഹൈൻകെസിനെയും 69-ാം വയസ്സിൽ സ്‌പെയിനെ യൂറോ കപ്പ് വിജയത്തിലേക്ക് നയിച്ച ലൂയിസ് അറഗോണസിനെയും പോലെ പ്രായത്തെയും സ്വന്തം രീതികളെയും തോൽപ്പിച്ച് കാലത്തിനൊപ്പം മാറാൻ അദ്ദേഹത്തിന് കഴിയുമോ? തുർക്കിയിലെ ഫെനർബാഷെയിലും ജൻമനാട്ടിലെ ബെൻഫിക്കയിലും അദ്ദേഹത്തിനു മാറ്റം വന്നോ?

(തുടരും)