ന്യൂയോർക്ക്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനും വിഖ്യാത സ്ട്രീമറുമാണ് ഐഷോസ്പീഡ്. ഫുട്‌ബോൾ ലോകത്ത് ഏറെ ചർച്ചയായ 'സ്പീഡ് ശാപം' (Speed Curse) ഒടുവിൽ അർജന്റീന തകർത്തതായി അദ്ദേഹം സമ്മതിച്ചു. 2026 ഫിഫ ലോകകപ്പിൽ താൻ പിന്തുണച്ച ടീമുകളെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിൽ, ഈ ശാപം സത്യമാണോ എന്ന് പരീക്ഷിക്കാനാണ് അർജന്റീനയുടെ ജേഴ്‌സി ധരിച്ചതെന്ന് സ്പീഡ് വെളിപ്പെടുത്തി. എന്നാൽ സ്പീഡിന്റെ പ്രതീക്ഷകളെ തകർത്ത് അർജന്റീന സ്വിറ്റ്‌സർലൻഡിനെ തകർത്തു.

To advertise here,

ഓരോ ദിവസവും അന്ന് പിന്തുണയ്ക്കുന്ന ടീമിന്റെ ജേഴ്‌സി ധരിച്ചാണ് സ്പീഡ് മത്സരങ്ങൾക്കെത്തിയിരുന്നത്. എന്നാൽ സ്പീഡ് ഏത് ടീമിന്റെ ജേഴ്‌സി ധരിച്ചെത്തുന്നോ ആ ടീം തോൽക്കുമെന്നതായിരുന്നു സ്ഥിതി. ഇതോടെ സ്പീഡ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി ധരിക്കരുതേ എന്ന ഭീതിയിലായി ഫുട്‌ബോൾ ആരാധകർ. എന്നാൽ അർജന്റീന-സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ജേഴ്‌സി ധരിച്ചെത്തിയെങ്കിലും സ്വിറ്റ്‌സർലൻഡാണ് തോറ്റത്. ഇതോടെ ഈ ശാപക്കഥയ്ക്ക് വിരാമമായി.

മത്സരത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ തനിക്കെതിരെയുള്ള ശാപക്കഥകൾ അവസാനിച്ചതായി സ്പീഡ് തുറന്നുപറഞ്ഞു. ആ ശാപം അവസാനിപ്പിച്ചതിന് അർജന്റീനയെ അഭിനന്ദിക്കുന്നു. ഇത് സത്യമാണോ എന്നറിയാനാണ് അർജന്റീനയെ പിന്തുണച്ചിരുന്നതെന്നും കൂട്ടിച്ചേർത്തു. അർജന്റീന വിജയിച്ചതിൽ സ്പീഡ് ഒട്ടും സന്തുഷ്ടനല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്കിടയിലെ മെസി-ക്രിസ്റ്റിയാനോ പോരാട്ടത്തിൽ, ക്രിസ്റ്റിയാനോയുടെ ഏറ്റവും വലിയ ആരാധകനായാണ് സ്പീഡ് അറിയപ്പെടുന്നത്. ഇംഗ്ലണ്ട്-അർജന്റീന സെമി ഫൈനലിൽ താൻ ഇംഗ്ലണ്ടിന്റെ ജേഴ്‌സി ധരിക്കുമെന്നും ഇനി 'സ്പീഡ് ശാപം' നിലവിലില്ലെന്നും താരം മറ്റൊരു വീഡിയോയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്‌പെയിനോട് തോറ്റ് പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായപ്പോൾ യുട്യൂബ് ലൈവിനിടെ സ്പീഡ് പൊട്ടിക്കരഞ്ഞിരുന്നു. തോൽവിയിൽ തകർന്നിരുന്ന സ്പീഡിന് നേരെ സ്റ്റേഡിയത്തിന് പുറത്തുവെച്ച് ചില ആരാധകർ മെസ്സി എന്നുവിളിച്ച് പരിഹസിച്ചപ്പോൾ താരം അവരോട് വഴക്കിടാൻവരെ മുതിർന്നു.