
കോഴിക്കോട്: ബൂട്ടണിഞ്ഞ് ആരവങ്ങൾക്കിടയിലൂടെ മൈതാനത്തിറങ്ങാൻ ദിവസങ്ങൾമാത്രം ബാക്കി, കാലിക്കറ്റ് എഫ്.സി.യുടെ പ്രതിരോധം കാക്കാൻ റിജോൺ ജോസും ഗോൾവലയ്ക്കുമുന്നിലുണ്ടാവേണ്ടതായിരുന്നു. എന്നാൽ, ആദ്യമത്സരം നടക്കേണ്ട കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയം ഏറ്റുവാങ്ങിയതാകട്ടെ റിജോണിന്റെ മൃതദേഹവും.
വാഹനാപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്.സി.യുടെ പ്രതിരോധ താരം റിജോണിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് 4.30-യോടെയാണ് പൊതുദർശനത്തിനായത്തിച്ചത്. ക്ലബ് അധികൃതരും ആരാധകരും അടങ്ങുന്ന കായികപ്രേമികൾ റിജോണിനെ അവസാനാമായി കാണാൻ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ ക്ലബ്ബിലെ സഹതാരങ്ങൾ റിജോണിന്റെ മൃതദേഹത്തിനടുത്തു നിന്ന് വിങ്ങിപ്പൊട്ടി. ചിലർ റിജോണിന്റെ മുഖത്തുനോക്കാനാകാതെ
ഉള്ളുപിടഞ്ഞു കരഞ്ഞു. ക്ലബ്ബിന്റെ കോച്ച് അഡ്രിയാനോ ഡിമാൾഡെ, അസി. കോച്ച് ബിബി തോമസ്, ഗോൾ കീപ്പിങ് കോച്ച് നെൽസൺ തുടങ്ങിയവർ ഒന്നും മിണ്ടാനാകാതെ റിജോണിനെ അവസാനമായി നോക്കിനിന്നു.
പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് 29-കാരനായ ഡിഫൻഡറുടെ ദാരുണാന്ത്യം. 25-നാണ് ഈ സീസൺ ആരംഭിക്കുന്നത്. 26-ന് ഇ.എം.എസ്. സ്റ്റേഡിയ ത്തിൽ തിരുവനന്തപുരം കൊമ്പൻസിനെയായിരുന്നു കാലിക്കറ്റ് എഫ്. സി. നേരിടേണ്ടിയിരുന്നത്. 2024-ൽ നടന്ന ആദ്യ സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനമാണ് റിജോൺ കാഴ്ചവെച്ചിരുന്നത്.
ഇക്കഴിഞ്ഞ 18-നാണ് കാലിക്കറ്റ് എഫ്.സി. തങ്ങളുടെ ടീമംഗങ്ങളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രഖ്യാപനച്ചടങ്ങ് ആഘോഷപൂർവം ബീച്ചിൽ സംഘടിപ്പിച്ചത്. ഈ പരിപാടി നടന്ന സ്ഥലത്തു നിന്ന് ഏതാനും കിലോമീറ്ററുകൾ മാറിയാണ് റിജോണിന്റെ ജീവൻ നഷ്ടമായതും.
പരിശീലനത്തിനായി ദിവസങ്ങൾക്കുമുൻപാണ് റിജോൺ കോഴിക്കോട്ടെത്തിയത്. അവധിദിവസമായ ഞായറാഴ്ച രാത്രി സഹതാരം ഗനി അഹമ്മദ് നിഗത്തിനൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു റിജോൺ. രാത്രി പെയ്ത കനത്ത മഴയ്ക്കിടയിലാണ് ഗാന്ധിറോഡ് മേൽപ്പാലത്തിൽവെച്ച് അപകടമുണ്ടായത്. സംഭവത്തിൽ ടീം മാനേജർ ഇബ്നു ഹാരിസിന്റെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു.
റിജോണിന്റെ വേർപാടിൽ ക്ലബ് അനുശോചിച്ചു. കെ. ജയന്ത് എം.എൽ.എ., കൗൺസിലർമാരായ സി.പി. സലീം, സഫറി വെള്ളയിൽ, ശ്രീജ സി. നായർ, അനിതകുമാരി, കെ.ഡി.എഫ്.എ. ജില്ലാ സെക്രട്ടറി കെ. ഷാജേഷ്, വൈസ് പ്രസിഡന്റുമാരായ ഹൈദ്രോസ്, അബ്ദുൾ അസീസ് ആരിഫ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി. നിഖിൽ, വൈസ് പ്രസിഡന്റ് റോയ് ജോൺ, സെക്രട്ടറി പ്രഭു പ്രേംനാഥ്, ആസ്റ്റർ മിംസ് സി.ഇ.ഒ. ഡോ. ഗോപിനാഥ്, എസ്.എൽ.കെ. ക്ലബ്ബുകളായ മലപ്പുറം എഫ്.സി., കൊമ്പൻസ് തിരുവനന്തപുരം പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ബിനോജോസിന്റെ ഓർമ്മകൾ മായുംമുൻപേ...
കാലിക്കറ്റ് എഫ്.സി. ക്ലബ് സെക്രട്ടറിയായിരുന്ന ബിനോജോസ് ഈപ്പന്റെ വേർപാടിന്റെ ദുഃഖത്തിൽ നിന്ന് മുക്തമാകും മുൻേപയാണ് ക്ലബ് വീണ്ടുമൊരു ദുരന്തത്തെ അഭിമുഖീകരിക്കുന്നത്.
ബീച്ചിൽ ഈയിടെ നടന്ന ടീം പ്രഖ്യാപനച്ചടങ്ങിൽ ബിനോജോസിന്റെ ഓർമ്മകളാണ് നിറഞ്ഞു നിന്നത്. അദ്ദേഹത്തിന് പ്രണാമമർപ്പിച്ചാണ് അന്ന് പരിപാടി ആരംഭിച്ചത്. ബിനോ ജോസിന്റെ വേർപാടിന്റെ നടുക്കവും വേദനയും മാറിയിട്ടില്ലെന്ന് ടീം സ്ഥാപകൻ വി.കെ. മാത്യൂസ് അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ബിനോജോസ് ഈപ്പനെ കൊച്ചിയിൽ ഹോട്ടൽ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്ലബ്ബിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കാൻ അർജന്റീനയിലേക്ക് വിമാനം കയറാനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. ബിനോയുടെ വേർപാടിനൊപ്പം റിജോണിന്റെ ആകസ്മിക മരണവും ക്ലബ്ബിനെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Content Highlights: Calicut FC defender Rijohn tragically passed away in a road accident., His body was brought to EMS Corporation Stadium for public homage, drawing tearful teammates and fans., The team is deeply struck by this tragedy following the earlier demise of club secretary Bino Jose Eepan.
Published: 22 Sept 2026, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented