ഗുവാഹാട്ടി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോല്‍വി. ആദ്യ പകുതിയില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നല്‍കിയ മേധാവിത്വം ഇന്ത്യക്ക് നിലനിര്‍ത്താനായില്ല. എഴുപതു മിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങി.
സുനില്‍ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ന്. 37-ാം മിനിറ്റില്‍ ഗോള്‍ നേടി ഛേത്രി അതിന്റെ ആഘോഷം കൊണ്ടാടിയതുമാണ്. പക്ഷേ, രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിലെ കാലിടര്‍ച്ച ഇന്ത്യക്ക് വിനയായി. 36-ാം മിനിറ്റില്‍ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മന്‍വീര്‍ സിങ് നല്‍കിയ ക്രോസ് അഫ്ഗാന്‍ താരം അമിരി കൈകൊണ്ട് തടുത്തു. ഇതോടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ച്ചെന്ന് തറച്ചു. അഫ്ഗാന്‍ ഗോള്‍ക്കീപ്പര്‍ അസീസി വലതുവശത്തേക്ക് തന്നെ ചാടിയെങ്കിലും ഛേത്രിയുടെ ശക്തമായ ഷോട്ട് പ്രതിരോധിക്കാനായില്ല. ഇതോടെ ഇന്ത്യ മേധാവിത്വം പുലര്‍ത്തി (1-0).
ഇതോടെ കഴിഞ്ഞ അഞ്ചു കളികളില്‍ ഒരു ഗോള്‍ പോലുമടിക്കാനാവാത്ത ഇന്ത്യയുടെ വരള്‍ച്ച അവസാനിച്ചു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഛേത്രിയുണ്ടായിരുന്നെങ്കിലും ഗോളടിക്കാനായിരുന്നില്ല. 150-ാം മത്സരമെന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഛേത്രി ആ പ്രശ്‌നം പരിഹരിച്ചു.
അങ്ങനെ കളിയുടെ ഒന്നാം പകുതി ഇന്ത്യന്‍ മേധാവിത്വത്തോടെ അവസാനിച്ചു. 68-ാം മിനിറ്റില്‍ ഇന്ത്യ സുനില്‍ ഛേത്രി, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാസോ എന്നിവരെ കയറ്റി പകരം ലലിന്‍സുവാല ഛങ്‌തെ, നോറം മഹേഷ്, അനിരുദ്ധ് ഥാപ്പ എന്നിവരെയിറക്കി. കൃത്യം രണ്ട് മിനിറ്റു കഴിഞ്ഞ് അഫ്ഗാന്റെ ആദ്യ ഗോള്‍ വീണു. 70-ാം മിനിറ്റില്‍ അഫ്ഗാനിസ്താന്റെ തിരിച്ചടിയുണ്ടായി. മികച്ച ഒരു പ്രത്യാക്രമണത്തിലൂടെ അഫ്ഗാന്‍ ഇന്ത്യന്‍ വല കുലുക്കി. അഫ്ഗാന്‍ താരം റഹ്‌മത് അക്ബരി ഉതിര്‍ത്ത ഷോട്ട്, ഇന്ത്യന്‍ താരം രാഹുല്‍ ഭേക്കയുടെ കാലിനിടയിലൂടെ കടന്നുപോയി. ഇതോടെ അഫ്ഗാന്‍ ഒപ്പമെത്തി (1-1).
88-ാം മിനിറ്റില്‍ അഫ്ഗാന്‍ മുന്നേറ്റ താരത്തെ ബോക്‌സിനകത്ത് തടയാന്‍ ശ്രമിച്ചതിന് ഗുര്‍പ്രീത് സിങ് സന്ധു പെനാല്‍റ്റിയും മഞ്ഞക്കാര്‍ഡും വഴങ്ങി. കിക്കെടുത്ത ശരീഫ് മുഖമ്മദിന് പിഴച്ചില്ല. റെഗുലര്‍ സമയം അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ, ഗുവാഹാട്ടിയിലെ ഗാലറിയില്‍ നിറഞ്ഞ ഇന്ത്യക്കാരെ മുഴുവന്‍ നിരാശരാക്കി അഫ്ഗാന്‍ മുന്നിലെത്തി (2-1). ഛേത്രിയെ പിന്‍വലിച്ച ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകളും വഴങ്ങിയത്.
പിന്നീട് അതില്‍നിന്നുള്ള തിരിച്ചുവരവ് ഇന്ത്യക്ക് സാധ്യമായില്ല. അധികമായി നല്‍കിയ ആറ് മിനിറ്റിനുള്ളില്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് അഫ്ഗാനിസ്താനെ തോല്‍പ്പിക്കാനായില്ല എന്ന നാണക്കേട് ബാക്കിയായി. അഫ്ഗാനിസ്താനെതിരായ ആദ്യ പാദ മത്സരത്തില്‍ ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു.
Content Highlights: india vs afghanistan world cup qualifier
Published: 26 Mar 2024, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented