ഗുവാഹാട്ടി: അഫ്ഗാനിസ്താനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക് ഒരേയൊരു ലക്ഷ്യമാണ് മുന്നിലുള്ളത്. ജയിക്കുക, അതുവഴി 2026 ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയുടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത വർധിപ്പിക്കുക. അഫ്ഗാനിസ്താനെതിരായ രണ്ടാംപാദ മത്സരം ചൊവ്വാഴ്ച രാത്രി ഏഴിന് ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ. പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. രണ്ടാംസ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യം. ഗ്രൂപ്പ് എ-യിൽ കുവൈത്താണ് ഇന്ത്യക്ക് കാര്യമായ ഭീഷണിയുയർത്തുന്നത്. നിലവിൽ ഇന്ത്യക്ക് നാലുപോയിന്റും കുവൈത്തിന് മൂന്നുപോയിന്റുമാണുള്ളത്. അഫ്ഗാനിസ്താന് ഒരുപോയിന്റും. ഒന്നാമതുള്ള ഖത്തറിന് ഒമ്പത് പോയിന്റുണ്ട്.

To advertise here,

ലക്ഷ്യമില്ലാതെ ഇന്ത്യ

സൗദി അറേബ്യയിലെ അബഹയിൽ അഫ്ഗാനിസ്താനെതിരായ ആദ്യപാദ മത്സരത്തിൽ ഇന്ത്യ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ഗോളടിക്കാനാകാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ഒരുഗോൾ പോലുമടിക്കാനാകാതെ പരുങ്ങലിലാണ് ടീം. മുന്നേറ്റത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി അദ്ദേഹത്തിന് ലക്ഷ്യം കാണാനാകുന്നില്ല. കഴിഞ്ഞ മത്സരത്തിൽ വിക്രം പ്രതാപ് സിങ്ങായിരുന്നു ഛേത്രിക്ക് കൂട്ട്. ഗുവാഹാട്ടിയിൽ മഹേഷ് സിങ് ഛേത്രിക്കൊപ്പം ആദ്യഇലവനിൽ കളിച്ചേക്കും. മധ്യനിരയിൽ കളി മെനയാൻ ലാലിയൻ സുവാലെ ചാങ്‌തെ, ജീക്‌സൺ സിങ്, മൻവീർ സിങ് എന്നിവരുണ്ടെങ്കിലും സ്‌ട്രൈക്കറുടെ അഭാവം ഇന്ത്യയെ നിരാശപ്പെടുത്തുന്നു. അൻവർ അലി, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി തുടങ്ങിയവരുടെ പ്രതിരോക്കോട്ടയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികവുമാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തുണച്ചത്.

ഇതുവരെ 12 കളിയാണ് ഇന്ത്യയും അഫ്ഗാനും തമ്മിൽകളിച്ചത്. ഇതിൽ ഏഴിലും ജയം ഇന്ത്യക്ക്. ഒരുതവണ അഫ്ഗാനും. നാലെണ്ണം സമനിലയായി.

ചരിത്രത്തിലേക്ക് ഛേത്രി

: ചൊവ്വാഴ്ച ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിക്കാനിറങ്ങിയാൽ അത് ചരിത്രത്തിന്റെ ഭാഗമാകും. തന്റെ 150-ാം മത്സരത്തിനാണ് ഛേത്രി ഇറങ്ങുക. താരത്തിന് ആദരം നൽകുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന് മുമ്പായിരിക്കും ആദരിക്കൽ. ആദ്യമായാണ് ഒരു ഇന്ത്യൻതാരം 150 അന്താരാഷ്ട്ര മത്സരമെന്ന നാഴികക്കല്ല് പിന്നിടുന്നത്.

stats

സുനിൽ ഛേത്രി

വയസ്സ്- 39

സ്വദേശം- സെക്കന്തരാബാദ്, തെലങ്കാന

ജേഴ്‌സി നമ്പർ- 11

അന്താരാഷ്ട്ര മത്സരം- 149

അന്താരാഷ്ട്ര ഗോൾ- 93

അന്താരാഷ്ട്ര അരങ്ങേറ്റം- 2005 ജൂൺ 12 പാകിസ്താനെതിരേ

ആദ്യഗോൾ- 2005 ജൂൺ 12 പാകിസ്താനെതിരേ

ക്ലബ്ബുകൾ-

സിറ്റി ക്ലബ്ബ് ഡൽഹി, മോഹൻ ബഗാൻ, ജെ.സി.ടി., ഈസ്റ്റ് ബംഗാൾ, ഡെംപോ ഗോവ, കൻസാസ് സിറ്റി, ചിരാഗ് യുണൈറ്റഡ്, സ്പോർട്ടിങ് സി.പി. ബി (പോർച്ചുഗൽ), ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ സിറ്റി

ബെംഗളൂരു എഫ്.സി.

അവാർഡുകൾ- അർജുന അവാർഡ് (2011), പദ്മശ്രീ (2019), ഖേൽ രത്ന (2021)

നെഹ്‌റു കപ്പ്- മൂന്ന് (2007, 2009, 2012)

സാഫ് ചാമ്പ്യൻഷിപ്പ്- (2011, 2015, 2021, 2023)

റെക്കോഡുകൾ

എ.ഐ.എഫ്.എഫിന്റെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റവും കൂടുതൽ- ഏഴുവട്ടം

ഇന്ത്യക്കുവേണ്ടി കൂടുതൽ ഹാട്രിക്- നാലുവട്ടം

സാഫ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം ഗോൾ- 23 ഗോൾ